‘തുള്ളുവതോ ഇളമെ’യും ‘കാതല്‍ കൊണ്ടേനും’ തനി തമിഴന്‍ പയ്യന്‍റെ അശ്വമേധത്തിന്‍റെ തുടക്കമായിരുന്നു. സിനിമയില്‍ സൗന്ദര്യമല്ല കഴിവാണ് പ്രധാനമെന്ന് തെളിയിച്ച വിജയമായിരുന്നു ധനുഷിന്‍റേത്. അഛന്‍ നിര്‍മ്മാതാവും സംവിധായകനുമായ കസ്തൂരിരാജ. ജേഷ്ഠന്‍ ശെല്‍വാരാഘവന്‍ സംവിധായക പ്രതിഭ. തമിഴ്‌നടന്‍ ധനുഷിനു സിനിമ കുടുംബ പാരമ്പര്യം തന്നെയാണ്. അച്ഛന്‍റേയും ജേഷ്ഠന്‍റേയും പാതയില്‍ സംവിധാന രംഗത്തേക്കും കടക്കാന്‍ ഒരുങ്ങുകയാണ് ധനുഷ്.ഇതിനേക്കാള്‍ പ്രധാനം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം പറ്റുന്ന നായക നടന്‍ രജനീകാന്തിന്‍റെ മരുമകന്‍ കൂടിയാണ് ധനുഷ്. എന്നാല്‍ സിനിമയില്‍ രജനീകാന്തിന്‍റെ സഹായം താന്‍ തേടിയിട്ടില്ലെന്നും ധനുഷ് പറയുന്നു. പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍കൊണ്ട് തിരിച്ചുവരവിന്‍റെ പാതയിലാണ് മലയാളിക്കും പ്രിയപ്പെട്ടവനായ ധനുഷ് എന്ന വെങ്കട് പ്രഭു. ചോദ്യം: സിനിമാ കുടുംബത്തില്‍ നിന്നും മുന്‍കൂട്ടി തീരുമാനിച്ചാണോ സിനിമിയില്‍ എത്തിയത്?ഉത്തരം: ഒരു നടന്‍ ആകുക എന്നത് എന്‍റെ വിദൂര സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല. മറൈന്‍ എഞ്ചിനീയറാകുക എന്നതായിരുന്നു എന്‍റെ ലക്‍ഷ്യം. മുന്ന് ആണ്‍കുട്ടികളെയും രണ്ട് പെണ്‍കുട്ടികളെയും വച്ച് എന്‍റെ അച്ഛന്‍ ‘തുള്ളുവതോ ഇളമൈ’ ഒരുക്കുമ്പോള്‍ ഒരു പയ്യന്‍ ഒഴിവായി. അതിന് പകരം എന്നെ നിര്‍ബന്ധിപ്പിച്ച് അഭിനയിപ്പിക്കുകയായിരുന്നു.ചോദ്യം: നടന്‍ എന്ന നിലയില്‍ ആരെയാണ് ആരാധിക്കുന്നത് ?ഉത്തരം: ഞാന്‍ ആരാധിക്കുന്ന നടന്‍ അല്‍ പാചിനോ ആണ്. രജനീകാന്തിന്‍റെ കടുത്ത ആരാധകനുമാണ് ഞാന്‍.ചോദ്യം: വളരെ ചെറിയ പ്രായത്തിനുള്ളില്‍ പ്രശസ്തി, സമ്പന്നയായ ഭാര്യ, കുഞ്ഞ് എല്ലാം വളരെ വേഗത്തിലാണല്ലോ?ഉത്തരം: എന്‍റെ കാര്യത്തില്‍ എല്ലാ കാര്യങ്ങളും വളരെ വേഗത്തില്‍ നടക്കുന്നതായി തോന്നുന്നു. സിനിമയില്‍ എത്തിയ ശേഷം എന്‍റെ ജീവിതത്തില്‍ എല്ലാ കാര്യങ്ങളും വളരെ വേഗത്തിലാണ് സംഭവിക്കുന്നത്. ചോദ്യം: വിവാഹവും വളരെ വേഗത്തിലായിരുന്നല്ലോ?ഉത്തരം:‘കാതല്‍ കൊണ്ടേന്‍’ കണ്ടതിന് ശേഷം എന്നെ കാണാന്‍ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നു. അപ്പോഴൊന്നും ഭാവിയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. ഐശ്വര്യ എന്‍റെ സഹോദരിയുടെ അടുത്ത സുഹൃത്തായിരുന്നു. ഞങ്ങളുടേത് ഒരു അറേഞ്ച് മാര്യേജ് കൂടിയായിരുന്നു.ചോദ്യം: അഭിനയം എപ്പോഴാണ് ഗൗരവമായയത്?ഉത്തരം: ജേഷ്ടന്‍റെ ശെല്‍വരാഘവന്‍റെ ‘കാതല്‍ കൊണ്ടേനിലെ’ സെറ്റില്‍വച്ചാണ് അഭിനയം എനിക്ക് ആവേശമാകുന്നത്. ചോദ്യം: നിങ്ങളുടെ കൂട്ടുകെട്ടിന്‍റെ ഏറ്റവും മികച്ച ചിത്രമായിരുന്നു ‘പുതുപ്പേട്ടൈ’, പക്ഷേ ചിത്രം ബോക്സ് ഓഫീസില്‍ തകര്‍ന്നു ഉത്തരം: എനിക്ക് നടന്‍ എന്ന നിലയില്‍ എല്ലാക്കാലവും ഓര്‍ക്കാവുന്ന ചിത്രമാണ് പുതുപ്പേട്ടൈ. ബോക്സ് ഓഫീസിലെ പരാജയം നേരിടാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. സിനിമയുടെ എല്ലാ ക്രഡിറ്റും കൊടുക്കേണ്ടത് ശെല്‍വയ്ക്ക് ആണ്. ആ സിനിമ തകര്‍ന്നതിന് ശേഷം ശെല്‍വ തെലുങ്കിലും ഞാന്‍ തമിഴിലും സ്ഥിരം ശൈലിയിലുള്ള കൊമേഴ്സ്യല്‍ സിനിമ ചെയ്ത് ബോക്സ് ഓഫീസ് വിജയം ഉണ്ടാക്കി. ചോദ്യം: സിനിമകളുടെ തിരക്കഥകളിലും ധനുഷ് ഇടപെടാറുണ്ടെന്ന് കേട്ടിട്ടുണ്ട്. സംവിധാനത്തിലേക്ക് കടക്കുന്നത് എപ്പോഴാണ്?ഉത്തരം: ഏറെ താമസിക്കില്ല. ഞാന്‍ പതിനൊന്ന് ചിത്രങ്ങള്‍ ചെയ്തു കഴിഞ്ഞു. സിനിമയില്‍ നില്‍ക്കാന്‍ ഉറച്ചപ്പോള്‍ തന്നെ സംവിധാനം എന്‍റെ ലക്‍ഷ്യമാണ്. വളരെ വേഗം സംവിധായകനാകും എന്നുമാത്രം ഇപ്പോള്‍ പറയാം.ചോദ്യം: സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്‍റെ മരുമകന്‍ എന്ന നിലയില്‍ സിനിമാ ജീവിതം എങ്ങനെ?ഉത്തരം: ഞങ്ങള്‍ക്കിടയിലെ ബന്ധത്തെ കുറിച്ച് അറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ടാകുന്നത് സ്വാഭാവികമാണ്. സിനിമയുടെ കാര്യത്തില്‍ അദ്ദേഹത്തോട് ഞാന്‍ സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കാറില്ല. ഞാന്‍ സമ്പാദിക്കുന്ന ഓരോ പൈസയും എന്‍റേത് മാത്രമാണ്. അങ്ങനെ ഒരു ബന്ധം ഞങ്ങള്‍ക്കിടയില്‍ ഇല്ല.