മടങ്ങിയെത്തി, മമ്മൂട്ടിക്കാലം!

WEBDUNIA|
PRO
വേഴാമ്പലിനെപ്പോലെ കാത്തിരിക്കുകയായിരുന്നു മമ്മൂട്ടി ആരാധകരും മലയാള സിനിമയും. ഒടുവില്‍ മമ്മൂട്ടിക്ക് ഒരു കൈക്കുമ്പിള്‍ ശുദ്ധജലം ലഭിച്ചിരിക്കുന്നു. ‘ബാവുട്ടിയുടെ നാമത്തില്‍’ വലിയ വിജയമായി മാറുകയാണ്. മമ്മൂട്ടിക്കും ജി എസ് വിജയനും അഭിമാനിക്കാം. ഒപ്പം മമ്മൂട്ടിയുടെ യഥാര്‍ത്ഥ രക്ഷകന്‍ സാക്ഷാല്‍ രഞ്ജിത്തിനും.

രഞ്ജിത്തിന്‍റെ എഴുത്തിന്‍റെ കരുത്തില്‍ മമ്മൂട്ടി എന്ന മഹാനടന്‍ തന്‍റെ അടക്കമുള്ള അഭിനയശൈലിയില്‍ നിറഞ്ഞാടിയപ്പോള്‍ ‘ബാവുട്ടിയുടെ നാമത്തില്‍’ പുതിയ അനുഭവമായി മാറി. ഒരു സാധാരണ കഥ പറഞ്ഞ ചിത്രത്തിന്‍റെ ഹൈലൈറ്റ് നല്ല നര്‍മ മുഹൂര്‍ത്തങ്ങളാണ്. ലളിതമായ ആഖ്യാനശൈലി മറ്റൊരു സവിശേഷതയായി.

വെടിവയ്പ്പോ രക്തമൊഴുക്കോ ആക്രോശമോ ഒന്നും ഈ സിനിമയിലില്ല. ബാവുട്ടി എന്ന നന്‍‌മയുള്ള മനുഷ്യന്‍റെ ജീവിതചിന്തകള്‍ ഈ സിനിമയാകെ പ്രകാശം പരത്തി നില്‍ക്കുന്നു. മമ്മൂട്ടിയുടെയും കാവ്യാ മാധവന്‍റെയും അഭിനയ പ്രകടനങ്ങളാല്‍ ചിത്രം കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയായി മാറുകയാണ്.

കോടികള്‍ മുടക്കിയുള്ള ഒരു ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ മമ്മൂട്ടി തന്‍റെ താര സിംഹാസനത്തില്‍ മടങ്ങിയെത്തുമെന്നാണ് കരുതിയത്. എന്നാല്‍ ഒരു ചെറിയ ചിത്രത്തിലൂടെ താരപദവി തിരിച്ചുപിടിക്കുന്ന മാജിക്കാണ് മമ്മൂട്ടി കാഴ്ചവയ്ക്കുന്നത്. രഞ്ജിത് എന്ന അതികായന്‍റെ ശാന്തഗംഭീരമായ രചന തന്നെയാണ് മമ്മൂട്ടിയുടെ മടങ്ങിവരവിന് തണലായത്.

കര്‍മ്മയോദ്ധയ്ക്കൊപ്പം ബാവുട്ടിയും വലിയ വിജയമാകുന്നതോടെ ഈ ക്രിസ്മസ് കാലം മലയാള സിനിമയ്ക്ക് സന്തോഷം മാത്രമാണ് പകര്‍ന്നുനല്‍കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :