‘സൂര്യ’ ഇന്നൊരു ബ്രാന്‍ഡാണ്. തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടന്‍. രാം ഗോപാല് വര്‍മ സംവിധാനം ചെയ്യുന്ന ‘രക്തചരിത്ര’ എന്ന ചിത്രത്തിലൂടെ സൂര്യ ബോളിവുഡിലും എത്തുകയാണ്. എന്നാല്‍ ആദ്യചിത്രത്തില്‍ ഹിന്ദിയില്‍ സ്വയം ഡബ്ബുചെയ്യേണ്ടതില്ലെന്നാണ് സൂര്യയുടെ തീരുമാനം.
ഒരു പ്രൊഫഷണല്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനെ തന്‍റെ ഭാഗം ഡബ്ബു ചെയ്യാന്‍ ഏല്‍പ്പിക്കണമെന്ന് സൂര്യ തന്നെ സംവിധായകനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. “യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന ഒരു കഥാപാത്രത്തെയാണ് ഞാന്‍ രക്തചരിത്രയില്‍ അവതരിപ്പിക്കുന്നത്. ആ കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കേണ്ടതുണ്ട്. പ്രാദേശികമായ സ്ലാംഗുകള്‍ ഉള്‍പ്പെടുത്തി എന്‍റെ കഥാപാത്രത്തിന് ഡബ്ബുചെയ്യാന്‍ ഒരു പ്രൊഫഷണല്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് തന്നെ വേണമെന്ന് അതിനാലാണ് ഞാന്‍ തീരുമാനിച്ചത്.” - സൂര്യ പറയുന്നു.
സ്കൂള്‍ കാലം മുതലേ ഹിന്ദി ഭാഷ സൂര്യയ്ക്ക് പേടിസ്വപ്നമാണ്. പഞ്ചാബിയായ ജ്യോതികയെ വിവാഹം കഴിച്ചിട്ടുപോലും ആ പേടി മാറിയില്ല. എന്തായാലും രക്തചരിത്രയില്‍ ഹിന്ദി ഡബ്ബുചെയേണ്ടല്ലോ എന്ന ആശ്വാസത്തിലാണ് സൂര്യ ഇപ്പോള്‍. തമിഴിലും തെലുങ്കിലും സൂര്യ തന്നെയാണ് ഡബ്ബു ചെയ്യുനത്.
അടുത്തിടെ, രാവണ്‍ എന്ന ഹിന്ദി ചിത്രത്തില്‍ പ്രധാനവേഷം അഭിനയിച്ച വിക്രം ഹിന്ദിയില്‍ ഡബ്ബുചെയ്ത് ഏവരെയും വിസ്മയിപ്പിച്ചിരുന്നു.