ബംഗാളിന്‍റെ സമീരാ റെഡ്ഡി
|
സമീരാ ജന്മം കൊണ്ട് ആന്ധ്രാക്കാരിയാണ് എന്നാല്‍ ബുദ്ധദേവ്ദാസ് ഗുപ്തയുടെ രണ്ടു ചിത്രങ്ങളില്‍ നായികയായതോടെ സമീരയെ ബംഗാളുകാര്‍ എറ്റെടുത്തിരിക്കുകയാണ്. ബിസിനസ് രാജാവ് വിജയ് മല്യയുടെ അടുത്ത ബന്ധുവായ സമീറ റെഡ്ഢി ആരംഭിച്ചത് പരാജയങ്ങളില്‍ നിന്നാണ്. ലജ്ജാവതിയായ കാമുകിയെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ബോളീവുഡില്‍ ‘മൈനേ ദില്‍ തുച് കോ ദിയ’യില്‍ അരങ്ങേറിയത്.
ചോദ്യം:സമീറക്ക് ഇത് നല്ലകാലമാണല്ലോ?
ഉത്തരം: എന്‍റെ കരിയറിലെ ഏറ്റവും നല്ലവര്‍ഷമാണിതെന്ന് ഞാന്‍ കരുതുന്നു. ‘കാല്‍ പുരുഷ്’ ദേശീയ പുരസ്കാരം നേടിയപ്പോള്‍, ‘മീ യാസിം ആന്‍റ് മധുബാല’ ടോറന്‍റോയില്‍ പ്രദര്‍ശിപ്പിക്കുന്നു. ഞാനും സെപ്തംമ്പര്‍ എട്ടിന് ടൊറന്‍റോയിലേക്ക് പോകും.
ചോദ്യം:സമീറ ബംഗാളിയുടെ സ്മിതപാട്ടീലായി മാറുമോ?
ഉത്തരം: അമിത പ്രശംസ ഞാന്‍ ആഗ്രഹിക്കുന്നില്ല, ഞാന്‍ ദാദയുടെ കൈയ്യിലെ കളിമണ്ണ് മാത്രമാണ്. അദ്ദേഹം പറയുന്നത് ഞാന്‍ ചെയ്യുന്നു എന്നേയുള്ളു. അടുത്ത ചിത്രത്തിലേക്കും അദ്ദേഹം വിളിച്ചാല്‍ എനിക്ക് പോകാതിരിക്കാനാകില്ല.
ചോദ്യം: സമീറയുടെ മുന്നില്‍ ഭാഷകള്‍ ഇല്ലാതവുകയാണല്ലോ? തെന്നിന്ത്യയിലും ബംഗാളിലും ഒരേ സമയം ?
ഉത്തരം: അതില്‍ എനിക്ക് സന്തോഷമുണ്ട്. ഹിന്ദി, ബംഗാളി, തെലുങ്ക് , തമിഴ്, എല്ലാ ഭാഷയിലും അഭിനയിക്കാനാകുന്നത് വലിയ കാര്യമല്ലേ, എവിടെ ചെന്നാലും ആളുകള്‍ തിരിച്ചറിയുന്നു.
ചോദ്യം:ബുദ്ധദേവ്ദാസ് ഗുപ്തയാണോ സമീറയിലെ നടിയെ തിരിച്ചറിഞ്ഞത്?
ഉത്തരം: എന്നിലെ നടിയെ ആദ്യം മനസിലാക്കിയത് അദ്ദേഹമാണ്. ഒരു ബോളീവുഡ് നടിയെ ‘കാല്‍പുരുഷി’ലേക്ക് അദ്ദേഹം ക്ഷണിച്ചതിനെ വിമര്‍ശിച്ചവര്‍ ഏറെയുണ്ട്. എന്നാല്‍ ഇപ്പോള്‍ ഞാനും ഒരു ബംഗാളിയായി.
ചോദ്യം:‘ മീ യാസിം ആന്‍റ് മധുബാല’യെ കുറിച്ച് ?
ഉത്തരം: സാമൂഹ്യവിമര്‍ശനം നടത്തുന്ന ഒരു ആക്ഷേപഹാസ്യചിത്രമാണത്. ഒളിഞ്ഞുനോട്ടക്കാരുടെ ലോകത്തോടുള്ള പരിഹാസം. ചിത്രം ടൊറന്‍റോയില്‍ ‘മാസ്റ്റേഴ്സ് ’വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
ചോദ്യം:തുടര്‍ച്ചയായി അദ്ദേഹത്തിന്‍റെ രണ്ടാം ചിത്രത്തിലും എങ്ങനെ അവസരം കിട്ടി?
ഉത്തരം:വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു അത്. ആദ്യ ചിത്രമായ ‘കാല്‍പുരുഷി’ന്‍റെ വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു, അടുത്ത ചിത്രത്തിലും നായിക സമീറ ആയിരിക്കുമെന്ന്.