ശ്രീനിവാസന്‍റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി എം മോഹന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘കഥ പറയുമ്പോള്‍’. ഈ ചിത്രം മലയാളത്തില്‍ വമ്പന്‍ വിജയമാണ് നേടിയത്. മലയാളത്തില്‍ മികച്ച വിജയം നേടിയതോടെ തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്തു. കഥ പറയുമ്പോള്‍ തമിഴില്‍ കുസേലനായി അവതരിച്ചപ്പോല്‍ നായകനായത് സാക്ഷാല്‍ രജനീകാന്ത്. ഹിന്ദിയില്‍ ബില്ലു ബാര്‍ബറില്‍ നടിച്ചത് ഷാരുഖ് ഖാന്‍.
പക്ഷേ കുസേലനും ബില്ലു ബാര്‍ബറും ബോക്സോഫീസില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. സൂപ്പര്‍ താരങ്ങളും സൂപ്പര്‍ സംവിധായകരും ഉണ്ടായിട്ടും ‘കഥ പറയുമ്പോള്‍’ റീമേക്കുകള്‍ ഏശിയില്ല. എന്തുകൊണ്ട് കഥ പറയുമ്പോള്‍ മറ്റു ഭാഷകളില്‍ വിജയമാകാതെ പോയി എന്ന് ശ്രീനിവാസന്‍ വ്യക്തമാക്കുകയാണ്. ഒരു ചലച്ചിത്രവാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കുസേലന്‍റെയും ബില്ലു ബാര്‍ബറിന്‍റെയും പരാജയ കാരണം ശ്രീനി വിവരിച്ചത്.
PRO
“കുചേലനും ശ്രീകൃഷ്ണനും തമ്മിലുള്ള ബന്ധമാണ് കഥ പറയുമ്പോള്‍ എന്ന സിനിമയുടെ ആശയം. മമ്മൂട്ടിയുടെ സ്വഭാവത്തിന്‍റെ പ്രത്യേകതകള്‍ വച്ചാണ് ഞാന്‍ കഥ പറയുമ്പോള്‍ ഒരുക്കിയത്. മമ്മൂട്ടിക്ക് ഇവിടെ ഒരു പ്രത്യേക ഇമേജുണ്ട് - ജാഡക്കാരനും അഹങ്കാരിയുമാണ് എന്ന്. അങ്ങനെയുള്ള ഒരു മനുഷ്യന്‍റെ മറ്റൊരു മുഖമാണ് കഥ പറയുമ്പോളില്‍ കാണിച്ചത്. ജീവിതവിജയം നേടി ഏറെ ഉയരങ്ങളില്‍ നില്‍ക്കുന്ന ഒരാളുടെ മനസില്‍ കെടാതെ നില്‍ക്കുന്ന നന്‍മയാണ് ചിത്രത്തിന്‍റെ അവസാനം പ്രേക്ഷകരുടെ കണ്ണു നനയ്ക്കുന്നത്. മമ്മൂട്ടി ചെയ്തതു കൊണ്ടാണ് ഇവിടെ അത് സ്വീകരിക്കപ്പെട്ടത്. രജനീകാന്തിനും ഷാരുഖ് ഖാനുമൊന്നും മമ്മൂട്ടിക്കുള്ളതുപോലെ ഒരു ‘ജാഡക്കാരന്‍’ ഇമേജില്ല” - ശ്രീനി വ്യക്തമാക്കുന്നു.