പഴയ മോഹന്‍ലാലിനെ തിരികെത്തരും: സജി സുരേന്ദ്രന്‍

WEBDUNIA|
PRO
സജി സുരേന്ദ്രന്‍ രണ്ടും കല്‍പ്പിച്ചാണ്. ഇനി ഒരുകൈ നോക്കിയിട്ടു തന്നെ കാര്യം. പഴയ മോഹന്‍ലാലിനെ പ്രേക്ഷകര്‍ക്ക് തിരികെ നല്‍കുമെന്നാണ് യുവസംവിധായകന്‍ പ്രതിജ്ഞ എടുത്തിട്ടുള്ളത്. ഈ ശപഥം കേട്ട് ചിലര്‍ മൂക്കില്‍ വിരല്‍ വച്ചു. മറ്റുചിലര്‍ ഊറിച്ചിരിച്ചു. ആരും പരിഹസിച്ചോട്ടെ, തന്‍റെ നിലപാടില്‍ മാറ്റം വരുത്താന്‍ സജി തയ്യാറല്ല.

ഏഴുകടലും കടക്കാം. ഏതു പര്‍വ്വതവും താണ്ടാം. പക്ഷേ സജിയുടെ ആഗ്രഹം മാത്രം നടക്കില്ലെന്നാണ് ചില അസൂയക്കാര്‍ പറയുന്നത്. ഇതൊക്കെ കാര്യമാക്കേണ്ടതുണ്ടോ? മോഹന്‍ലാലിന്‍റെ ഡേറ്റ് എങ്ങനെയെങ്കിലുമൊന്ന് കിട്ടിയാല്‍ മതി, പിന്നെ പഴയ മോഹന്‍ലാലിനെ കണ്ട് പ്രേക്ഷകര്‍ ഞെട്ടും. പഴയ മോഹന്‍ലാല്‍ എന്നുദ്ദേശിച്ചത്, 90കളില്‍ ഒക്കെ നമ്മള്‍ കണ്ടിട്ടുള്ള ലാലില്ലേ? അതു തന്നെ!

“ഹാപ്പി ഹസ്ബന്‍ഡ്‌സില്‍ പഴയ ജയറാമേട്ടനെ തിരികെ കൊണ്ടുവന്നതു പോലെ ലാല്‍ സാറിനെയും തിരികെ കൊണ്ടുവരികയാണ്‌ എന്‍റെ ലക്‍ഷ്യം. ബാക്കിയെല്ലാം ലാലേട്ടന്‍റെയും കൃഷ്‌ണേട്ടന്‍റെയും കൈയിലാണുള്ളത്‌.” - സജി പറയുന്നു. കൃഷ്ണേട്ടന്‍ എന്നു പറഞ്ഞത് തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുരയെക്കുറിച്ചാണ്. അദ്ദേഹം തിരക്കഥയെഴുതിക്കൊടുക്കാത്തതുകൊണ്ടാണ് പഴയ മോഹന്‍ലാലിനെ മലയാളികള്‍ക്ക് ലഭിക്കാന്‍ കാലതാമസം നേരിടുന്നത്. എന്ത് കഷ്ടമാണല്ലേ?

എന്തായാലും മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാനുള്ള കൊണ്ടുപിടിച്ച ശ്രമം സജി സുരേന്ദ്രന്‍ നടത്തുന്നുണ്ട്. ഒരു കഥ പറഞ്ഞത് മോഹന്‍ലാലിന് ഇഷ്ടമായത്രേ. ഇനി ഏതെങ്കിലും പഴയ തമിഴ് സിനിമ കണ്ട് അതിലെ മുഹൂര്‍ത്തങ്ങള്‍ ഒന്നു മാറ്റിയെഴുതിയാല്‍ തിരക്കഥയും റെഡി. ഹാപ്പി ഹസ്ബന്‍ഡ്സ് അങ്ങനെയുണ്ടായതാണെന്ന് സജി തന്നെ പറയുന്നു. എന്തായാലും കരുതിയിരിക്കുക. പഴയ മോഹന്‍ലാലുമായി സജി ഉടനെത്തുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :