ലണ്ടന് ഡ്രീംസ് എന്ന സിനിമയ്ക്ക് ശേഷം അഭിഷേക് ബച്ചനോടൊപ്പം അശുതോഷ് ഗവാരിക്കറുടെ ഖേലിയേന്‍ ഹം ജീ ജാന്‍ സേ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അസിന്‍ കരാറായതായിരുന്നു. എന്നാല്‍ തനിക്ക് സിനിമയില്‍ ജോയിന്‍ ചെയ്യാന്‍ കഴിയില്ലെന്ന് അശുതോഷിനെ അസിന്‍ അറിയിച്ചിരിക്കുകയാണ്. അഭിഷേക് ബച്ചനോടൊപ്പം അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെട്ടതില്‍ തനിക്ക് വലിയ ദുഃഖമൊന്നുമില്ലെന്ന രീതിയിലാണ് അസിന്‍ പെരുമാറുന്നത്.
ലഗാന്‍, ജോധാ അക്ബര്‍ എന്നീ ഹിറ്റ് സിനിമകള്‍ ഒരുക്കിയ അശുതോഷിന്റെ പുതിയ സിനിമയില്‍ അഭിനയിക്കാന്‍ അസിന്‍ കഴിഞ്ഞ മാസമാണ് കോള്‍ഷീറ്റ് നല്‍കിയത്. അശുതോഷിന്റെ സിനിമയായതിനാല്‍ തിരക്കഥ പോലും അസിന്‍ വായിച്ചുനോക്കുകയുണ്ടായില്ല. എന്നാല്‍ പിന്നീട് തിരക്കഥ വായിച്ച് നോക്കിയപ്പോഴാണ് തനിക്ക് നല്‍കിയിട്ടുള്ള കഥാപാത്രത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെന്ന് അസിന് മനസിലായത്. ഉടന്‍ അശുതോഷിനെ വിളിച്ച് ഖേലിയേന്‍ ഹം ജീ ജാന്‍ സേയില്‍ തനിക്ക് ജോയിന്‍ ചെയ്യാന്‍ കഴിയില്ലെന്ന് അസിന്‍ അറിയിക്കുകയായിരുന്നു.
ബോളിവുഡിലെ ഏറ്റവും മാര്‍ക്കറ്റുള്ള നായകനെയും സംവിധായകനെയുമാണ് അസിന്‍ കയ്യൊഴിഞ്ഞിരിക്കുന്നത്. അസിന്റെ തീരുമാനം ബോളിവുഡില്‍ ഞെട്ടല്‍ ഉണ്ടാക്കിയിരിക്കുകയാണ്. ബോളിവുഡിലെ കിംഗ് എന്ന് അറിയപ്പെടുന്ന ഷാരൂഖ് ഖാന്റെ ക്ഷണം നിരസിച്ചും ഇതിനുമുമ്പ് അസിന്‍ ബോളിവുഡ് ഇന്‍ഡസ്‌ട്രിയെ ഞെട്ടിച്ചിട്ടുണ്ട്.
താന്‍ നല്‍കിയ കഥാപാത്രത്തെ അസിന്‍ നിരസിച്ചതില്‍ അശുതോഷിന് നീരസമുണ്ടായിട്ടുണ്ട്. സമയമില്ല എന്ന കാരണമാണ് അസിന്‍ പറഞ്ഞതെങ്കിലും തിരക്കഥ വായിച്ചതിന് ശേഷമാണ് അസിന്‍ തന്റെ സിനിമയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞതെന്ന് അശുതോഷും അറിഞ്ഞിട്ടുണ്ട്. അസിന്‍ അഭിനയിക്കേണ്ടിയിരുന്ന റോളില്‍ ദീപിക പദുകോണിനെയോ കരീനാ കപൂറിനെയോ അഭിനയിപ്പിക്കാനുള്ള ശ്രമത്തിലാണ് അശുതോഷ്.