‘താപ്പാന‍’യില്‍ കൈപൊള്ളിയില്ല, വീണ്ടും മമ്മൂട്ടിച്ചിത്രവുമായി മിലന്‍ ജലീല്‍!

WEBDUNIA|
PRO
മമ്മൂട്ടിച്ചിത്രങ്ങള്‍ ഇപ്പോള്‍ ഒരു ഞാണിന്‍‌മേല്‍ക്കളിയാണ്. ഒന്നും പറയാനാകാത്ത അവസ്ഥ. മിനിമം ഗ്യാരണ്ടി പ്രവചിക്കാനാവില്ല. അടുത്തകാലത്തെത്തിയ ജവാന്‍ ഓഫ് വെള്ളിമല, ഫെയ്സ് ടു ഫെയ്സ് എന്നീ സിനിമകള്‍ ഭേദപ്പെട്ട ചിത്രങ്ങളാണെങ്കിലും പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ പ്രാപ്തമായിരുന്നില്ല. അതുകൊണ്ടുതന്നെ ബോക്സോഫീസില്‍ തിരിച്ചടി നേരിട്ടു.

പത്തിലധികം സിനിമകളുടെ പരാജയം രുചിച്ച് നില്‍ക്കുമ്പോഴും പക്ഷേ, മമ്മൂട്ടി സിനിമകള്‍ നിര്‍മ്മിക്കാന്‍ വമ്പന്‍ കമ്പനികളാണ് രംഗത്തുള്ളത്. മമ്മൂട്ടിയുടെ പുതിയ പ്രൊജക്ടായ ‘പ്രെയ്സ് ദി ലോര്‍ഡ്’ ഗ്യാലക്സി ഫിലിംസിന്‍റെ മിലന്‍ ജലീല്‍ നിര്‍മ്മിക്കും. ‘താപ്പാന’യ്ക്ക് ശേഷം മിലന്‍ ജലീല്‍ നിര്‍മ്മിക്കുന്ന മമ്മൂട്ടിച്ചിത്രമാണിത്.

‘താപ്പാന’യില്‍ മിലന്‍ ജലീലിന് കൈ പൊള്ളിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്തകാലത്ത് വന്ന മമ്മൂട്ടിച്ചിത്രങ്ങളില്‍ ബോക്സോഫീസില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത് താപ്പാനയായിരുന്നു. ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന ‘പ്രെയ്സ് ദി ലോര്‍ഡ്’ സക്കറിയയുടെ രചനയെ അവലംബമാക്കിയാണ് ഒരുക്കുന്നത്. ടി പി രാജീവനാണ് തിരക്കഥ.

വ്യത്യസ്തനായ ഒരു മനുഷ്യന്‍ - പേര് ജോയി. ‘പാലായ്ക്ക് അപ്പുറം എന്നതാ നടക്കുന്നേ?” എന്ന് ഒരു വിവരവുമില്ലാത്തയാള്‍. സക്കറിയയുടെ സൃഷ്ടിയാണ് ഈ കഥാപാത്രം. ‘പ്രെയ്സ് ദി ലോര്‍ഡ്’ എന്ന നോവലിലെ ഈ കഥാപാത്രമാകാന്‍ മമ്മൂട്ടി ഒരുങ്ങിക്കഴിഞ്ഞു. ഏറെ സമ്പന്നനാണ് ജോയി. നല്ല കൃഷിക്കാരനാണ്. എന്നാല്‍ ലോകവിവരം തീരെയില്ല. അങ്ങനെയൊരാളുടെ മുമ്പിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന കമിതാക്കള്‍ കഥയാകെ മാറ്റിമറിക്കുന്നു.

വിധേയനിലെ ഭാസ്കര പട്ടേലര്‍ക്ക് ശേഷം സക്കറിയയുടെ കഥാപാത്രമാകാനുള്ള അവസരമാണ് മമ്മൂട്ടിക്ക് ലഭിച്ചിരിക്കുന്നത്.

അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തിലേക്കാണ് ഈ സിനിമ പ്ലാന്‍ ചെയ്തിരിക്കുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം.

കെ മധു, രാജീവ് നാഥ്, രാജീവ് അഞ്ചല്‍, വി എം വിനു, മോഹന്‍ രാഘവന്‍ തുടങ്ങിയവരുടെ സംവിധാന സഹായിയായിരുന്നു ഷിബു ഗംഗാധരന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :