മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വായില്‍ കൊള്ളാന്‍ പറ്റാത്തത്ര പുലഭ്യവും തെറിയും പറയുമ്പോള്‍ സൂപ്പര്‍താരം സൂര്യയടക്കമുള്ള താരങ്ങളുടെ മുഖത്ത് അഭിമാനത്തിന്റെ രക്തശോഭയായിരുന്നു. മാധ്യമപ്രവര്‍ത്തകരെ അസഭ്യം പറഞ്ഞ് തമിഴ് താരസംഘടനയുടെ മീറ്റിംഗില്‍ കയ്യടി വാങ്ങുമ്പോള്‍ സൂര്യയടക്കം ആരുമോര്‍ത്തില്ല ഇതിനൊരു തിരിച്ചടിയുണ്ടാകുമെന്ന്! രക്തശോഭ മറഞ്ഞ് വിളര്‍ച്ചയാണ് താരങ്ങളുടെ മുഖത്തിപ്പോള്‍ വിളങ്ങുന്നത്. കാരണം, തമിഴ്നാട്ടിലെ കോടതി വരാന്തകള്‍ കയറിയിറങ്ങാന്‍ ഒരുങ്ങുകയാണ് ‘തെറിവീരന്മാര്‍’!
വേശ്യാവൃത്തിക്ക് അറസ്റ്റിലായ നടി ഭുവനേശ്വരി പൊലീസിന് നല്‍കിയെന്ന് പറയപ്പെടുന്ന നക്ഷത്രവേശ്യകളുടെ ലിസ്റ്റ് തമിഴ് മാധ്യമങ്ങളില്‍ വന്നതോടെയാണ് താരങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ തിരിഞ്ഞത്. മലയാളത്തിലെയും തമിഴിലെയും മുതിര്‍ന്ന നടിമാരെയും മാധ്യമങ്ങള്‍ വേശ്യകളാക്കി മുദ്രകുത്തി എന്നായിരുന്നു യോഗത്തില്‍ താരങ്ങള്‍ ആരോപിച്ചത്. പ്രസംഗിക്കാന്‍ മൈക്ക് കിട്ടിയതോടെ ആവേശം മൂത്ത സൂര്യ, വിവേക്, സത്യരാജ്, ശ്രീപ്രിയ, ചേരന്‍, വിജയകുമാര്‍ എന്നിവര്‍ വായില്‍ തോന്നിയതെല്ലാം വിളിച്ച് പറയുകയായിരുന്നു.
മാധ്യമപ്രവര്‍ത്തകരെ പുലഭ്യം പറഞ്ഞ് ആക്ഷേപിച്ചതിന് എട്ടോളം താരങ്ങള്‍ക്കെതിരെ ചെന്നൈയിലെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നുവെങ്കിലും ആദ്യവിജയം താരസംഘടനയ്ക്ക് തന്നെയായിരുന്നു. താരസംഘടനയ്ക്ക് സര്‍ക്കാരിലുള്ള സ്വാധീനം ഫലപ്രദമായി ഉപയോഗിച്ച് ഹൈക്കോടതിയിലെ കേസ് തേച്ചുമാച്ചുകളഞ്ഞു എന്നാണ് ആരോപണം. എന്തായാലും, തമിഴകത്തിലെ എല്ലാ കോടതികളിലും ഒരേ സമയം കേസ് ഫയല്‍ ചെയ്യുക എന്ന തന്ത്രമാണ് മാധ്യമസംഘടനകള്‍ തുടര്‍ന്ന് നടപ്പിലാക്കിയത്. താരങ്ങള്‍ക്കിത് കെണിയാവുകയും ചെയ്തു.
സൂര്യ, സത്യരാജ്, ശരത്‌കുമാര്‍, ചേരന്‍, ശ്രീപ്രിയ തുടങ്ങിയ എട്ടോളം താരങ്ങള്‍ കോടതിയില്‍ ഹാജരാകണം എന്ന് കാണിച്ച് പഴനിയിലെ കോടതി താരങ്ങള്‍ക്ക് നോട്ടീസയച്ചുകഴിഞ്ഞു. നവംബര്‍ രണ്ടാം തീയതിയാണ് താരങ്ങള്‍ പഴനി കോടതിയില്‍ ഹാജരാകേണ്ടത്. പഴനിയിലെ കോടതിയില്‍ കയറിയിറങ്ങുമ്പോഴേക്ക് കൂടുതല്‍ കോടതികളില്‍ നിന്ന് ഇവര്‍ക്ക് നോട്ടീസ് വരും.
നവംബര്‍ പത്തൊന്‍പതിന് ശിവഗംഗ മജിസ്‌ട്രേറ്റ് കോടതിയിലും ഈ താരങ്ങള്‍ ഹാജരാകേണ്ടതുണ്ട്. കോയമ്പത്തൂരിലെ ഉഡുമലൈപ്പേട്ട് കോടതിയിലും ഈ താരങ്ങള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഈ കേസില്‍ താരങ്ങള്‍ എന്ന് ഹാജരാകണം എന്നത് സംബന്ധിച്ച് നവംബര്‍ രണ്ടാം തീയതി ഉത്തരവുണ്ടാകുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.
നീലഗിരി, മധുരൈ, രാമനാഥപുരം, നാഗര്‍കോവില്‍ എന്നിവിടങ്ങളിലുള്ള കോടതികളിലും മാധ്യമസംഘടനകള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അടുത്ത ആഴ്ചയോടെ ഈ കോടതികളും താരങ്ങളെ വിചാരണയ്ക്കായി വിളിപ്പിക്കും എന്ന് കരുതുന്നു. ചെന്നൈയിലെ സൈദാപേട്ടിലുള്ള കോടതിയിലും താരങ്ങള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇവിടെയും താരങ്ങള്‍ ഹാജരാകേണ്ടി വരും. മൊത്തത്തില്‍, അടുത്തമാസം മുഴുവന്‍ കോടതിയില്‍ ചെലവഴിക്കേണ്ട ഗതികേടിലാണ് താരങ്ങള്‍ എന്ന് സാരം.
വാല്‍ക്കഷണം: സൂര്യ ഏറെ ദുഖിതനാണ്. കാരണം, മാധ്യമങ്ങളെ അസഭ്യം പറഞ്ഞ് പ്രതിച്ഛായ കളഞ്ഞുകുളിച്ചിരിക്കുന്ന അവസ്ഥയാണ്. അതിനിടെ, പുതിയ സിനിമ, ‘ആദവന്‍’ എട്ട് നിലയില്‍ പൊട്ടുകയും ചെയ്തു. റിലീസായി മൂന്നാം ദിവസം തന്നെ തീയേറ്ററുകളില്‍ എലി പോലുമില്ലെത്രെ! ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന അവസ്ഥ തന്നെ!