സിനിമയിലെത്തിയില്ലായിരുന്നെങ്കില്‍ ജ്യോത്സ്യനാകുമായിരുന്നു എന്ന നിലയിലാണ് ചില സിനിമാക്കാര്‍. സിനിമയുടെ കഥ മുതല്‍ ലൈറ്റ് ബോയ്സ് ആരൊക്കെയായിരിക്കണമെന്നു വരെ തീരുമാനിക്കുന്നതിന് ജ്യോതിഷം നോക്കുകയാണ് ചിലര്‍. ‘സംവിധാനവും ജ്യോത്സ്യനെക്കൊണ്ട് ചെയ്യിച്ചോളൂ’ എന്ന് ഉദയനാണു താരത്തില്‍ ലോഹിതദാസ് അവതരിപ്പിച്ച കഥാപാത്രം പരിഹസിച്ചത് ഇത്തരക്കാരെക്കുറിച്ചാണ്.
PRO
PRO
അശോക് ആര്‍ നാഥ് സംവിധാനം ചെയ്യുന്ന ‘ഏകാദശി’ എന്ന ചിത്രത്തിന്‍റെ സെറ്റിലും അന്ധവിശ്വാസത്തിന്‍റെ ചില കളികള്‍ അരങ്ങേറി. ചിത്രത്തില്‍ നായികയായി ആദ്യം തീരുമാനിച്ചത് ലക്ഷ്മി ഗോപാലസ്വാമിയെയാണ്. എന്നാല്‍ നായകന്‍ സുരേഷ് ഗോപിക്ക് ലക്ഷ്മിയെ നായികയാക്കുന്നതിനോട് അത്ര താല്‍പര്യമുണ്ടായിരുന്നില്ലത്രേ.
ലക്ഷ്മി രാശിയില്ലാത്ത നടിയാണെന്ന് സുരേഷിനോട് ആരൊക്കെയോ പറഞ്ഞു പോലും. സുരേഷിനൊപ്പം ലക്ഷ്മി അഭിനയിച്ച ‘പറഞ്ഞു തീരാത്ത വിശേഷങ്ങള്‍’ എട്ടു നിലയിലാണ് പൊട്ടിയത്. ആ സിനിമ തകര്‍ന്നത് ലക്‍ഷ്മിക്ക് രാശിയില്ലാത്തതുകൊണ്ടാണത്രേ. എന്തായാലും ഇതു വിശ്വസിച്ച സുരേഷ് ഗോപി ഇനി ലക്ഷ്മിക്കൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചു.
ഇതോടെ ‘ഏകാദശി’യുടെ അണിയറപ്രവര്‍ത്തകര്‍ ധര്‍മ്മസങ്കടത്തിലായി. ഒടുവില്‍ നായകനു വേണ്ടി അവര്‍ നായികയെ മാറ്റി. ലക്ഷ്മിക്കു പകരം ജ്യോതിര്‍മയിയെ അഭിനയിപ്പിക്കാനാണ് ഒടുവില്‍ തീരുമാനമായത്. ജ്യോതിര്‍മയിക്ക് നല്ല രാശിയാണത്രേ. ഏകാദശിയുടെ ചിത്രീകരണം ഇപ്പോള്‍ വിവിധ ലൊക്കേഷനുകളിലായി പുരോഗമിക്കുകയാണ്.
വാല്‍ക്കഷണം: പറഞ്ഞു തീരാത്ത വിശേഷങ്ങള്‍ തകര്‍ന്നത് ലക്ഷ്മിയുടെ രാശി മോശമായതു കൊണ്ടാണ് എന്നു പറയുന്നവര്‍ ആ ചിത്രം കണ്ടു കാണാന്‍ വഴിയില്ല. എണ്‍പതുകളില്‍ പോലും 25 ദിവസം തികയ്ക്കാന്‍ ശേഷിയില്ലാത്ത തിരക്കഥയായിരുന്നു അതെന്ന് സിനിമ കണ്ടവര്‍ക്കു ബോധ്യമാകും. അന്യര്‍, ഹരിഹരന്‍പിള്ള ഹാപ്പിയാണ്, പട്ടാളം തുടങ്ങിയ ചിത്രങ്ങള്‍ തകര്‍ന്നടിഞ്ഞതിനു കാരണവും ജ്യോതിര്‍മയിയുടെ രാശിഗുണമാകുമോ?