ഗ്ലാമര്‍ റാണി രംഭയുടെ വിവാഹം ഡിസംബറില്‍ നടന്നേക്കുമെന്ന് സൂചന. കാനഡയിലെ ബിസിനസ് മാഗ്നറ്റായ ഇന്ദ്രനാണ് വരനെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡിസംബര്‍ 27ന് തിരുപ്പതിയില്‍ വച്ചായിരിക്കും വിവാഹമെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
കാനഡയിലെ അന്താരാഷ്ട്ര കമ്പനിയായ മാജിക് വുഡ്സിന്‍റെ ഉടമയാണ് ഇന്ദ്രന്‍. അടുത്തിടെ ഈ കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായി രംഭ കരാറില്‍ ഒപ്പിട്ടിരുന്നു. മാത്രമല്ല രംഭയ്ക്ക് ഇന്ദ്രന്‍ ഏറ്റവും പുതിയ ബി എം ഡബ്ല്യു കാര്‍ സമ്മാനിച്ചതും വാര്‍ത്തയായി.
എന്നാല്‍ രംഭയുടെ കുടുംബം ഈ വാര്‍ത്തയ്ക്ക് സ്ഥിരീകരണം നല്‍കുന്നില്ല. 33കാരിയായ രംഭ ഈയിടെ ‘ആര്?’ എന്ന പേരില്‍ ഒരു സിനിമ നിര്‍മ്മിച്ചിരുന്നു. നായികാ വേഷങ്ങളില്‍ താരം ഇപ്പോള്‍ അത്ര സജീവമല്ല. സര്‍ഗം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അമൃത എന്ന പെണ്‍കുട്ടിയാണ് പിന്നീട് രംഭ എന്ന് പേരു സ്വീകരിച്ച് തെന്നിന്ത്യയാകെ തരംഗമായി മാറിയത്.
പുരാണത്തില്‍ ഇന്ദ്രസഭയിലെ നര്‍ത്തകിയായ രംഭയെപോലെ, നടി രംഭയും ഇന്ദ്രന്‍ എന്ന വ്യവസായിയുടെ സഭ അലങ്കരിക്കുമോ എന്നാണ് സിനിമാലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.