ഗണേഷിനെ തോല്‍പ്പിക്കണമെന്ന് തിലകന്‍

WEBDUNIA|
PRO
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരം എം എല്‍ എയായ നടന്‍ കെ ബി ഗണേഷ്കുമാറിനെ തോല്‍പ്പിക്കണമെന്ന് വിവാദനായകന്‍ തിലകന്‍. പത്തനാപുരത്ത് ഒരു കോളജിന്‍റെ ആര്‍ട്സ് ക്ലബ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കവേയാണ് തിലകന്‍ ഗണേഷിനെതിരെ രംഗത്തെത്തിയത്.

എന്നാല്‍ ഗണേഷിനെതിരായ പരാമര്‍ശത്തെ അത്ര നിസാരമായി കാണാന്‍ കേരളാ കോണ്‍ഗ്രസ്(ബി)യുടെ വിദ്യാര്‍ത്ഥി സംഘടനയായ കെ എസ് യു(ബി) തയ്യാറായില്ല. തിലകനെ കെ എസ് യു(ബി) കോളജില്‍ ഉപരോധിച്ചു. ആര്‍ട്സ് ക്ലബ് ഉദ്ഘാടനത്തിന് വന്ന വ്യക്തി കോളജില്‍ രാഷ്ട്രീയം പറഞ്ഞത് മറ്റ് വിദ്യാര്‍ത്ഥി സംഘടനകളെയും ചൊടിപ്പിച്ചു.

കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയ്ക്കു വന്ന തിലകനും ഗണേഷ് കുമാറും കുറച്ച് അതിരുവിട്ട് സംസാരിച്ചിരുന്നു. ‘ഗണേഷ് ചിന്തിക്കുന്നതു പോലെ ചിന്തിക്കാന്‍ എന്‍റെയും ഗണേഷിന്‍റെയും അച്ഛന്‍ ഒന്നല്ലല്ലോ’ എന്ന തിലകന്‍റെ പരാമര്‍ശം വലിയ വാഗ്വാദങ്ങള്‍ക്ക് കാരണമായി. ഇതിന്‍റെ തുടര്‍ച്ചയെന്നോണമാണ് ‘ഗണേഷിനെ പത്തനാപുരത്ത് തോല്‍പ്പിക്കണ’മെന്ന് തിലകന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടതെന്നാണ് കെ എസ് യു(ബി) ആരോപിക്കുന്നത്.

മാര്‍ച്ച് ഒന്നിന് താരസംഘടനയായ ‘അമ്മ’യുടെ അച്ചടക്കസമിതിക്കു മുന്നില്‍ ഹാജരാകാന്‍ തിലകന് അമ്മ നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ തനിക്ക് ഇംഗ്ലീഷ് സിനിമയുടെ തിരക്കുണ്ടെന്നും അതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നും തിലകന്‍ പറയുന്നു. എന്തായാലും തിലകനെതിരെ കടുത്ത നടപടി അമ്മ സ്വീകരിക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :