നിലപാട് മാറ്റി, സുരേഷ്ഗോപി ടി വിയില്‍ സജീവം

WEBDUNIA|
PRO
താരങ്ങള്‍ ടി വി ഷോകളില്‍ സജീവമാകുന്നതിനെതിരെ ‘ഭരത്ചന്ദ്രന്‍ സ്റ്റൈലി’ല്‍ സുരേഷ്ഗോപി പൊട്ടിത്തെറിച്ചത് ഓര്‍മ്മയുണ്ടോ? സിനിമ നമ്മുടെ അന്നമാണെന്നും അതിനെ മറന്ന് ടി വിയുടെ പിറകേ പോകരുതെന്നുമൊക്കെയായിരുന്നു പഴയ സൂപ്പര്‍സ്റ്റാറിന്‍റെ വാദം.

അതിനെതിരെ ഡയലോഗുവീരന്‍ ജഗദീഷ് രംഗത്തെത്തിയതും മറന്നിട്ടുണ്ടാവില്ല. കൊല്ലത്തുള്ള ഒരു നടനെതിരെയാണ് സുരേഷ് അങ്ങനെ പറഞ്ഞെതെന്നായിരുന്നു ജഗദീഷിന്‍റെ ഡയലോഗ്.

ഇപ്പോഴിതാ പഴയതെല്ലാം മറന്ന് സുരേഷ്ഗോപി ചാനലുകളില്‍ സജീവമാകുകയാണ്. മിക്കപ്പോഴും ചാനലുകളുടെ അഭിമുഖ പരിപാടികളില്‍ പ്രത്യക്ഷപ്പെടാറുള്ള സുരേഷ് ഇപ്പോള്‍ സൂര്യ ടി വിയുടെ ‘സംഗീത മഹായുദ്ധ’ത്തില്‍ അതിഥിയായെത്തി തകര്‍ത്തുവാരുകയാണ്. എ കെ - 47ല്‍ നിന്നും നിറയൊഴിക്കുന്നതുപോലെ തന്‍റെ അഭിപ്രായങ്ങള്‍ ഉച്ചത്തില്‍ പറയുന്ന സുരേഷ്ഗോപി, പാട്ടുപാടിയും തന്‍റെ ആരാധകരെ രസിപ്പിക്കാനുള്ള ശ്രമം നടത്തുന്നുണ്ട് സംഗീത മഹായുദ്ധത്തില്‍. (ഏഷ്യാനെറ്റിലെ മഞ്ച് സ്റ്റാര്‍ സിംഗറില്‍ സുരേഷ്ഗോപി പാടിയ പാട്ടുകളൊന്നും മറന്നിട്ടില്ലെന്നു കരുതട്ടെ).

കൈയില്‍ തോക്കില്ലെങ്കിലും രോഷാകുലനായ നായകന്‍റെ മട്ടും ഭാവവും സൂര്യയുടെ പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ മാറ്റിയിട്ടില്ല. സുരേഷ് എത്തിയപ്പോഴാണ് ‘സംഗീത മഹായുദ്ധം’ എന്ന പേര് അന്വര്‍ത്ഥമായതെന്നാണ് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടത്.

എന്തായാലും ചാനലുകളില്‍ താരങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനെതിരെ സുരേഷ്ഗോപി ഇനിയും ഒരക്ഷരം മിണ്ടില്ലെന്നാണ് സൂചന.

ചിത്രത്തിന് കടപ്പാട്: സൂര്യ ടി വി


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :