മഴക്കാലത്തെ തണുപ്പിനെ ചൂടുപിടിപ്പിക്കാന്‍ മമ്മൂട്ടിയും ലാലും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മിഥുനപ്പെയ്ത്തിന്റെ സമയത്ത് നടക്കുമെന്ന് കരുതിയിരുന്ന ഈ യുദ്ധം അവസാന നിമിഷത്തില്‍ മാറ്റിവച്ചു. പുതുക്കിയ തീയതിയനുസരിച്ച്, മമ്മൂട്ടി ഭൂതമാവുന്ന ‘പട്ടണത്തില്‍ ഭൂതം’ ജൂണ്‍ 25ന് റിലീസാവുമെങ്കിലും മോഹന്‍ലാല്‍ - ബ്ലെസി ടീമിന്റെ ഭ്രമരം ഒരാഴ്ച കഴിഞ്ഞ് ജൂലൈ രണ്ടിനേ പുറത്തിറങ്ങൂ.
നൂറ്റിപ്പതിനൊന്ന് തീയേറ്ററുകളെയാണ് ഭൂതം കീഴടക്കാന്‍ പോവുന്നത്. മമ്മൂട്ടി ഭൂതമായും ബൈക്ക് അഭ്യാസിയായും അഭിനയിക്കുന്ന ഈ സിനിമ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചേക്കും. സി ഐ ഡി മൂസ, തുറുപ്പുഗുലാന്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള ജോണി ആന്റണിയുടേതാണ് ‘പട്ടണത്തില്‍ ഭൂതം’.
ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് വണ്ട്(ഭമരം) പോലെ അലയുന്ന ഒരു ജീപ്പ് ഡ്രൈവറെയാണ് ഭ്രമരത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കാഴ്ച, തന്മാത്ര, പളുങ്ക്, കല്‍ക്കട്ട ന്യൂസ് എന്നീ സിനിമകള്‍ ചെയ്തിട്ടുള്ള ബ്ലെസിയാണ് ഭ്രമരത്തിന്റെ സംവിധായകന്‍. ഭ്രമരം വിതരണം ചെയ്യുന്നത് മോഹന്‍ലാലിന്റെ തന്നെ വിതരണക്കമ്പനിയായ മാക്‌സ്‌ലാബാണ്.
സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഒരേദിവസം റിലീസ് ചെയ്യരുതെന്ന് തിയറ്ററുടമകള്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഒഴിവായതെന്ന് അറിയുന്നു. രണ്ടുപേരും ഏറ്റുമുട്ടുന്നത് കളക്ഷന്‍ റെക്കോര്‍ഡില്‍ കുറവുണ്ടാക്കും എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കൂടാതെ, വിനോദ ചിത്രമായ പട്ടണത്തില്‍ ഭൂതവും ക്ലാസ് ചിത്രമായ ഭ്രമരവും നേരിട്ട് ഏറ്റുമുട്ടുന്നത് ആത്മഹത്യാപരമാവുമെന്നും തീയേറ്ററുടമകള്‍ കരുതുന്നു.