മലയാളത്തിലെ നടിമാരുടെ പേരുപോലും അറിയില്ല: പൃഥ്വി

WEBDUNIA|
PRO
മലയാളത്തില്‍ ഇപ്പോഴുള്ള നടിമാരുടെ പേരുകളെല്ലാമൊന്നും തനിക്കറിയില്ലെന്ന് ബിഗ്സ്റ്റാര്‍ പൃഥ്വിരാജ്. നമ്മുടെ നടിമാര്‍ക്ക് സിനിമ കല്യാണം വരെയുള്ള ഒരിടത്താവളമാണെന്നും പൃഥ്വിരാജ്. ഒരു വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലണ് പൃഥ്വി മലയാളത്തിലെ നടിമാരെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം തുറന്നുപറയുന്നത്.

“മലയാളത്തില്‍ ഇപ്പോഴുള്ള നടിമാരുടെ പേരുകളെല്ലാമൊന്നും എനിക്കറിയില്ല. ആരൊക്കെയാണ് ഇന്ന് സജീവമായുള്ളത്? സംവൃതയെ അറിയാം. ഷീ ഈസ് ഇന്‍റലിജന്‍റ്. നന്നായി വര്‍ക്കുചെയ്യും. സിനിമയെക്കുറിച്ചൊക്കെ പഠിക്കാന്‍ അവള്‍ക്കു താല്‍പ്പര്യം ഉണ്ട്. സിനിമയെ സീരിയസായി എടുത്തിട്ടുള്ള നടിമാരില്‍ ഒരാളാണ് സംവൃതയെന്ന് തോന്നിയിട്ടുണ്ട്. സംവൃതയുടെ ഈ ഗുണം എന്നെ ഏറെ ആകര്‍ഷിച്ചു.” - പൃഥ്വിരാജ് പറയുന്നു.

കാവ്യാ മാധവന്‍റെയും മീരാ ജാസ്മിന്‍റെയും അര്‍പ്പണമനോഭാവത്തെക്കുറിച്ച് പറയാനും പൃഥ്വി മറക്കുന്നില്ല. എന്നാല്‍ മറ്റു ചിലര്‍ അങ്ങനെയല്ലെന്നാണ് പൃഥ്വിയുടെ അഭിപ്രായം.

“നമ്മുടെ നടിമാരില്‍ പലരും കമ്മിറ്റഡല്ലാത്തതുകൊണ്ടാണ് പൂമ്പാറ്റകളെപ്പോലെ പാറിവന്ന് എങ്ങോ പോയ്‌മറയുന്നത്. ഐശ്വര്യ റായിയുടെ ഡെഡിക്കേഷന്‍ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയിട്ടുണ്ട്. എന്നാല്‍ നമ്മുടെ നടിമാര്‍ക്ക് വിവാഹം വരെയുള്ള ഒരു ഇടത്താവളമാണ് സിനിമ. അതിനപ്പുറത്തേക്ക് അവര്‍ സിനിമയെ കാണുന്നില്ല.” - പൃഥ്വിരാജ് വ്യക്തമാക്കി.

മറ്റൊരു അഭിമുഖത്തില്‍ പൃഥ്വി താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത് എങ്ങനെയുള്ള പെണ്‍കുട്ടിയെയാണെന്ന് വ്യക്തമാക്കുന്നു - “ഒരു സ്ത്രീയുടെ ഏറ്റവും വലിയ ആകര്‍ഷണം അവളുടെ സെല്‍ഫ് റെസ്പെക്ടാണ്. അവളുടെ ഏറ്റവും വലിയ ഗുണവും അതുതന്നെ. ഒരു പെണ്ണ് ഏറ്റവും സെക്സിയാകുന്നത് സെല്‍ഫ് റെസ്പെക്ടോടെ പെരുമാറുമ്പോഴാ‍ണ്. അങ്ങനെ ഒരാള്‍ക്കേ എന്‍റെ ഏറ്റവും നല്ല സുഹൃത്താകാന്‍ കഴിയൂ. നല്ല സുഹൃത്തായ ഒരാളെ മാത്രമേ എനിക്ക് വിവാഹം കഴിക്കാനും കഴിയൂ. മാനസികമായി മെച്വേഡ് ആയി പെരുമാറുന്ന സ്ത്രീകളെയാണ് എനിക്കിഷ്ടം. ജോലി കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ അന്നു വാങ്ങേണ്ട പച്ചക്കറികളുടെ ലിസ്റ്റ് എടുത്ത് നീട്ടുന്നവളാകരുത് എന്‍റെ ഭാര്യ. അതുപോലെ അന്ന് ടി വിയില്‍ കണ്ട സീരിയലുകളെക്കുറിച്ചുമാത്രം സംസാരിക്കുന്നവളുമാകരുത്.”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :