കേരളത്തില്‍ തരംഗമായ പഴശ്ശിരാജയുടെ തമിഴ് റിലീസ് വീണ്ടും നീട്ടി. ഈ മാസം 20ന് പഴശ്ശി തമിഴ്നാറ്റ്യ്റ്റില്‍ റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആദ്യം ഈ മാസം ആറിന് റിലീസ് ചെയ്യാനിരുന്ന ചിത്രം പിന്നീട് 13 ലേക്ക് മാറ്റിയിരുന്നു. സാങ്കേതിക കാരണങ്ങളാലാണ് റിലീസിംഗ് നീട്ടിയത്. എന്നാല്‍ ചെന്നൈയില്‍ തകര്‍ത്തു പെയ്യുന്ന മഴയും റിലീസിംഗ് നീട്ടിവെയ്ക്കാന്‍ കാരണമായതായി സൂചനയുണ്ട്.
തമിഴ്നാട്ടില്‍ നൂറോളം കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴില്‍ ചിത്രത്തിന്‍റെ ദൈര്‍ഘ്യം രണ്ടേ മുക്കാല്‍ മണിക്കൂറായി ചുരുക്കിയിട്ടുണ്ട്. മമ്മൂട്ടിക്കു പുറമെ സുപ്രീം സ്റ്റാര്‍ ശരത്കുമാറും പഴശ്ശിരാജയില്‍ നായകതുല്യ വേഷത്തിലെത്തുന്നത് തമിഴ് പ്രേക്ഷകരെ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്. ഉലകനായകന്‍ കമല്‍ഹാസനാണ് പഴശ്ശിയെ തമിഴ് പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത്.
പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം എംടി - മമ്മൂട്ടി - ഹരിഹരന്‍ ത്രയം ഒന്നിച്ച പഴശ്ശിരാജ തമിഴ്നാട്ടില്‍ വിവാദങ്ങളോടെയാണ് ശ്രദ്ധേയമായത്. ബ്രട്ടീഷുകാര്‍ക്കെതിരെ പടയെടുത്ത ആദ്യ നാട്ടുരാജാവായാണ് പഴശ്ശിരാജയെ സിനിമയില്‍ അവതരിപ്പിക്കുന്നത്.
എന്നാല്‍ ഇത് യുക്തിക്ക് നിരക്കാവുന്നതല്ലെന്നായിരുന്നു തമിഴകത്തിന്‍റെ വാദം. ബ്രിട്ടീഷുകാരുടെ ഏകാധിപത്യത്തിനെതിരെ ഇന്ത്യയില്‍ നിന്ന് ഉയര്‍ന്ന ആദ്യത്തെ ശബ്ദം തമിഴ്നാട്ടില്‍ നിന്നുള്ള പുലിത്തേവര്‍ എന്ന നാട്ടുരാജാവിന്റേതാണ് എന്നാണ് തമിഴകം വാദിക്കുന്നത്.
എന്നാല്‍ പുലിത്തേവരേക്കാള്‍ മുമ്പ് സ്വാതന്ത്ര്യപ്പോരാട്ടം നടത്തിയ നാട്ടുരാജാവാണ് പഴശ്ശിരാജയെന്ന് ഈ സിനിമയില്‍ ഒരിടത്തും പറയുന്നില്ലെന്ന് സംവിധായകന്‍ ഹരിഹരന്‍ വ്യക്തമാക്കിയെങ്കിലും വിവാദത്തിന്‍റെ കനല്‍ ഇപ്പോഴും പുകയുന്നുണ്ട്.
പുലിത്തേവരേക്കാള്‍ വലിയ സ്വാതന്ത്ര്യപ്പോരാളിയാണ് പഴശ്ശിരാജ എന്ന് സ്ഥാപിച്ചെടുക്കുന്ന ഒരു സിനിമയില്‍ തമിഴനായ ശരത് കുമാര്‍ എന്തിന് അഭിനയിച്ചു എന്ന് തമിഴ് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ സിനിമ പുറത്തിറങ്ങുന്നതുവരെ ക്ഷമിക്കാനായിരുന്നു ശരത്തിന്‍റെ മറുപടി.