അജിത്, വിജയ് തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ സിനിമകളില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ചിലതുണ്ട്. കിടിലന്‍ പഞ്ച് ഡയലോഗുകളാണ് അതിലൊന്ന്. പഞ്ചു ഡയലോഗുകള്‍ക്കായി ആരാധകര്‍ കാതോര്‍ക്കുമെന്നതിനാല്‍ 10 മിനിറ്റ് ഇടവിട്ട് അവ ചേര്‍ക്കാന്‍ സംവിധായകര്‍ ശ്രമിക്കാറുമുണ്ട്. എന്നാല്‍ ഇത്തവണ അജിത് ആരാധകര്‍ക്ക് നിരാശരാകേണ്ടി വരും.
തലൈ നായകനാകുന്ന പുതിയ ചിത്രം അസല്‍ റിലീസിന് തയ്യാറെടുക്കുമ്പോള്‍ ചിത്രത്തേക്കുറിച്ചുള്ള സുപ്രധാനമായ ഒരു രഹസ്യം പുറത്തു വന്നിരിക്കുന്നു. അസലില്‍ അജിത്തിന് പഞ്ച് ഡയലോഗു പോയിട്ട്, സാധാരണ ഡയലോഗു പോലും വളരെ കുറവാണത്രേ. ചിത്രത്തില്‍ ഉടനീളമുള്ള അജിത്തിന്‍റെ സംഭാഷണം വെറും രണ്ട് പേജിലൊതുക്കാമെന്നാണ് വിവരം!
സമ്പൂര്‍ണ്ണ ആക്ഷന്‍ ത്രില്ലറായ ‘അസല്‍’ അജിത്തിന്‍റെ തകര്‍പ്പന്‍ ഡയലോഗുകള്‍ കൊണ്ട് സമ്പന്നമല്ല എന്നു സാരം. സംഭാഷണങ്ങള്‍ക്ക് പകരം നോട്ടവും ഭാവവും കൊണ്ടാണ് ചിത്രത്തിലെ നായകന്‍ സംസാരിക്കുന്നത്. തോക്കുകള്‍ കൊണ്ടു കഥ പറയുമ്പോള്‍ ഡയലോഗുകള്‍ എന്തിന് അല്ലേ?
മെഗാഹിറ്റായ ‘ബില്ല’യിലും ഡോണ്‍ വേഷത്തിലെത്തുന്ന അജിത്തിന് ഡയലോഗുകള്‍ കുറവായിരുന്നു. എന്നാല്‍ ആക്ഷനും ഭാവങ്ങളും കൊണ്ട് ആ കുറവ് ചിത്രം മറികടന്നു. അസലും ബില്ലയുടെ വിജയം ആവര്‍ത്തിക്കുമെന്നാണ് പ്രേക്ഷകപ്രതീക്ഷ. ഹിറ്റ്മേക്കര്‍ ശരണ്‍ ആണ് അസല്‍ ഒരുക്കുന്നത്.
വാല്‍ക്കഷണം: മലയാള ചിത്രമായ ‘ബിഗ്ബി’യില്‍ നായകനായ മമ്മൂട്ടിക്ക് കാര്യമായ ഡയലോഗുകള്‍ ഒന്നും ഇല്ലായിരുന്നു. ചിത്രം കണ്ടിറങ്ങിയപ്പോള്‍ പ്രേക്ഷകരും ബിലാലിന്‍റെ അവസ്ഥയിലായിരുന്നു. ആരോടും ഒന്നും മിണ്ടിയില്ല. ഫലമോ? പടം പൊളിഞ്ഞു. അസലിന്‍റെ അവസ്ഥ എന്താകുമോ ആവോ?