‘രാമരാവണന്’ എന്ന ചിത്രം ഓര്‍മ്മയില്ലേ? മലപോലെ വന്ന് എലിപോലെ പോയ ഒരു സിനിമ. ബിജു വട്ടപ്പാറ എന്തയാലും ഇനി ചരിത്രത്തിലോ സാഹിത്യത്തിലോ കൈവയ്ക്കാനില്ല എന്ന തീരുമാനത്തിലാണെന്നു തോന്നുന്നു. തന്‍റെ രണ്ടാമത്തെ സിനിമ നര്‍മ്മത്തില്‍ പൊതിഞ്ഞ ഒരു കുടുംബചിത്രമായിരിക്കുമെന്ന് ബിജു പറയുന്നു. സിനിമയുടെ പേര് - സ്വന്തം ഭാര്യ സിന്ദാബാദ്!
ഗിന്നസ് പക്രുവാണ് ഈ ചിത്രത്തിലെ നായകന്‍. ‘മൈ ബിഗ് ഫാദര്‍’ എന്ന ചിത്രത്തിന് ശേഷം പക്രു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. വെട്ടൂര്‍ ശിവന്‍കുട്ടി എന്ന കഥാപാത്രത്തെയാണ് പക്രു അവതരിപ്പിക്കുന്നത്. ലോകത്തിലെ തന്നെ രണ്ടടി ആറിഞ്ചു പൊക്കമുള്ള ആദ്യ കമ്യൂണിസ്റ്റുകാരനാണ് താനെന്നാണ് വെട്ടൂര്‍ ശിവന്‍കുട്ടി സ്വയം വിലയിരുത്തുന്നത്.
കടുത്ത സ്ത്രീ വിരോധിയായ വെട്ടൂര്‍ ശിവന്‍കുട്ടിയെ പാര്‍ട്ടി മുന്‍കൈ എടുത്ത് ഒരു കല്യാണം കഴിപ്പിക്കുന്നു. എന്നാല്‍ ഭാര്യയ്ക്ക് കമ്യൂണിസ്റ്റ് ബോധം തീരെ ഇല്ലെന്നു മാത്രമല്ല, പൈങ്കിളി സീരിയലുകളുടെയും സൂപ്പര്‍സ്റ്റാര്‍ സുശീല്‍കുമാറിന്‍റെയും ആരാധിക കൂടിയായിരുന്നു അവള്‍. ഒരു സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് സൂപ്പര്‍സ്റ്റാര്‍ സുശീല്‍കുമാര്‍ ആ ഗ്രാമത്തിലെത്തുന്നതോടെ വെട്ടൂര്‍ ശിവന്‍കുട്ടിയുടെ മനസ്സമാധാനം തകരുന്നു.
ശ്രുതിലക്ഷ്മിയാണ് ‘സ്വന്തം ഭാര്യ സിന്ദാബാദി’ലെ നായിക. സൂപ്പര്‍സ്റ്റാര്‍ സുശീല്‍ കുമാറിനെ അവതരിപ്പിക്കുന്നത് മുകേഷാണ്. സുരാജ് വെഞ്ഞാറമ്മൂട്, സലിംകുമാര്‍, ഹരിശ്രീ അശോകന്‍, ശ്രീജിത്ത് രവി, കൊച്ചുപ്രേമന്‍ തുടങ്ങി ഒരു വലിയ താരനിര ചിത്രത്തില്‍ വേഷമിടുന്നു.
ഇഫാര്‍ ഇന്‍റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന സ്വന്തം ഭാര്യ സിന്ദാബാദ് ഒറ്റപ്പാലത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുകയാണ്.