“നടന്‍ ബാല വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു” എന്ന വാര്‍ത്ത ചൊവ്വാഴ്ച ഉച്ചയോടെയാണ് പുറത്തുവന്നത്. വാഗമണ്ണില്‍ താന്‍ സഞ്ചരിച്ചിരുന്ന കാരവന്‍ ബ്രേക്ക് പൊട്ടി കൊക്കയിലേക്ക് മറിഞ്ഞെങ്കിലും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു എന്നാണ് ബാല തന്നെ മാധ്യമങ്ങളോട് വിശദീകരിച്ചത്. എന്നാല്‍, സംഭവസ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈ കഥയില്‍ അവിശ്വാസ്യത തോന്നി.
അതിന് കാരണങ്ങള്‍ ഇവയാണ്:
1. ബാല സഞ്ചരിച്ചിരുന്ന കാരവനും ഒപ്പമുണ്ടായിരുന്ന കാറും ഒരേ സമയം ബ്രേക്ക് തകര്‍ന്ന് അപകടത്തില്‍ പെട്ടതെങ്ങനെ?
2. വാഹനം അപകടത്തില്‍ പെട്ടയുടനെ വാഗമണ്ണില്‍ എങ്ങനെ ഒരു റിക്കവറി വാഹനം എത്തി?
3. ഇങ്ങനെ ഒരു അപകടത്തെക്കുറിച്ച് നാട്ടുകാര്‍ ആരും അറിയാതിരുന്നത് എന്തുകൊണ്ട്?
4. അപകടവിവരം അറിഞ്ഞ് വാഗമണ്ണിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് ‘റിംഗ്‌ടോണ്‍’ സിനിമയുടെ സംവിധായകന്‍ അജ്മലും കൂട്ടരും ഏറെ ആഹ്ലാദത്തോടെ ഈ സംഭവം വിവരിച്ചത് എന്തുകൊണ്ട്?
“ഞങ്ങള്‍ വളരെ ആഹ്ലാദത്തിലാണ്. ഇത്തരം അപകടം ഉണ്ടാകുന്ന സിനിമകള്‍ ഹിറ്റാകും. ഈ സിനിമയും ഹിറ്റാകുമെന്നതിന്‍റെ സൂചനയാണ് ബാലയുടെ അപകടം. അതുകൊണ്ടു തന്നെ എല്ലാവരും ആഹ്ലാദത്തിലാണ്” - സംവിധായകന്‍ അജ്മല്‍ പൊട്ടിച്ചിരിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു. അപകടത്തില്‍ പെട്ട ബാലയ്ക്കും ആഹ്ലാദത്തിന് കുറവൊന്നും ഇല്ലായിരുന്നു.
ബാലയുടെയും സംഘത്തിന്‍റെയും ഇത്തരം പെരുമാറ്റങ്ങളും സംഭവത്തെക്കുറിച്ച് ഭിന്നമായ അഭിപ്രായ പ്രകടനങ്ങളും അപകടം കെട്ടിച്ചമച്ചതാണ് എന്ന സംശയം ഉണര്‍ത്തുന്നു. സിനിമയുടെ പരസ്യ തന്ത്രത്തിന്‍റെ ഭാഗമായിരുന്നു ഈ ‘അപകടം’ എന്നാണ് അറിയാന്‍ കഴിഞ്ഞത്.
എന്നാല്‍, അപകടവാര്‍ത്ത പരസ്യതന്ത്രമല്ലെന്ന് ബാല പറയുന്നു. ഭാഗ്യം കൊണ്ടാണ് നാലായിരം അടി താഴ്ചയുള്ള കൊക്കയിലേക്ക് വീഴാതെ തങ്ങള്‍ രക്ഷപെട്ടതെന്നാണ് ബാലയുടെ വിശദീകരണം. ഏറെ നാളായി ചിത്രീകരണം നടക്കുന്ന ചിത്രമാണ് ‘റിംഗ്‌ടോണ്‍’. സുരേഷ്ഗോപിയാണ് ചിത്രത്തിലെ നായകന്‍. ഈ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇതിനു മുമ്പും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.