പോക്കിരിരാജയും മഴയും: ‘ഒരുനാള്‍ വരും’ മാറ്റിവച്ചു

WEBDUNIA|
PRO
കഴിഞ്ഞ വാരം മലയാളത്തില്‍ റിലീസായത് മൂന്ന് വമ്പന്‍ ചിത്രങ്ങളാണ്. മമ്മൂട്ടിയുടെ പോക്കിരിരാജ, മോഹന്‍ലാലിന്‍റെ അലക്സാണ്ടര്‍ ദി ഗ്രേറ്റ്, ജയറാമിന്‍റെ കഥ തുടരുന്നു എന്നിവ. ഇവയില്‍ ‘പോക്കിരിരാജ’ മെഗാഹിറ്റിലേക്ക് കുതിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. കഥ തുടരുന്നു ഹിറ്റാകുമെന്നാണ് സൂചന. എന്നാല്‍ അലക്സാണ്ടര്‍ ദി ഗ്രേറ്റിന് തണുപ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത്.

ഈ സാഹചര്യത്തില്‍ മോഹന്‍ലാലിന്‍റെ ‘ഒരുനാള്‍ വരും’ എന്ന ചിത്രത്തിന്‍റെ റിലീസ് മാറ്റിവയ്ക്കാന്‍ നിര്‍മ്മാതാവ് നിര്‍ബന്ധിതനായിരിക്കുകയാണ്. മേയ് 14ന് ആണ് ‘ഒരുനാള്‍ വരും’ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ സിനിമ ജൂണ്‍ 25ന് മാത്രമേ റിലീസ് ചെയ്യൂ എന്ന് നിര്‍മ്മാതാവ് മണിയന്‍‌പിള്ള രാജു അറിയിച്ചു.

പോക്കിരിരാജ തിയേറ്ററുകള്‍ കീഴടക്കി പ്രയാണം തുടരുന്നതാണ് ‘ഒരുനാള്‍ വരും’ റിലീസ് നീട്ടിയതിന്‍റെ ഒരുകാരണമായി പറഞ്ഞു കേള്‍ക്കുന്നത്. മാത്രമല്ല, മേയ് അവസാനത്തോടെ മഴക്കാലം ആരംഭിക്കുന്നതും മറ്റൊരു കാരണമായി. നിര്‍മ്മാതാവ് പറയുന്നതു കേള്‍ക്കുക:

“ഒട്ടേറെ ചിത്രങ്ങള്‍ കഴിഞ്ഞയാഴ്ച റിലീസ് ചെയ്തതിനാല്‍ തിയേറ്ററുകളുടെ കുറവുണ്ട്. മേയ് 14 എന്നത് മേയ് 21 എന്ന് മാറ്റാന്‍ ആലോചിച്ചതാണ്. അപ്പോഴേക്കും മഴക്കാലം തുടങ്ങുന്നതിനാല്‍ ആ തീരുമാനം ഉപേക്ഷിച്ചു. എന്തായാലും ജൂണ്‍ 25 ആണ് ഇപ്പോള്‍ ഒരുനാള്‍ വരും റിലീസ് ചെയ്യാനായി തീരുമാനിച്ചിരിക്കുന്നത്” - മണിയന്‍‌പിള്ള രാജു വ്യക്തമാക്കുന്നു.

സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് ‘യു’ സര്‍ട്ടിഫിക്കേറ്റാണ് ഒരുനാള്‍ വരും നേടിയിരിക്കുന്നത്. ദാമര്‍ റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്ന ഈ സിനിമയില്‍ മോഹന്‍ലാലും ശ്രീനിവാസനും സമീര റെഡ്ഡിയുമാണ് താരങ്ങള്‍. തിരക്കഥ ശ്രീനിവാസന്‍റേതാണ്. സംവിധാനം - ടി കെ രാജീവ് കുമാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :