കാത്തിരിപ്പിനു വിരാമം: വിക്രം
|
മലയാളത്തിന്‍റെ തൊമ്മനും മക്കളുടേയും റീമേക്കായ ‘മജ’ ‘അന്യന്‍റെ’ വിജയത്തിന് മുന്നില്‍ ഒന്നുമായിരുന്നില്ല. എന്നാല്‍ വിക്രം തയ്യാറെടുപ്പിലാണ് ഒരു തിരിച്ചുവരവിന്. ദീപാവലിക്ക് റിലീസാകുന്ന ‘ഭീമ’യും ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന കന്തസ്വാമിയും വിക്രമിന് തിരിച്ചുവരവിനുള്ള ചിത്രങ്ങളാണ്.
ചോദ്യം: ‘അന്യന്’ ശേഷം വിക്രമിന്‍റെ ആരാധകര്‍ നീണ്ട കാത്തിരിപ്പിലാണല്ലോ, പുതിയ പ്രോജക്ടുകള്‍ എന്തുകൊണ്ടാണ് വൈകുന്നത്?
ഉത്തരം: എന്‍റെ ആരാധകരെ എനിക്ക് നിരാശരാക്കാന്‍ വയ്യ. ഒരു സമയം ഒരു ചിത്രം ചെയ്യുക എന്നതാണ് എനിക്ക് ഇണങ്ങിയ രീതി. എന്നാല്‍ മാത്രമേ ആ കഥാപാത്രത്തോട് ശരിക്കും നീതി പുലര്‍ത്താന്‍ എനിക്ക് കഴിയു എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ചോദ്യം: ‘ഭീമ’ മറ്റൊരു ‘അന്യനാ’കുമോ ?
ഉത്തരം: പ്രതീക്ഷിക്കാം. ആക്ഷനും കോമഡിയും റൊമാന്‍സും എല്ലാമുണ്ട്. ജനങ്ങള്‍ ‘ഭീമ’ ഇഷ്ടപ്പെടുമെന്നു തന്നെയാണ് എന്‍റെ വിശ്വാസം.
ചോദ്യം: ‘ഭീമ’യിലെ കഥാപാത്രം?
ഉത്തരം: സിനിമ പുറത്തിറങ്ങും മുമ്പ് കഥാപാത്രത്തെകുറിച്ച് അധികം പറയാതിരിക്കുകയാണ് നല്ലത്. സിനിമയില്‍ ഞാന്‍ അവതരിപ്പിക്കുന്നത് ഒരു റൗഡിയെ ആണെന്ന് മാത്രം പറയാം, ബാക്കിയെല്ലാം സിനിമ റിലീസായതിന് ശേഷം തിയേറ്ററില്‍ പോയി കാണുന്നതല്ലേ നല്ലത്.
ചോദ്യം: ‘പോക്കിരി’, ‘സാമി’ ഇതിന്‍റെയെല്ലാം ആവര്‍ത്തനമായിരിക്കുമോ?
ഉത്തരം: ഹേയ് അങ്ങനെയല്ല, ഇത് പക്കാ റൗഡി, എല്ലാത്തരത്തിലും റൗഡി, എന്നാല്‍ ചില പുതുമകളും ഉണ്ട്.
ചോദ്യം: സിനിമ ദീപാവലിക്ക് എത്തുമോ?
ഉത്തരം: സിനിമയുടെ മറ്റ് ജോലികളെല്ലാം ഈ മാസം അവസാനത്തോടെ തീരും. ദീപാവലിക്ക് തിയേറ്ററില്‍ എത്തിക്കാമെന്ന് പ്രതീക്ഷയോടെ മുന്നോട്ട് പോകുന്നു.
ചോദ്യം:‘സാമി’ സിനിമക്ക് ശേഷം വിക്രമിനെ ഒരു റൗഡിയിസം പിടികൂടിയെന്ന് തോന്നുന്നു?
ഉത്തരം: ഒരോ ഘട്ടത്തിലും മുമ്പിലെത്തുന്ന സ്ക്രിപ്റ്റുകള്‍ക്ക് അനുസരിച്ച് ചെയ്യുന്ന വേഷങ്ങളാണല്ലോ അതെല്ലാം, ഇത്തവണ റൗഡിയെ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്നാണ് എന്‍റെ വിശ്വാസം.
ചോദ്യം: ‘കന്തസ്വാമി’യെ പറ്റി?
ഉത്തരം:അടുത്തമാസം ചിത്രീകരണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. നഗരത്തെ കേന്ദ്രീകരിച്ചുള്ള ചിത്രമായിരിക്കും അത്. എന്നാല്‍ ഒരു സന്ദേശവും ഉണ്ടായിരിക്കും. ഒരു നല്ല ചിത്രമൊരുക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍.
ചോദ്യം: മറ്റ് പുതിയ സിനിമകള്‍?
ഉത്തരം: ആറ് പുതിയ തിരക്കഥകളാണ് ഇപ്പോള്‍ എന്‍റെ മുന്നിലുള്ളത്. അവയില്‍ നിന്ന് അനുയോജ്യമായ തെരഞ്ഞെടുക്കാനുള്ള ബുദ്ധിമുട്ടിലാണ് ഞാന്‍.