റാണി മുഖര്‍ജിയും ഷാഹിദ് കപൂറും ജോഡിയാകുന്ന യഷ്‌രാജ് ചിത്രം ‘ദില്‍ ബോലെ ഹാദിപ്പ’യ്ക്ക് എങ്ങനെയാണ് യു/എ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചത്? ബോളിവുഡില്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യമിതാണ്. യഷ്‌രാജിനെപ്പോലെ ഒരു കമ്പനിയുടെ ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചത് ‘എന്തൊക്കെയോ ചിത്രത്തില്‍ ഉള്ളതുകൊണ്ടാ’ണെന്ന് ഒരു സംസാരം വ്യാപകമാണ്.
റാണി മുഖര്‍ജി ഈ ചിത്രത്തില്‍ ബിക്കിനിയില്‍ പ്രത്യക്ഷപ്പെടുന്നു എന്നൊരു വാര്‍ത്ത ഇതിനകം തന്നെ പ്രചാരം ലഭിച്ചു കഴിഞ്ഞിരുന്നല്ലോ. റാണിയുടെ ബിക്കിനി പ്രകടനം അതിരുകടന്നതു കൊണ്ടാണോ സര്‍ട്ടിഫിക്കേറ്റ് ‘യു/എ’ ആകാന്‍ കാരണമെന്നാണ് ഏവരും അന്വേഷിച്ചത്. എന്നാല്‍ റാണിയല്ല ‘എ’ സര്‍ട്ടിഫിക്കേറ്റിന് കാരണക്കാരിയെന്നാണ് ഒടുവില്‍ അറിയാന്‍ കഴിഞ്ഞത്.
സെന്‍സര്‍ ബോര്‍ഡിലെ ഒരു ഉദ്യോഗസ്ഥന്‍ തന്നെ ഇതിന്‍റെ സത്യാവസ്ഥ വെളിപ്പെടുത്തി. ഷെര്‍ലിന്‍ ചോപ്രയുടെ വസ്ത്രധാരണവും രാഖി സാവന്തിന്‍റെ ഡാന്‍സ് നമ്പരുമാണ് ‘ദില്‍ ബോലെ ഹാദിപ്പ’യെ ‘എ’ കുരുക്കില്‍ അകപ്പെടുത്തിയത്. ഷെര്‍ലിന്‍ ചോപ്രയുടെ ചില ഇന്‍റിമേറ്റ് സീനുകളും രാഖി ഡാന്‍സിനിടെ കാണിക്കുന്ന ചേഷ്ടകളുമൊക്കെയായി യുവാക്കള്‍ക്ക് ഒരു ഗംഭീര വിരുന്നായിരിക്കും ദില്‍ ബോലെ ഹാദിപ്പയെന്നാണ് റിപ്പോര്‍ട്ടുകള്‍.
വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ഈ ചിത്രം റാണി മുഖര്‍ജിയുടെ തിരിച്ചുവരവ് ആഘോഷിക്കുന്ന സിനിമയാണ്. അനുരാഗ് സിംഗ് സംവിധാനം ചെയ്യുന്ന ദില്‍ ബോലെ ഹാദിപ്പ ഒരു ക്രിക്കറ്റ് പ്രേമിയുടെ കഥയാണ് പറയുന്നത്.