2001( മലയാള സിനിമയില്‍ പതിറ്റാണ്ടുകള്‍ നിറഞ്ഞു നിന്ന നടന്‍ എം.ജി.സോമന്‍ അവസാനമായി നല്കിയ പ്രധാന അഭിമുഖം.)
PRO
PRD
കാല്‍ നൂറ്റാണ്ടു നീണ്ട അഭിനയസപര്യ. ഇക്കാലത്തിനിടെ അറുനൂറോളം ചിത്രങ്ങള്‍. മൂന്നു തലമുറ കഴിഞ്ഞും നീളുന്ന താരസൗഹൃദങ്ങള്‍. മലയാളസിനിമയില്‍ ഇത് എം.ജി. സോമന്‍റെ സുകൃതം. വര്‍ഷം 25 കഴിയുമ്പോഴും സിനിമക്കാരുടെ പ്രിയപ്പെട്ട സോമേട്ടന്‍ സിനിമാരംഗത്തു തീര്‍ത്തും സജീവം. താരങ്ങളുടെ കൂട്ടായ്മയുടെ അമ്മയുടെ അധ്യക്ഷസ്ഥാനം തന്നെ അതു സാക്ഷ്യപ്പെടുത്തും.
ഒരു കാലഘട്ടം മുഴുവന്‍ മലയാളത്തിന്‍റെ വെള്ളിത്തിര അടക്കിവാണ നിഷേധിയുടെ, ക്ഷോഭിക്കുന്ന യുവാവിന്‍റെ അനുഭവജീവിതം നിറയെ ഓര്‍മകളുടെ മുത്തുച്ചിപ്പികള്‍. ജീവിതത്തില്‍ ആ അനുഭവപാഠങ്ങള്‍ നേടിക്കൊടുത്ത പക്വത. സിനിമയിലെ രക്തമില്ലാത്ത മനുഷ്യന്‍ യഥാര്‍ഥത്തില്‍ ഒരു പാവത്താന്‍.
അഭിനയജീവിതത്തിന്‍റെ ജൂബിലി വര്‍ഷത്തില്‍ പിന്നോട്ടൊന്നു തിരിഞ്ഞു നോക്കുമ്പോള്‍ സോമേട്ടന്‍റെ മനസിലെ ചില ബ്ളാക്ക് ആന്‍ഡ് വൈറ്റ് സ്മരണകള്‍ക്കെങ്കിലും വര്‍ണപ്പകിട്ട്.
മലയാറ്റൂരിന്‍റെ തൂലികയില്‍ വിരിഞ്ഞ് പി.എന്‍.മേനോന്‍ സാക്ഷാത്ക്കരിച്ച ഗായത്രിയിലെ നിഷേധിയായ രാജാമണി മുതല്‍ വേണു നാഗവള്ളിയുടെ ഏറ്റവും പുതിയ ചിത്രമായ രക്തസാക്ഷികള്‍ സിന്ദാബാദ് വരെ എത്രയോ ജീവസുറ്റ കഥാപാത്രങ്ങള്‍, നല്ല നടനുള്ള രണ്ടു സംസ്ഥാന പുരസ്കാരങ്ങള്‍. എന്നിട്ടും പൂര്‍ണ സംതൃപ്തിയെന്നത് ഇനിയുമകലെ എന്നു സോമന്‍ ആണയിടുന്നു.
""അഭിനയം എന്‍റെ ചോറാണ്. അപ്പോള്‍ വാങ്ങുന്ന കാശിന് എന്തു കോലം കെട്ടാനും ഞാന്‍ ബാധ്യസ്ഥനാണ്. അഞ്ചു വര്‍ഷത്തിനിപ്പുറം, കൃത്യമായി പറഞ്ഞാല്‍, പ്രിയന്‍റെ ചിത്രം കഴിഞ്ഞ് ഇതേവരെ അല്‍പ്പമെങ്കിലും വ്യത്യസ്തതയുള്ളതെന്തെങ്കിലും ചെയ്യാന്‍ എനിക്കായിട്ടില്ല. എല്ലാം ആവര്‍ത്തനം ഞാന്‍ തന്നെ നൂറു തവണ ചെയ്തവ. സംഭാഷണങ്ങള്‍ക്കുപോലും മാറ്റമില്ല. അതിലെനിക്കു പക്ഷെ നിരാശയില്ല.കാരണം ഇതൊക്കെ തൊഴിലിന്‍റെ ഭാഗമായി ഞാന്‍ കാണുന്നു.''
തിരുമൂലപുരത്തെവീടിന്‍റെ മട്ടുപ്പാവിലെ സ്വകാര്യ മുറിയിലുരുന്നു സോമന്‍ മനസു തുറക്കുകയാണ്.
""എങ്കിലും എനിക്കു തൃപ്തിയുണ്ട്. ഒരു വര്‍ഷവും ആറു പടത്തില്‍ കുറഞ്ഞു ചെയ്യേണ്ടി വന്നിട്ടില്ലെനിക്ക്. ഇന്നും സംവിധായകര്‍ എന്നെ വിളിക്കുന്നു. ഞാന്‍ പോയി എന്‍റെ ജോലി ഭംഗിയായിത്തന്നെ തീര്‍ക്കുന്നു. അല്ലാതെ മലയാള സിനിമയ്ക്കുവേണ്ടി അതു ചെയ്തു, ഇതു ചെയ്തു എന്നൊന്നും അവകാശപ്പെടാന്‍ ഞാനില്ല.''