തമിഴ് - തെലുങ്ക് സിനിമാലോകത്തെ പ്രമുഖ സംവിധായകന്‍ സെല്‍വരാഘവനും നടി സോണിയ അഗര്‍വാളും വിവാഹമോചിതരായി. ഇന്ന് ചെന്നൈ എഗ്‌മോറിലുള്ള കുടുംബക്കോടതി ഇരുവരും വേര്‍പിരിയുന്നതിനുള്ള അനുമതി നല്‍കി. ഇരുവരുടെയും വാദമുഖങ്ങള്‍ പരിശോധിച്ച ശേഷം ജസ്റ്റിസ് രാമലിംഗമാണ് വിവാഹമോചനം നല്‍കിയത്.
2006 ഡിസംബറില്‍ വിവാഹിതരായ സോണിയയും സെല്‍വരാഘവനും കഴിഞ്ഞ ഓഗസ്റ്റിലാണ് വിവാഹമോചനത്തിനുള്ള ഹര്‍ജി നല്‍കിയത്. ഏറെനാളായി ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാനായി ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
സോണിയയ്ക്ക് വന്‍ തുക നഷ്ടപരിഹാരമായി സെല്‍വരാഘവന്‍ നല്‍കുമെന്നാണ് സൂചനകള്‍. നടി ആന്‍ഡ്രിയയുമായുള്ള സെല്‍വരാഘവന്‍റെ ബന്ധമാണ് സോണിയ - സെല്‍വ ദാമ്പത്യത്തിന്‍റെ അടിത്തറ തകര്‍ത്തത്. തനിക്ക് വിവാഹമോചനം വേണമെന്ന സെല്‍വരാഘവന്‍റെ ആവശ്യത്തോട് ആദ്യം സോണിയ അനുകൂലമായല്ല പ്രതികരിച്ചത്. പിന്നീട് അവരും സമ്മതിക്കുകയായിരുന്നു.
‘കാതല്‍ കൊണ്ടേന്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് സെല്‍വരാഘവനും സോണിയ അഗര്‍വാളും പ്രണയത്തിലാകുന്നത്. പിന്നീട് നാലുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.