മമ്മൂട്ടിയുടെ വാശി ജയിച്ചു, കന്നഡയില്‍ കസറി!

WEBDUNIA|
PRO
മമ്മൂട്ടിക്ക് അത് വാശിയായിരുന്നു. കന്നഡയിലും താന്‍ തന്നെ ഡബ്ബ് ചെയ്യും. ‘ശിക്കാരി’ എന്ന കന്നഡച്ചിത്രത്തിന് ഡേറ്റ് നല്‍കുമ്പോള്‍ സംവിധായകന്‍ അഭയ് സിന്‍‌ഹയോട് മമ്മൂട്ടി പറഞ്ഞു - “ഈ സിനിമയില്‍ ഞാന്‍ തന്നെ ഡബ്ബ് ചെയ്യും”. മമ്മൂട്ടിക്ക് അത് ചെയ്യാന്‍ കഴിയുമെന്ന് സംവിധായകനും ഉറപ്പുണ്ടായിരുന്നു. തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലും മമ്മൂട്ടിയുടെ ചിത്രങ്ങള്‍ക്ക് അദ്ദേഹം തന്നെയാണല്ലോ ശബ്ദം നല്‍കാറുള്ളത്.

ആദ്യമായാണ് മമ്മൂട്ടി കന്നഡച്ചിത്രത്തില്‍ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ ഡബ്ബ് ചെയ്യാനായി ഭാഷ വഴങ്ങുമോ എന്ന ആശങ്ക ചിലര്‍ക്കുണ്ടായിരുന്നു. അത് മനസിലാക്കിയ മമ്മൂട്ടി വാശിയോടെ ആ ദൌത്യം നിര്‍വഹിച്ചു. കൊച്ചിയിലെ സ്റ്റുഡിയോയിലാണ് മമ്മൂട്ടി കന്നഡ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്. ശിക്കാരിയുടെ മലയാളം പതിപ്പിന്‍റെ ഡബ്ബിംഗും മമ്മൂട്ടി പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

ശിക്കാരിയില്‍ മമ്മൂട്ടിക്ക് ഇരട്ടവേഷമാണ്. തീര്‍ത്ഥഹള്ളി എന്ന കന്നഡഗ്രാമത്തിലെത്തിയ പുലിവേട്ടക്കാരന്‍ കരുണനാണ് ഒരു കഥാപാത്രം. ഇയാള്‍ സ്വാതന്ത്രസമര സേനാനികൂടിയാണ്. 1946ല്‍ നടന്ന ഒരു സംഭവകഥയാണ് ചിത്രത്തിന് ആധാരം. പുതിയകാലത്തിന്‍റെ പ്രതിനിധിയായ, അഭിലാഷ് എന്ന സോഫ്റ്റുവെയര്‍ എഞ്ചിനീയറെയും മമ്മൂട്ടി തന്നെ അവതരിപ്പിക്കുന്നു.

പുലിവേട്ടക്കാരന്‍ കരുണന്‍റെ കൂട്ടുകാരായി അഭിനയിക്കുന്നത് ടിനി ടോമും സുരേഷ് കൃഷ്ണയുമാണ്. കരുണന്‍റെ അമ്മാവനായി ഇന്നസെന്‍റ് വേഷമിടുന്നു. മമ്മൂട്ടിയും ടിനി ടോമും സുരേഷ് കൃഷ്ണയും ചേര്‍ന്നുള്ള ഒരു നൃത്തരംഗം ശിക്കാരിയുടെ ഹൈലൈറ്റാണ്. പൂനം ബജ്‌വ നായികയാകുന്ന സിനിമ ഏപ്രിലില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :