അസിന് വീടും മാതാപിതാക്കളെയും ഉപേക്ഷിച്ചതായുള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന് അസിന്റെ പിതാവ് ജോസഫ് മാധ്യമങ്ങളെ അറിയിച്ചു. “അസിനെന്ന കിളിക്ക് ചിറക് മുളച്ചു, പറന്നും പോയി” എന്ന് താന്‍ പറഞ്ഞതായുള്ള വാര്‍ത്തകള്‍ വ്യാജപ്രചരണം മാത്രമാണെന്നും ജോസഫ് പറയുന്നു. തമിഴിലെ ഒരു പ്രശസ്ത പത്രത്തിനനുവദിച്ച അഭിമുഖത്തിലാണ് ജോസഫ് ഇങ്ങനെ പറഞ്ഞത്.
അസിന്‍ അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പിതാവ് ജോസഫ് കൂട്ടിന് പോവുക പതിവായിരുന്നു. അസിന്റെ എല്ലാക്കാര്യങ്ങളും നോക്കി നടത്തിയിരുന്നത് ജോസഫും ഭാര്യയും ചേര്‍ന്നായിരുന്നു. എന്നാല്‍ ജോസഫ് ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് വരുന്നത് തങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നുവെന്ന് ചില താരങ്ങള്‍ അസിനോട് പറയുകയും ഇനി തന്റെ കൂടെ കൂട്ടിന് വരേണ്ടെന്ന് പിതാവിനോട് അസിന്‍ കര്‍ശനമായി പറയുകയും ചെയ്തുവെത്രെ. ഇതിന്റെ പേരില്‍ അസിനും ജോസഫുമായി ചില്ലറ കശപിശ ഉണ്ടായെന്നും തന്റെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ മാതാപിതാക്കളോട് അസിന്‍ ആവശ്യപ്പെട്ടു എന്നുമായിരുന്നു മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന വാര്‍ത്ത.
ഇതിനെ തുടര്‍ന്ന് ലോക്കണ്ഡ്‌വാലയിലെ ചെറിയ ഫ്ലാറ്റിലാണ് ജോസഫും ഭാര്യയും താമസിച്ചിരുന്നതെന്നും അസിനാവട്ടെ ഗ്രീന്‍ ഏക്കേഴ്സ് എന്ന സ്ഥലത്തെ ബംഗ്ലാവിലാണ് കഴിഞ്ഞിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടെ ചില തമിഴ് മാധ്യമപ്രവര്‍ത്തകരോട് “അസിനെന്ന കിളിക്ക് ചിറക് മുളച്ചു, പറന്നും പോയി” എന്ന് ദുഃഖത്തോടെ ജോസഫ് പറഞ്ഞതായും കഥകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം കെട്ടുകഥകളാണെന്നാണ് ജോസഫ് പറയുന്നത്.
“മുംബൈയില്‍ ഞങ്ങള്‍ക്ക് രണ്ട് വീടുകള്‍ ഉണ്ട്. ഒന്ന് ലോക്കണ്ഡ്‌വാലയിലും ഒന്ന് ഗ്രീന്‍ ഏക്കേഴ്സിലും. ഗ്രീന്‍ ഏക്കേഴ്സിലെ ബംഗ്ലാവിലാണ് അസിന്‍ താമസിക്കുന്നത്. തിരക്കഥാ ചര്‍ച്ചയ്ക്കും മാധ്യമങ്ങളെ കാണുന്നതിനും മറ്റും സൌകര്യമുള്ളതിനാലാണ് അസിന്‍ ഇവിടെ താമസിക്കുന്നത്. മാധ്യമങ്ങള്‍ പറയുന്നതുപോലെ, ഞങ്ങള്‍ പിരിഞ്ഞ് താമസിക്കുകയല്ല. പണ്ടും ഇന്നും ഞങ്ങളുടെ അരുമയാണ് അസിന്‍. അസിന് ചിറക് മുളച്ചിട്ടുമില്ല, അസിന്‍ പറന്ന് പോയിട്ടുമില്ല.”
“തമിഴ്, മലയാള സിനിമാ രംഗം പോലെയല്ല ബോളിവുഡ്. ഇവിടെ കോള്‍ഷീറ്റ് നോക്കാനും മാധ്യമങ്ങളുമായി ബന്ധപ്പെടാനുമൊക്കെ മാനേജര്‍മാരോ പിആര്‍ഓകളോ ഇല്ല. ഇത്തരം കാര്യങ്ങളെല്ലാം ചെയ്യുന്നത് കോര്‍പ്പറേറ്റ് കമ്പനികളാണ്. എന്നാല്‍ ഏതെങ്കിലുമൊരു കോര്‍പ്പറേറ്റ് കമ്പനിയെ ഇത്തരം ജോലികള്‍ ഏല്‍പ്പിക്കാന്‍ അസിന് ഒട്ടും താല്‍പര്യമില്ല. അതുകൊണ്ട് ഇതെല്ലാം ഞാന്‍ തന്നെയാണ് ചെയ്യുന്നത്. മേക്കപ്പിനും വേഷവിധാനങ്ങള്‍ക്കും മാത്രം ചില കമ്പനികളുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നുമാത്രം.”
“ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് അസിനോടൊപ്പം ഞാന്‍ ചെല്ലുന്നത് ചില നടന്മാര്‍ക്ക് ഇഷ്ടപ്പെടുന്നില്ല എന്നാണല്ലോ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. നടന്മാര്‍ ആവശ്യപ്പെട്ടതിനാല്‍ അസിന്‍ തനിയെയാണ് ഷൂട്ടിംഗിന് പോകുന്നതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇതൊന്നും ശരിയല്ല. അസിന്‍ ആവശ്യപ്പെട്ടാല്‍ ഇപ്പോഴും ഞാന്‍ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകാറുണ്ട്. രണ്‍ബീര്‍ കപൂറിനൊപ്പം ഷൂട്ടിംഗ് ലൊക്കേഷനില്‍ വരുന്നത് അയാളുടെ ഡാഡിയാണ്. അതുപോലെ തന്നെയാന് പ്രിയങ്കാ ചോപ്രയും. അങ്ങനെയുള്ള സാഹചര്യത്തില്‍, അസിനോടൊപ്പം ഞാന്‍ വരരുതെന്ന് നടന്മാര്‍ പറയുമെന്ന് തോന്നുന്നുണ്ടോ” - ജോസഫ് ചോദിക്കുന്നു.