പെരുമാള്‍ 24ന് എത്തുന്നു, സിപിഎം വിഭാഗീയത വിഷയം

WEBDUNIA|
PRO
ക്രൈംബ്രാഞ്ച് ഡി സി പി പെരുമാള്‍ ഈ മാസം 24ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ക്രിസ്ത്യന്‍ ബ്രദേഴ്സിന്‍റെ ഹരത്തില്‍ നില്‍ക്കുന്ന മലയാളികളെ ത്രില്ലടിപ്പിക്കാനാണ് ഷാജി കൈലാസും എസ് എന്‍ സ്വാമിയും ഒരുങ്ങുന്നത്. അതേ, ഒട്ടേറെ തവണ മാറ്റിവയ്ക്കപ്പെട്ട ‘ആഗസ്റ്റ് 15’ റിലീസ് ഡേറ്റ് 24ന് ഉറപ്പിച്ചിരിക്കുന്നു. ഈ വര്‍ഷം മമ്മൂട്ടിയുടെ ആദ്യ റിലീസാണ് ആഗസ്റ്റ് 15.

വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലീസായ ‘ആഗസ്റ്റ് 1’ എന്ന സിനിമയുടെ തുടര്‍ച്ചയാണ് ആഗസ്റ്റ് 15. മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ ലക്‍ഷ്യമിട്ടു നടക്കുന്ന കൊലയാളിയെ കണ്ടെത്തുന്നതായിരുന്നു ആഗസ്റ്റ് ഒന്നിന്‍റെ പ്രമേയം. ആഗസ്റ്റ് 15നും സമാനമായ പ്രമേയം തന്നെ. പക്ഷേ സി പി എമ്മിലെ വിഭാഗീയതയും ഈ സിനിമ ചര്‍ച്ച ചെയ്യുന്നു എന്നതാണ് പ്രത്യേകത.

മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോട് ഏറെ സാദൃശ്യമുള്ള ഒരു മുഖ്യമന്ത്രിയെയാണ് നെടുമുടി വേണു ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള എതിര്‍ചേരിയോട് മുഖ്യമന്ത്രി നടത്തുന്ന ഒറ്റയാള്‍ പോരാട്ടം സിനിമയുടെ ഹൈലൈറ്റാണ്. ലോട്ടറിക്കേസും ഭൂമാഫിയയും പെണ്‍‌വാണിഭവുമൊക്കെ ആഗസ്റ്റ് 15 ചര്‍ച്ച ചെയ്യും.

ഇത്തരം ചൂടേറിയ സബ്ജക്ടുമായി തെരഞ്ഞെടുപ്പ് കാലത്ത് റിലീസ് ചെയ്യുന്നു എന്നത് ആഗസ്റ്റ് 15ന് ഗുണം ചെയ്യുമെന്നാണ് ഷാജി കൈലാസ് വിശ്വസിക്കുന്നത്. മമ്മൂട്ടിയുടെ പെരുമാളും സിദ്ദിഖ് അവതരിപ്പിക്കുന്ന കില്ലറും തമ്മിലുള്ള മൈന്‍ഡ് ഗെയിം പ്രേക്ഷകരെ ആവേശത്തിലാഴ്ത്തും.

തലൈവാസല്‍ വിജയ്, സായികുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ശ്വേതാ മേനോന്‍, മേഘ്നാ രാജ് തുടങ്ങിയവരും ആഗസ്റ്റ് 15ലെ താരങ്ങളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :