ബോളീവുഡിന്‍റെ മനസ് കൊണ്ട് അമ്മാനമാടിയ സംവിധായകനായിരുന്നു സഞ്ജയ് ലീല ബന്‍സാലി. എന്നാല്‍‘സാവരിയ’ പുറത്തിറങ്ങിയ ദിവസം മുതല്‍ രാജ്യത്തെ സിനിമ നിരൂപകരെല്ലാം സംഘടിതമായാണ് ബന്‍സാലിയെ നേരിട്ടത്. ബോളീവുഡ് തട്ടുപൊളിപ്പന്‍ ചിത്രമായ ഷാരൂഖിന്‍റെ ‘ഓം ശാന്തി ഓമിന്’ പാസ്മാര്‍ക്ക് നല്‍കിയവര്‍ ബന്‍സാലിയുടെ ‘സാവരിയ’യെ എഴുതി തള്ളി.
എന്നാല്‍ ഒടുവില്‍ സംവിധായന്‍ നേരിട്ട് രംഗത്തെത്ത് വിമര്‍ശകര്‍ക്ക് മറുപടി നല്‍കി. അനില്‍ കപൂറിന്‍റെ മകള്‍ പൂനത്തെയും ഋഷികപൂറിന്‍റെ മകന്‍ രണ്‍ബീറിനെയും അവതരിപ്പിച്ച ‘സാവരിയ’ തന്‍റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച വിജയമാണ് നേടിത്തരുന്നതെന്ന് സംവധായകന്‍ പറയുന്നു.
ചോദ്യം: ‘സാവരിയ’യുടെ വാണിജ്യവിജയത്തില്‍ സംതൃപ്തനാണോ?
ഉത്തരം: എന്നെ സംബന്ധിച്ചിടത്തോളം ‘സാവരിയ’ എന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരിക്കും. ബോളീവുഡിന് ഒരു പുതിയ സൂപ്പര്‍സ്റ്റാറിനെ അവതരിപ്പിക്കാനും എനിക്ക് കഴിഞ്ഞു.
ചോദ്യം: മറ്റ് ബന്‍സാലി ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ‘സാവരിയ’ തികച്ചും സിനിമാപരമായ പുതിയ അനുഭവമാണ്?
ഉത്തരം: വാണിജ്യ സിനിമയുടെ കളത്തിനുള്ളില്‍ നിന്നുകൊണ്ടുള്ള തികച്ചും നൂതനമായ ഒരു പരീക്ഷണമാണ് ‘സാവരിയ’ നടത്തിയത്. അതിന് എനിക്ക് ചിത്രത്തില്‍ പ്രവര്‍ത്തിച്ച എല്ലാവരുടേയും പിന്തുണ ലഭിച്ചു. തമാശ പറയുക എന്നതല്ല ഞാന്‍ സിനിമ ചെയ്യുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്‍റെ ഓരോ സിനിമയും ഓരോ പുതിയ ലോകം പ്രേക്ഷകര്‍ക്ക് മുന്നില്‍ സൃഷ്ടിക്കുന്നു. സങ്കല്‍പ ലോകത്താണ് ‘സാവരിയ’ സംഭവിക്കുന്നത്. പറയാന്‍ ആഗ്രഹിച്ചത് പോലെ തന്നെ സിനിമ ഒരുക്കാനായതിലും അത് ജനങ്ങളില്‍ എത്തിക്കാനായതിലും എനിക്ക് അഭിമാനമുണ്ട്.
ചോദ്യം: ‘സാവരിയ’ യിലെ സങ്കല്‍പ ലോകം ഏറെ ശ്രദ്ധിക്കപ്പെട്ടതായി തോന്നുന്നു?
ഉത്തരം: എന്‍റെ മനസില്‍ രൂപപ്പെട്ട സങ്കല്‍പലോകമാണ് ഞാന്‍ സൃഷ്ടിച്ചത്. ഒരു വേശ്യയുടെ കണ്ണിലൂടെ ഒരു പ്രണയകഥ പറയാനാണ് ഞാന്‍ ശ്രമിച്ചത്. എന്തുകൊണ്ടാണ് നമ്മള്‍ നിലവിലുള്ള ലോകത്തില്‍മാത്രം ചിത്രങ്ങള്‍ എടുക്കുന്നത്. ഇല്ലാത്ത ലോകത്തെ കുറിച്ചും സിനിമയെടുക്കുന്നതില്‍ എന്താണ് കുഴപ്പം.
ചോദ്യം:രണ്‍ബീര്‍ ഭാവിയിലെ സൂപ്പര്‍സ്റ്റാറായി ഉയര്‍ത്തപ്പെട്ടിരിക്കുകയാണല്ലോ?
ഉത്തരം: എനിക്ക് അവനെ കുറിച്ച് അഭിമാനമുണ്ട്. മികച്ച പ്രകടനമാണ് രണ്‍ബീര്‍ നടത്തിയത്. ഞാന്‍ ഉദ്ദേശിച്ചതെല്ലാം അനായാസമായി രംഗത്ത് എത്തിക്കാന്‍ രണ്‍ബീറിന് കഴിഞ്ഞു.
ചോദ്യം: പൂനത്തിനും ചിത്രത്തിലൂടെ നല്ല തുടക്കം ലഭിച്ചില്ലേ?
ഉത്തരം: ഡിമ്പിളിന് ശേഷം ബോളീവിഡില്‍ ഏറ്റവും മികച്ച തുടക്കം ലഭിച്ച നടിയായിരിക്കും പൂനം. വളരെ പ്രയാസമുള്ള കഥാപാത്രത്തെയാണ് പൂനം അവതരിപ്പിച്ചത്. ഒരുവര്‍ഷമായി ഒരാളെ കാത്തിരുന്ന് നരകിച്ച കഥാപാത്രം.
ചോദ്യം: ബോളിവുഡ് സിനിമ ഒരുക്കുന്നത് പൊട്ടിച്ചിരിക്കാനും സന്തോഷിപ്പിക്കാനും വേണ്ടി മാത്രമാണോ? അത്തരം സിനിമകള്‍ മാത്രമേ അംഗീകരിക്കപ്പെടുന്നുള്ളു എന്ന് തോന്നുന്നുണ്ടോ?
ഉത്തരം: ഒരിക്കലുമില്ല, ബോളീവുഡ് സിനിമയെ എഴുപതുകളിലേക്കും എണ്‍പുതുകളിലേക്കും മടക്കി കൊണ്ട് പോകാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. സ്വപ്നം കാണാന്‍ മടിയുള്ള ചില നിരൂപകരും അവര്‍ക്ക് കൂട്ടുണ്ട്. പ്രത്യേക അജണ്ട വച്ചു പുലര്‍ത്തികൊണ്ടുളള വിമര്‍ശനങ്ങള്‍ ചില ഭാഗത്ത് നിന്ന് ഉണ്ടാകുന്നു. നല്ല കലയെ ഒരിക്കലും മാറ്റി നിര്‍ത്താന്‍ ആര്‍ക്കും കഴിയില്ല. മദന്‍ മോഹനെ എഴുതി തള്ളാന്‍ എത്ര പേരാണ് ശ്രമിച്ചത്. ഇന്നും അദ്ദേഹത്തിന്‍റെ സംഗീതം നിലനില്‍ക്കുന്നു.
ചോദ്യം: സിനിമയുടെ വാണിജ്യവിജയം അങ്ങയിലെ സംവിധായകന്‍ ഗൗരവമായി കാണുന്നില്ലെന്നാണോ?
ഉത്തരം:പുതുമുഖങ്ങളുടെ സിനിമക്ക് ഇന്ത്യയില്‍ ഇന്നോളം കിട്ടിയിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ വരവേല്‍പ്പാണ് ‘സാവരിയ’ നേടിയത്. ഇന്ത്യയിലെ ഏറ്റവും വലിയ താരത്തിന്‍റെ ചിത്രത്തിനൊപ്പമാണ് ‘സാവരിയ’ റിലീസ് ചെയ്തത്. ‘സാവരിയ’ മന്ദതാളത്തിലാണെന്ന് ചിലര്‍ കുറ്റപ്പെടുത്തി, എന്നാല്‍ എന്‍റെ ശ്രമത്തെ അംഗീകരിച്ചവരും ഉണ്ട്. മാധ്യമങ്ങളുടെ ഉപജാപത്തിന് എന്‍റെ സിനിമയെ കൊല്ലാനാകില്ല. ഗുണപരമായ വിമര്‍ശനങ്ങള്‍ക്കും സംവാദത്തിനും ഞാന്‍ തയ്യാറാണ്. എന്നാല്‍ മുന്‍വിധിയൊടെയുള്ള വിമര്‍ശനങ്ങളെ ഞാന്‍ കാര്യമാക്കുന്നില്ല. തുടക്ക ദിവസങ്ങളില്‍ തന്നെ സിനിമക്ക് വന്‍ സ്വീകരണമാണ് ലോകത്ത് എല്ലായിടത്തു നിന്നും ലഭിച്ചത്.
|