അനുഷ്കയെ അറിയില്ലേ, ‘റബ് നെ ബനാ ദി ജോഡി’ എന്ന സിനിമയില്‍ ഷാരൂഖിനോടൊപ്പം അഭിനയിച്ച ആ സുന്ദരിയെ? ബോളിവുഡില്‍ കൈനിറയെ വേഷങ്ങളുമായി കുതിക്കുന്ന അനുഷ്കയ്ക്ക് അസിനെ കണ്ണെടുത്താല്‍ കണ്ടുകൂടാ. അസിനെ പറ്റി ആരെന്ത് ചോദിച്ചാലും അനുഷ്ക പൊട്ടിത്തെറിക്കും. അസിനൊരു കുഞ്ഞാണെന്നും കുഞ്ഞുങ്ങളെ തന്നോടൊപ്പം താരതമ്യപ്പെടുത്തരുത് എന്നുമാണ് അനുഷ്ക പറയുന്നത്.
“അസിനോ? അവളൊരു കൊച്ചുകുട്ടിയാണ്. ബോളിവുഡിനെ അമ്പരപ്പോടെ നോക്കിനില്‍ക്കുന്ന ഒരു കുഞ്ഞ്. അസിന്‍ ഗജിനിയില്‍ അഭിനയിക്കുന്നതിന് മുമ്പുതന്നെ ഞാന്‍ റബ് നെ ബനാ ദി ജോഡിയില്‍ അഭിനയിച്ചു. സിനിമ ഗജിനിക്ക് മുമ്പുതന്നെ റിലീസായി സൂപ്പര്‍ ഹിറ്റും ആയി.”
“ തെന്നിന്ത്യയിലെ വലിയ താരമായിരിക്കാം അസിന്‍. എന്നാലിത് ബോളിവുഡാണ്. ബോളിവുഡില്‍ വെറും പുതുമുഖം മാത്രമാണ് അസിന്‍. എനിക്ക് ശേഷമാണ് അസിന്‍ ബോളിവുഡില്‍ വരുന്നത്. അതുകൊണ്ടുതന്നെ എന്റെ മുന്നില്‍ അസിന്‍ വെറുമൊരു കൊച്ചുകുട്ടിയാണ്” - അനുഷ്ക കാച്ചുന്നു.
ബോളിവുഡിലെ ഏറ്റവും മികച്ച പ്രൊഡക്ഷന്‍ കമ്പനിയായ യഷ് രാജ് ഫിലിംസിന്റെ കണ്ണിലെ കൃഷ്ണമണിയാണ് കര്‍ണാടകക്കാരിയും മോഡലുമായ ഈ ഇരുപത്തിയൊന്നുകാരി. പാരച്ച്യൂട്ട് കോക്കനട്ട് ഓയിലിന്റെ പരസ്യങ്ങളില്‍ നിന്ന് ദീപിക പഡുകോണിനെ പുറന്തള്ളി സ്ഥാനം കണ്ടെത്തിയ അനുഷ്കയിപ്പോള്‍ ഷാഹിദ് കപൂര്‍, അക്ഷയ് കുമാര്‍ എന്നീ സൂപ്പര്‍ താരങ്ങള്‍ നായകന്മാരാകുന്ന സിനിമകളില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.
അനുഷ്കയുടെ കളിയാക്കലിനെ പറ്റി അസിന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.