കത്രീന കൈഫും കരീന കപൂറും ശീതസമരത്തിലല്ലേ? ബോളിവുഡിലെ താരറാണിപ്പട്ടത്തിനായി ഇരുവരും പൊരിഞ്ഞ യുദ്ധത്തിലാണെന്നായിരുന്നു ഇതുവരെയുള്ള ബോളിവുഡ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ ആ ധാരണയൊക്കെ മാറ്റേണ്ട സമയമായി.
സെക്സിയസ്റ്റ് ഗേള്‍ എന്ന ബഹുമതി സ്വന്തമാക്കിയ കത്രീന തന്നെയാണ് കരീനയുമായി തനിക്കുണ്ടെന്ന് പ്രചരിക്കുന്ന മത്സരത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ അയഥാര്‍ത്ഥമാണെന്ന് പറയുന്നത്. അടുത്തിടെ ഒരു വിനോദ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ കത്രീന തന്റെ ഇഷ്ട സുഹൃത്ത് കരീനയെ കുറിച്ച് വാചാലയായത് ഇവര്‍ രണ്ടു പേരെയും കുറിച്ചുള്ള എല്ലാ ധാരണകളും മാറ്റി മറിക്കുന്നതായിരുന്നു.
കരീനയെ താന്‍ വല്ലാതെ ആരാധിക്കുന്നു എന്ന് തുറന്നടിച്ച കത്രീന തങ്ങള്‍ ഇരുവരും പലപ്പോഴും മാനേജരുടെ സേവനം പോലും പങ്കിടാറുണ്ടെന്നും പറഞ്ഞു. കരീന വളരെ നല്ലവളാണ്. തന്നെ കാണുമ്പോഴൊക്കെ വളരെ സ്നേഹമായാണ് സംസാരിക്കാറുള്ളത്. ഞാനും അവരെ വളരെയധികം ഇഷ്ടപ്പെടുന്നു......കരീനയെ കുറിച്ച് കത്രിക്ക് പറയാന്‍ ഏറെ.
ഈ അഭിമുഖം പുറത്തുവരുമ്പോഴെങ്കിലും താനും കരീനയും തമ്മില്‍ ശീതസമരമില്ല എന്ന് എല്ലാവര്‍ക്കും മനസ്സിലാവുമെന്നാണ് കത്രിയുടെ പ്രതീക്ഷ.
എന്നാല്‍, ബോളിവുഡിലെ ഈ താരസുന്ദരിമാര്‍ തമ്മില്‍ മത്സരമില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനും പ്രയാസമാണ്. കാരണം, ബോളിവുഡിലെ കിരീടം വയ്ക്കാത്ത രാജകുമാരിയായി വാണിരുന്ന കരീനയ്ക്ക് എല്ലാ രീതിയിലും ഭീഷണി ഉയര്‍ത്തിയത് കത്രീനയായിരുന്നു- പ്രതിഫലത്തിന്റെ കാര്യത്തിലും അവസരത്തിന്റെ കാര്യത്തിലും എന്തിനേറെ സിനിമകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ പോലും.