തമിഴകത്തെ ബ്രഹ്മാണ്ഡ സംവിധായകന്‍ ഷങ്കര്‍ നല്ല ചിത്രങ്ങളുടെ നിര്‍മ്മാതാവ് കൂടിയാണ്. കാതല്‍, വെയില്‍, ഇംസൈ അരസന്‍ ഇരുപത്തിമൂന്നാം പുലികേശി തുടങ്ങിയ ഗംഭീര സിനിമകള്‍ ഷങ്കറിന്‍റെ ‘എസ്’ പിക്ചേഴ്സാണ് നിര്‍മ്മിച്ചത്. ഇപ്പോഴിതാ മറ്റൊരു സൂപ്പര്‍ ഹിറ്റുകൂടി എസ് പിക്ചേഴ്സില്‍ നിന്ന് ലഭിച്ചിരിക്കുന്നു.
ഷങ്കറിന്‍റെ നിര്‍മ്മാണത്തില്‍ നവാഗതനായ അറിവഴകന്‍ സംവിധാനം ചെയ്ത ‘ഈറം’ തമിഴ്നാട്ടില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുന്നു. ആദി, നന്ദ, സിന്ധു മേനോന്‍, ശരണ്യ മോഹന്‍ തുടങ്ങിയവരാണ് ഈറത്തിലെ താരങ്ങള്‍. ചിത്രത്തിന്‍റെ ഗംഭീര വിജയത്തിനു പുറമേ മറ്റൊരു ഗുഡ്‌ന്യൂസ് കൂടി അറിയാന്‍ കഴിയുന്നുണ്ട്.
ഈറത്തിന്‍റെ ചാനല്‍ അവകാശം സ്റ്റാര്‍ വിജയ് ടി വി സ്വന്തമാക്കി. ഒന്നരക്കോടി രൂപയ്ക്കാണ് വിജയ് ടി വി ‘ഈറം’ വാങ്ങിയിരിക്കുന്നത്. ഒരു നവാഗത സംവിധായകന്‍റെ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ചാനല്‍ തുകയാണിത്. അധികം മുതല്‍ മുടക്കില്ലാത്ത ഈ സിനിമയ്ക്ക് വമ്പന്‍ തുക ചാനല്‍ റൈറ്റായി ലഭിച്ചതോടെ മികച്ച ലാഭമാണ് നിര്‍മ്മാതാവിന് ലഭിക്കുന്നത്.
തമിഴകത്തെ ആദ്യ ‘വാട്ടര്‍ഗോസ്റ്റ്’ സിനിമയാണ് ഈറം. ചിത്രത്തിന്‍റെ ഓരോ ഫ്രെയിമും ഈര്‍പ്പം നിറഞ്ഞു കാണത്തക്ക വിധം പ്രത്യേക രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.