സൂപ്പര്‍ സ്റ്റാറുകള്‍ വന്നവഴി മറക്കുന്നവരാണോ? അല്ലെന്ന് ‘ബില്ലു ബാര്‍ബര്‍’ പോലെയുള്ള സിനിമകള്‍ നമ്മോടു പറഞ്ഞിട്ടുള്ളതാണ്. ബില്ലു ബാര്‍ബറിലെ നായകന്‍ ഷാരുഖ് ഖാനെക്കുറിച്ചും ബോളിവുഡിന് ഇതുതന്നെയാണ് അഭിപ്രായം. മറ്റു പല ഖാന്‍മാരെപ്പോലെയുമല്ല, വന്ന വഴി മറക്കുന്നവനല്ലത്രേ സാക്ഷാല്‍ കിംഗ് ഖാന്‍!
ഇത് തെളിയിക്കുന്ന ഒരു സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി. മുംബൈയിലെ തന്‍റെ വസതിയില്‍ വിശ്രമിക്കുകയായിരുന്നു ഷാരുഖ്. അന്ന് പ്രത്യേകിച്ച് ഷൂട്ടിംഗ് ഒന്നുമില്ല. എന്നാല്‍ ‘ഉറങ്ങിക്കളയാം’ എന്നു കരുതുമ്പോഴാണ് വീടിന് തൊട്ടടുത്ത് ഒരു ബഹളം. നോക്കിയപ്പോല്‍ ഏതോ സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. ഏതു സിനിമ, ആരൊക്കെ അഭിനയിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചു വരാന്‍ ജോലിക്കാരനെ വിട്ടു. ചിത്രത്തിന്‍റെ പേര് ‘ടെല്‍ മീ ഓ ഖുദാ’ എന്നാണെന്നും ഹേമമാലിനി അഭിനയിക്കുന്നുണ്ടെന്നും ജോലിക്കാരന്‍ അറിയിച്ചതോടെ ഷാരുഖ് വേഷം മാറി പുറത്തിറങ്ങി.
നേരെ ഹേമമാലിനി അഭിനയിക്കുന്ന ലൊക്കേഷനിലേക്ക്. കിംഗ് ഖാന്‍റെ വരവ് കണ്ട് ഷൂട്ടിംഗ് സംഘം ഒന്ന് അമ്പരന്നു. സാധാരണ അങ്ങനെ മറ്റ് സിനിമകളുടെ ലൊക്കേഷനുകളില്‍ പോകുന്നയാളല്ല ഷാരുഖ്. ഇതെന്താണപ്പാ കാര്യമെന്ന് അന്ധാളിച്ചു ലോക്കേഷനിലുള്ളവര്‍. വന്ന പാടെ പഴയകാല സ്വപ്നസുന്ദരി ഹേമമാലിനിയുടെ അടുത്ത് ഇരിപ്പുറപ്പിച്ചു കക്ഷി. കാര്യം എന്താണെന്നല്ലേ? പറയാം.
വളരെക്കാലം കൂടിയാണ് ഹേമമാലിനിയെ ഷാരുഖ് കാണുന്നത്. അതുകൊണ്ട് ഒന്നു കുശലം പറയാം എന്നതു മാത്രമല്ല വിഷയം. ഷാരുഖിന് ഹേമമാലിനി ഒരു സഹപ്രവര്‍ത്തകയെക്കാളുപരി ഗുരുതുല്യയാണ്. കാരണം, ഷാരുഖിന്‍റെ ആദ്യ സിനിമയായ ‘ദില്‍ ആഷ്നാ ഹൈ’യുടെ സംവിധായികയാണ് ഹേമ! തന്‍റെ ആദ്യ സിനിമയുടെ സംവിധായികയോടൊപ്പം കുറച്ചു സമയം ചെലവഴിക്കാനായിരുന്നു ഷാരുഖിന്‍റെ വരവ്.
IFM
45 മിനിറ്റ് ഷാരുഖും ഹേമയും സംസാരിച്ചിരുന്നു. ആദ്യ സിനിമയെ പറ്റിയും ആദ്യ ഷോട്ട് എടുത്തപ്പോള്‍ ഷാരുഖിനുണ്ടായ പരിഭ്രമത്തെപ്പറ്റിയുമൊക്കെ ഹേമ പറഞ്ഞപ്പോള്‍ ആര്‍ത്തു ചിരിച്ചത്രേ ഷാരുഖ്. തന്‍റെ കരിയറിന്‍റെ തുടക്ക കാലത്തേക്ക് ഒരു മടങ്ങിപ്പോക്കും ഈ കൂടിക്കാഴ്ചയിലൂടെ ഷാരുഖിന് സാധ്യമായി.
ഇനി പറയൂ, എല്ലാ സൂപ്പര്‍താരങ്ങളെയും പോലെയാണോ ഷാരുഖ്. ആദ്യ സിനിമയുടെ സംവിധായകനെയോ നിര്‍മ്മാതാവിനെയോ കണ്ടാല്‍ ആ ഭാഗത്തേക്കേ വരാത്ത എത്ര താരങ്ങള്‍ സിനിമാലോകത്തുണ്ട്. അവരുടെ ഇടയിലാണ് ഷാരുഖ് വ്യത്യസ്തനാകുന്നത്. അതുകൊണ്ടു തന്നെയാണ് ബോളിവുഡിന്‍റെ കിംഗ് ആയി ഷാരുഖിനെ ആദരിക്കുന്നതും.