സിനിമയും രാഷ്ട്രീയവും തമ്മില്‍ അഭേദ്യബന്ധമുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. നായകനായി പത്ത് സിനിമയില്‍ അഭിനയിച്ച് കഴിഞ്ഞാല്‍ പിന്നെ രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടാക്കാനുള്ള ശ്രമമായി. എം ജി ആറും കരുണാനിധിമൊക്കെ സിനിമയില്‍ നിന്ന് രാഷ്ട്രീയത്തില്‍ പ്രവേശിച്ച് വിജയം കൊയ്തത് കണ്ടിട്ടാവണം, തമിഴ് നായകനടന്മാരുടെ ഈ അതിമോഹം. എന്നാല്‍ ഇവര്‍ക്ക് ശേഷം രാഷ്ട്രീയത്തില്‍ പ്രവേശിച്ച പുതിയ തലമുറയിലെ സിനിമാക്കാര്‍ക്ക് രാഷ്ട്രീയത്തില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ ആയിട്ടില്ല. സാക്ഷാല്‍ ശിവാജി ഗണേശന്റെ രാഷ്ട്രീയ പ്രവേശനം പോലും വന്‍ പരാജയമായിരുന്നു.
PRO
PRO
ഇപ്പോള്‍ തന്നെ ശരത്‌കുമാര്‍, വിജയ്കാന്ത്, കാര്‍ത്തിക്, ടി രാജേന്ദര്‍, മന്‍സൂര്‍ അലി ഖാന്‍ എന്നീ നടന്മാര്‍ സ്വന്തമായി പാര്‍ട്ടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ വിജയ്കാന്തിന്റെ പാര്‍ട്ടിയായ ഡി എം ഡി കെ ഒഴികെ ബാക്കിയെല്ലാവരുടേതും ‘ഈര്‍ക്കിലി പാര്‍ട്ടികള്‍’ ആണ്. എങ്കിലും തമിഴ് നടന്മാരുടെ പാര്‍ട്ടി മോഹം അണയുന്നില്ല. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കുതിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഏറ്റവും പുതിയ നായകനടന്‍ ‘ഇളയ ദളപതി’ എന്ന് അറിയപ്പെടുന്ന വിജയ് ആണ്.
ജൂണ്‍ 22ന് തന്റെ മുപ്പത്തിയാറാം പിറന്നാളിന് പുതിയൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജനനം അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് വിജയ്. പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ ആഗമനം അറിയിച്ചുകൊണ്ട്, ഇതിനകം തന്നെ വിജയ് താമസിക്കുന്ന വടപളനിയില്‍ കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്.
തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളുടെയും ആസ്ഥാനത്ത് ഒരു കല്യാണമണ്ഡപവും അതിന്റെ ഭാഗമായി പാര്‍ട്ടി ഓഫീസും നിര്‍മ്മിക്കാനാണ് വിജയിന്റെ ശ്രമം. പാര്‍ട്ടിയുടെ ലെറ്റര്‍പാഡിലും ലഘുലേഖകളിലും മറ്റും എം ജി ആറിന്റെ ചിത്രം ഉള്‍പ്പെടുത്തും എന്നുമറിയുന്നു. എം ജി ആറിന്റെ യഥാര്‍ത്ഥ പിന്‍ഗാമിയെന്ന് ജനഹൃദയങ്ങളില്‍ ഇടം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് വിജയ്.
റിലീസാവാനിരിക്കുന്ന ‘വേട്ടക്കാരന്‍’ എന്ന സിനിമയില്‍ എം ജി ആര്‍ ചെയ്തതുപോലുള്ള വേഷമാണ് വിജയ് അവതരിപ്പിക്കുന്നത്. പഴയ എം ജി ആര്‍ പടങ്ങളിലേതുപോലെയുള്ള തത്വചിന്താ പ്രധാനമായ പാട്ടുകളും ഇതില്‍ ഒരുക്കിയിട്ടുണ്ടെത്രെ.
“ഉണവു ഉടൈ ഇരുപ്പിടം ഉഴവനുക്കു കിടൈക്കണം അവന്‍ അനുഭവിച്ച മിച്ചംതാന്‍ ആണ്ടവനുക്കേ പടക്കണം" (ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും തൊഴിലാളിക്ക് ലഭിക്കണം അവന്‍ ഉപയോഗിച്ചതിന്റെ ബാക്കി മാത്രം ദൈവത്തിന് സമര്‍പ്പിക്കാം) - എന്ന് ആരംഭിക്കുന്നതാണ് ഒരു പാട്ട്. എങ്ങനെ?
“എന്റെ പിറന്നാളാണ് ജൂണ്‍ ഇരുപത്തിരണ്ട്. അതുവരെ ക്ഷമിച്ചിരിക്കുക. പിറന്നാള്‍ ദിനത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാനൊരു നല്ല വാര്‍ത്ത തരാം” - തുടങ്ങാന്‍ പോവുന്ന രാഷ്ട്രീയ പാര്‍ട്ടിയെ പറ്റി തന്നോട് ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരോടുള്ള വിജയിന്റെ പ്രതികരണമാണിത്. തമിഴകം കാത്തിരിക്കുകയാണ് ജൂണ്‍ ഇരുപത്തിരണ്ടിനായി.