മലയാളിയെ ഗൃഹാതുരതയിലേക്ക് മടക്കിക്കൊണ്ടുപോയ കഥാപാത്രമാണ് ‘നിവേദ്യ’ത്തിലെ പപ്പടക്കാരി സത്യഭാമ. അതുകൊണ്ട് തന്നെയാണ് ഗ്രാമീണസൌന്ദര്യം നിറഞ്ഞു നിന്ന സത്യഭാമയേയും അവളെ അവതരിപ്പിച്ച ഭാമയേയും മലയാളികള്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചത്. മലയാളത്തിലെ ശക്തനായ ചലച്ചിത്രകാരന്‍ ലോഹിത ദാസിന്‍റെ കണ്ടെത്തലായ ഭാമയ്‌ക്ക് മലയാള സിനിമയില്‍ തിരക്കേറുകയാണ്.ലോഹിതദാസിന്‍റെ ‘നിവേദ്യം’ ചാനല്‍ അവതാരകയായിരുന്ന ഭാമക്ക് മലയാള സിനിമയില്‍ നിന്ന് ലഭിച്ച നിവേദ്യമായിരുന്നു. കൈനിറയെ അവസരങ്ങളാണ് ഭാമയെ തേടി എത്തുന്നത്. ഭാമയുടെ രണ്ടാമത്തെ സിനിമ വിനയന്‍റെ ‘ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്‍’ എന്ന ചിത്രവും തകര്‍ക്കുകയാണ്. വിനീത് ശ്രീനിവാസന്‍റെ ആദ്യ ചിത്രമായ ‘സൈക്കിളിലും’ ഭാമയുണ്ട്. നിനച്ചിരിക്കാതെ കൈവന്ന സിനിമഭാഗ്യത്തെ കുറിച്ച് ഭാമ വാചാലയാകുന്നു.ചോദ്യം:ആദ്യമായി കാമറക്ക് മുന്നില്‍ എത്തിയപ്പോള്‍?ഉത്തരം: അഭിനയിക്കാതെ മടങ്ങി പോരാന്‍ തയ്യാറെടുത്താണ് ഞാന്‍ സെറ്റില്‍ എത്തിയത്. ലോഹിസാര്‍ എല്ല പിന്തുണയും നല്‍കുകയായിരുന്നു. അദ്ദേഹം പറഞ്ഞു തന്നത് മാത്രമാണ് ഞാന്‍ കാണിച്ചത്. അത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു.ചോദ്യം:‘നിവേദ്യ’ത്തിലേക്ക് അവസരം ലഭിച്ചത് എങ്ങനെ?ഉത്തരം: ടെലിവിഷനില്‍ ഞാന്‍ അവതരിപ്പിച്ച ഒരു പരിപാടി ലോഹിസാര്‍ കണ്ടു. അദ്ദേഹം പുതുമുഖങ്ങളെ തേടികൊണ്ടിരിക്കുകയായിരുന്നു. ഒരു സ്ഥിരം പരിപാടി ആയിരുന്നില്ലെങ്കിലും ലോഹിസാര്‍ അത് കാണാന്‍ ഇടയായത് വലിയ ഭാഗ്യമായി. അദ്ദേഹം എന്നെ വിളിക്കുകയായിരുന്നു.ചോദ്യം:ഭാമയും സത്യഭാമയും തമ്മില്‍ എന്താണ് സാദൃശ്യം?ഉത്തരം: ഭാമയുമായി ‘നിവേദ്യ’ത്തിലെ സത്യഭാമക്ക് സാദൃശ്യങ്ങള്‍ വളരെ കുറവാണ്. ഭാമ നാണം കുണുങ്ങും ധൈര്യം ഇല്ലാത്തവളുമാണ്. എന്‍റെ മനസിലുള്ള കാര്യങ്ങള്‍ തുറന്നു പറയാന്‍ തന്നെ എനിക്ക് പലപ്പോഴും കഴിയാറില്ല. സ്വന്തമായി ജോലി എടുത്ത് ജീവിക്കുന്ന ധൈര്യശാലിയാണ് സത്യഭാമ. ഭാമയും സത്യഭാമയും രണ്ടു ധ്രുവങ്ങളാണെന്ന് പറയാം.ചോദ്യം: ‘ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കനിലെ’ കഥാപാത്രം?ഉത്തരം: ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ മകളുടെ വേഷത്തിലാണ് ഞാന്‍ അഭിനയിക്കുന്നത്. പണക്കാരനായ അച്ഛന്‍റെ മകള്‍ ഇന്ദു. കുസൃതി നിറഞ്ഞ കഥാപാത്രമാണ് ഇന്ദു. ഇന്ദ്രജിത്ത്, ജയസൂര്യ, മണിക്കുട്ടന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.ചോദ്യം: ‘സൈക്കിളില്‍’?ഉത്തരം: വിനീത് ശ്രീനിവാസന്‍റെ നായികയായിട്ടാണ് സൈക്കിളില്‍ അഭിനയിക്കുന്നത്. വിനുമോഹന്‍, കാതല്‍ സന്ധ്യ എന്നിവരും അഭിനയിക്കുന്നു. ജീവിതത്തില്‍ സ്വന്തമായി നിരവധി പ്രശ്നങ്ങളുള്ള ആനി എന്ന കഥാപാത്രമാണ് എനിക്ക്. ധാരാളം സ്വപ്നം കാണുന്ന പെണ്‍കുട്ടികൂടിയാണ് ആനി. ചോദ്യം: തമിഴില്‍ നിന്നും ഓഫറുകള്‍ വരുന്നുണ്ടെന്ന് കേള്‍ക്കുന്നു?ഉത്തരം: ചില നല്ല കഥാപാത്രങ്ങള്‍ വന്നിട്ടുണ്ട്. പക്ഷെ മലയാളത്തില്‍ തന്നെ ശ്രദ്ധിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ആദ്യം മലയാളം പിന്നെ മതി തമിഴ്. ഞാനൊരു തുടക്കക്കാരിയല്ലേ.