‘ഗാംഗ്സ്റ്റര്’ എന്ന ബോളിവുഡ് ചിത്രം ഓര്‍മ്മയുണ്ടോ? അനുരാഗ് ബസു സംവിധാനം ചെയ്ത് 2006 ഏപ്രിലില്‍ റിലീസായ സിനിമയുടെ കാര്യം തന്നെ. ഒരു ചെറിയ ചിത്രമെന്ന രീതിയില്‍ എത്തുകയും വമ്പന്‍ ഹിറ്റായി മാറുകയും ചെയ്ത ആ സിനിമയെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ കാര്യമുണ്ട്. ആ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം ഇപ്പോള്‍ കഷ്ടകാലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ചിത്രത്തിലെ ഒരു നായകനായ ഷിനെ അഹൂജയെയാണ് ആദ്യം കഷ്ടകാലം പിടികൂടിയത്. വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ മാസങ്ങളോളം ഷിനെയ്ക്ക് ജയിലില്‍ കഴിയേണ്ടി വന്നു. ഈയിടെയാണ് കക്ഷി ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ഷിനെയുമായി പുതിയ സിനിമകളില്‍ സഹകരിക്കാന്‍ നായികമാര്‍ തയ്യാറാകുന്നില്ലെന്നും വാര്‍ത്തകളുണ്ട്.
ഇപ്പോഴിതാ, അമേരിക്കയില്‍ അറസ്റ്റിലായ ലഷ്കര്‍ ഭീകരന്‍ ഡേവിഡ് ഹെഡ്‌ലിയുമായി ബന്ധപ്പെട്ട വിവാദം ഗാംഗ്സ്റ്റര്‍ ടീമിനെയൊന്നാകെ ഉലയ്ക്കുകയാണ്. ഗാംഗ്സ്റ്ററിന്‍റെ നിര്‍മ്മാതാവ് മഹേഷ് ഭട്ടിന്‍റെ മകന്‍ രാഹുല്‍ ഭട്ടിന് ഹെഡ്‌ലിയുമായി അടുത്ത ബന്ധമുണ്ടെന്ന വാര്‍ത്തയാണ് ആദ്യം ബോളിവുഡിനെ ഇളക്കിമറിച്ചത്. ഇപ്പോഴിതാ, ഗാംഗ്സ്റ്ററിലെ ഒരു നായകന്‍ ഇമ്രാന്‍ ഹഷ്മിക്കും നായിക കങ്കണ റനൌതിനും ഹെഡ്‌ലിയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.
മഹേഷ് ഭട്ടിന്‍റെ മരുമകന്‍ കൂടിയാണ് ഇമ്രാന്‍ ഹഷ്മി. രാഹുല്‍ ഭട്ടാണ് ഇയാള്‍ക്ക് ഹെഡ്‌ലിയെ പരിചയപ്പെടുത്തിക്കൊടുക്കുന്നത്. പിന്നീട് ഹഷ്‌മി അഭിനയിച്ച ‘വോ ലംഹേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കങ്കണ റനൌതിനെയും ഹെഡ്‌ലി പരിചയപ്പെടുകയായിരുന്നു.
എന്തായാലും മഹേഷ് ഭട്ടും കുടുംബവും കങ്കണയുമെല്ലാം ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ്. ‘ഹെഡ്‌ലി ഭൂതം’ ഇനി ബോളിവുഡില്‍ ആരെയൊക്കെയാണ് പിടികൂടുക എന്ന ഭയപ്പാടിലാണ് സിനിമാലോകം.
വാല്‍ക്കഷണം: ഗാംഗ്സ്റ്റര്‍ സംവിധാനം ചെയ്ത അനുരാഗ് ബസുവിന് കുഴപ്പമൊന്നുമില്ല എന്നു കരുതേണ്ട. അദ്ദേഹവും കഷ്ടകാലത്തിന്‍റെ പിടിയിലാണ്. ഹൃത്വിക് റോഷനെ നായകനാക്കി കൈറ്റ്സ് എന്ന സിനിമയുടെ തിരക്കിലാണ് അദ്ദേഹം. സിനിമ പല കാരണങ്ങള്‍ കൊണ്ട് ചിത്രീകരണം നീണ്ടുപോകുകയാണ്. അതിനിടയില്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് രാകേഷ് റോഷന്‍റെ ഇടപെടലുകളും. ‘കൈറ്റ്സ്’ കാരണം ബസുവിന് സംവിധായകന്‍റെ ജോലി തന്നെ മടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.