കമല്‍ അഭിനയകലയിലെ വ്യക്തിത്വം
കമലാഹാസന്‍ എന്ന നടനെ ആദ്യം അംഗീകരിച്ചത് മലയാളി പ്രേക്ഷകരാണ്. മലയാളത്തില്‍ ചെയ്ത നായകവേഷങ്ങളുടെ പിന്തുണയുമാണ് തെന്നിന്ത്യയില്‍ കമല്‍ പടയോട്ടം ആരംഭിക്കുന്നത്. അടുത്തിടെ കേരളത്തിലെത്തിയപ്പോള്‍ തന്‍റെ അഭിനയ ജീവിതത്തിലെ പ്രധാന വേരുകള്‍ ഇപ്പോഴും മലയാളത്തില്‍ തന്നെയാണെന്ന് കമലാഹാസന്‍ വെളിപ്പെടുത്തി. മഹാനദിയുടേയും ഹേറാമിന്‍റെയും തിരക്കഥകളുടെ മലയാള പരിഭാഷയുടെ പ്രകാശന ചടങ്ങുകള്‍ക്ക് കേരളത്തിലെത്തിയ കമല്‍ ചലച്ചിത്രകാരന് അഭിപ്രായ സ്വാതന്ത്ര്യം എന്ന ഒന്ന് ഇല്ലെന്ന് തുറന്നു പറഞ്ഞത് ശ്രദ്ധിക്കപ്പെട്ടു. സ്വന്തം രാഷ്ട്രീയം സിനിമകളിലൂടെ പറയാന്‍ ശ്രമിച്ചാല്‍ താന്‍ കൊല്ലപ്പെട്ടേക്കാം എന്നും ഒരു പ്രമുഖ മലയാള ചാനലിന് നല്‍കി അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ചോദ്യം: കമലാഹാസന്‍ എന്നത് ഒരു നടന്‍റെ മാത്രം പേരല്ല, കവിത, കഥ, ഞെട്ടിപ്പിക്കന്ന ചിന്തകള്‍, തിരക്കഥ, നൃത്തം തുടങ്ങിയവ എല്ലാം അടങ്ങിയ സമഗ്രമായ വ്യക്തിത്വം. സിനിമയുടെ വെള്ളി വെളിച്ചത്തിന് പിന്നില്‍ വായനയുടെ ശക്തമായ അടിത്തറ എങ്ങനെ സംഭവിച്ചു ?
ഉത്തരം: എന്‍റെ കുടുംബത്തിലെ എല്ലാവരും സ്വന്തമായി അഭിപ്രായമുള്ളവരും നല്ല വിദ്യാഭ്യാസം ലഭിച്ചവരുമായിരുന്നു.വീട്ടുകാര്യങ്ങളുടെ ചര്‍ച്ചകള്‍ക്കിടയില്‍ വി എസ് ഖണ്ഡേക്കറും കലൈഞ്ജറും എല്ലാം പണ്ടുമുതലേ കടന്നുവരുമായിരുന്നു. അതുകൊണ്ട് സ്വാഭാവികമായി ഞാനും അവരിലേക്ക് തിരിഞ്ഞു. പഠനം ഹൈസ്കൂള്‍ വിദ്യാഭ്യാസത്തോടെ അവസാനിച്ചതിനാല്‍ എനിക്ക് സ്വയം പഠിക്കേണ്ടിയിരുന്നു. എഴുത്തുകാരനാകണമെന്നായിരുന്നു എന്‍റെ ആഗ്രഹം. അതിനാല്‍ എനിക്ക് എഴുതാന്‍ വേണ്ടി വായിക്കാതെ പറ്റില്ലായിരുന്നു.
ചോദ്യം: തമിഴ് തിരക്കഥകള്‍ മലയാളത്തില്‍ ഇറങ്ങുന്നു. കമലിനെ എഴുത്തുകാരനായി മലയാളം അംഗീകരിച്ചിരിക്കുകയാണല്ലോ?
ഉത്തരം: ഡി സി ബുക്സ് തിരക്കഥകള്‍ പരിഭാഷപ്പെടുത്താനുള്ള താത്പര്യം പ്രകടിപ്പിച്ച് എത്തുകയായിരുന്നു.തിരക്കഥകള്‍ സ്വതന്ത്ര രചനകളായി തന്നെ പരിഗണിക്കപ്പെടണം എന്നാണ് എന്‍റെ അഭിപ്രായം. സാഹിത്യ അക്കാദമി പോലുള്ള സംഘടനകള്‍ പുരസ്കാര നിര്‍ണയത്തിന് തിരക്കഥകളെയും അംഗീകരിക്കുന്ന സമയം വരുമെന്ന് ഞാന്‍ കരുതുന്നു.
ചോദ്യം: കമല്‍ എന്ന നടനുംസംവിധായകനും എല്ലായ്പ്പോഴും വിജയിച്ചിട്ടുണ്ട് എന്നാല്‍ കമല്‍ എന്ന ചലച്ചിത്രനിര്‍മ്മാതാവ് ചിലപ്പോഴെങ്കിലും പരാജയപ്പെട്ടിട്ടുണ്ട് ? എന്തു തോന്നുന്നു
ഉത്തരം: രാജ്കമല്‍ പ്രൊഡക്ഷന്‍ 21 ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അവയില്‍ മിക്കവയും ലാഭം തന്നവയായിരുന്നു. എന്നാല്‍ ഹേറാം പോലുള്ള ചിത്രങ്ങള്‍ ബോക്സ് ഓഫീല്‍ വലിയ പ്രതികരണമുണ്ടാക്കിയില്ല, എന്നാല്‍ സംവിധായകനെന്ന നിലയില്‍ എനിക്ക് സംതൃപ്തി നല്‍കിയ ചിത്രമായിരുന്നു അത്. മറ്റ് തലങ്ങളിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു. വീട്ടിലെ പെണ്‍കുട്ടിയെ കല്യാണം കഴിപ്പിച്ച് അയയ്ക്കുമ്പോള്‍ നമ്മളാരും പണം ചെലവാക്കിയത് നഷ്ടമായെന്ന് പറയാറില്ലല്ലോ. എനിക്ക് സിനിമയോട് വികാരപരമായ സമീപനമാണ്. അതിനാല്‍ ഇത്തരം നഷ്ടങ്ങളുടെ കണക്ക് വയ്ക്കാറില്ല.
ചോദ്യം: മലയാളത്തിലെയും തമിഴിലെയും സിനിമകളെ എങ്ങനെ വിലയിരുത്തുന്നു. എണ്‍പതുകളില്‍ മലയാള സിനിമ കലാപരമായി വളരെ മുന്നേറ്റം നടത്തിയിരുന്നു. എന്നാലിപ്പോള്‍ മറിച്ചാണ് എന്ന് കരുതുന്നവോ?
ഉത്തരം: അങ്ങനെ പറയുന്നതില്‍ കാര്യമില്ല. എവിടെ നിന്ന് നോക്കുമ്പോള്‍ അവിടുത്തെ സിനിമ കൊള്ളാമെന്ന് തോന്നുന്നത് അക്കരപച്ചയാണ്. ഇപ്പോള്‍ തമിഴ് സിനിമ മികച്ചതെന്ന് ഇവിടെനിന്ന് നോക്കുമ്പോള്‍ തോന്നും. അവിടെയും കുഴപ്പങ്ങളുണ്ട്. കലാപരമായി രണ്ടിടത്തേയും സിനിമ മുന്നേറുകയാണ് വേണ്ടത്.
ചോദ്യം: എഴുത്തുകാരനായ കമലും ചലച്ചിത്രകാരനായ കമലും തമ്മിലുള്ള വ്യത്യാസം?
ഉത്തരം: എഴുത്തുകാരനുള്ള സ്വാതന്ത്ര്യത്തിന്‍റെ നൂറിലൊരു അംശം പോലും തിരക്കഥാകൃത്തിന് ഉണ്ടാകില്ല. എം ടി എന്ന എഴുത്തുകാരന്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്‍റെ നൂറിലൊരു അംശം പോലും സ്വാതന്ത്ര്യം എം ടി തിരക്കഥാകൃത്തിന് ഉണ്ടാകില്ല. ശക്തമായ രാഷ്ട്രീയമായ അഭിപ്രായ പ്രകടനം നടത്താന്‍ സിനിമയിലൂടെ ആര്‍ക്കാണ് കഴിയുക. എനിക്ക് കഴിയില്ല. അങ്ങനെ പറഞ്ഞാല്‍ ഒരു പക്ഷേ ഞാന്‍ കൊല്ലപ്പെട്ടേക്കാം. അമേരിക്കയില്‍ എടുക്കുന്നത് പോലുള്ള പൊളിറ്റിക്കല്‍ സിനിമകള്‍ ഇന്ത്യയില്‍ എടുക്കാന്‍ കഴിയില്ല.
ചോദ്യം: ദശാവതാരത്തെ കുറിച്ച് ?
ഉത്തരം: കൊമേഴ്സ്യല്‍ നാച്യുറല്‍ എലമെന്‍റുകളെ ചേര്‍ത്തുവയ്ക്കുന്ന ചിത്രമാണ് ദശാവതാരം. പ്രേക്ഷകന് തീര്‍ത്തും വ്യത്യസ്ഥമായ ഒരു സദ്യയായിരിക്കും ചിത്രം. പത്ത് കമല്‍ ചിത്രത്തിലുണ്ട്. എന്നാല്‍ ചിത്രം കണ്ടു കഴിയുമ്പോള്‍ പതിനൊന്നാമനായി തിരക്കഥാകൃത്ത് എന്ന കമലിനെയും കാണാനാകും. 207 ദിവസം ചിത്രത്തിനായി പണിയെടുത്തു. ഓരോ ദിവസവും ഓരോ പുതിയ അനുഭവമായിരുന്നു.
ചോദ്യം: അടുത്ത ചിത്രം?
ഉത്തരം: ഹിന്ദിയിലും തമിഴിലും ഒരേ സമയം ഇറങ്ങുന്ന മര്‍മ്മയോഗി.
ചോദ്യം: കൈ നിറയെ പുരസ്കാരങ്ങള്‍, ഇനി ആര്‍ക്കും തകര്‍ക്കാനാകാത്ത റെക്കോര്‍ഡുകള്‍. ആര്‍ക്കും അനുകരിക്കാനാകാത്ത അഭിനയ ജീവിതം. എപ്പോഴാണ് ഇനി വിശ്രമം?
ഉത്തരം: അഭിനയമെല്ലാം മാറ്റിവച്ച് വിശ്രമിക്കുന്ന ഒരു കാലം ഞാനും പ്രതീക്ഷിക്കുന്നുണ്ട്. കെ ബാലചന്ദ്രന്‍ സാര്‍ എന്നെ കണ്ടെത്തിയത് പോലെ എന്നെ പോലെ അല്ലെങ്കില്‍ എന്നെക്കാള്‍ മികച്ച ഒരാളെ കണ്ടെത്തി അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ സിനിമാക്കാരന്‍ എന്ന നിലയില്‍ ഒരു വൃത്തം പൂര്‍ത്തിയാക്കാനാക്കുമെന്ന് എനിക്ക് തോന്നാറുണ്ട്