എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിന് മുമ്പ്, അത് എങ്ങനെയെങ്കിലും കീഴടക്കണം..കീഴടക്കണം എന്നൊരു ചിന്തയാണ്. എന്നാല്‍ കീഴടക്കിക്കഴിഞ്ഞാലോ? പിന്നീട് ഒരു ശൂന്യത. ഇനി എന്താണുള്ളത്? ഒന്നും ചെയ്യാനില്ല എന്നൊരു ഭാവം. ഇത് എവറസ്റ്റ് കീഴടക്കുന്നവരുടെ മാത്രം കാര്യമല്ല. ഏതു രംഗത്തും വിജയിക്കുന്നവര്‍ക്ക് അതിന് ശേഷം ഉണ്ടായേക്കാവുന്ന ഒരവസ്ഥയാണിത്.
താരസുന്ദരി അസിന്‍റെ കാര്യം തന്നെയെടുക്കാം. ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’ എന്ന ചിത്രത്തില്‍ രണ്ടാം നായികയായി അസിനെത്തുമ്പോള്‍ ഒരു സാധാരണ പെണ്‍കുട്ടിയെന്നേ ഏവരും കരുതിയുള്ളൂ. എന്നാല്‍ പിന്നീട് തമിഴിലും ഹിന്ദിയിലും വെന്നിക്കൊടി പാറിച്ച് അത്ഭുതം കാട്ടി. പോക്കിരി, ഗജിനി എന്നീ വിജയങ്ങളോടെ തമിഴിലും ഗജിനി ഹിന്ദി റീമേക്കിലൂടെ ബോളിവുഡിലും എതിരാളിയില്ലാത്ത താരമായി അസിന്‍ വളര്‍ന്നിരിക്കുന്നു.
അമീര്‍ ഖാന്‍റെ നായികാ പദവിക്ക് ശേഷം അക്ഷയ് കുമാര്, സല്മാന് ഖാന്‍ എന്നിവര്‍ക്കൊപ്പവും അസിന്‍ അഭിനയിച്ചു. ഇനി ഒരു വിശ്രമം വേണമെന്ന ചിന്തയിലാണത്രേ അസിന്‍. ഈ തിരക്കാര്‍ന്ന ജീവിതം അല്‍പം ബോറടിച്ചു തുടങ്ങിയോ എന്ന് സംശയം.
“ഹിന്ദി ഗജിനിക്ക് ശേഷം ഒരു ഇടവേള എടുക്കും എന്ന് ഞാന്‍ എനിക്കു തന്നെ വാക്കു നല്‍കിയിരുന്നു. എന്നാല്‍ അതിന് സാധിച്ചില്ല. ഗജിനി കഴിഞ്ഞ് അധികം വൈകും മുമ്പേ ലണ്ടന്‍ ഡ്രീംസ് ആരംഭിച്ചു. ലണ്ടനിലും പാരീസിലുമായിരുന്നു ആ ചിത്രത്തിന്‍റെ ഷൂട്ടിംഗ്. ലണ്ടനും പാരീസുമൊക്കെ മനോഹരങ്ങളായ സ്ഥലങ്ങളാണ്. എന്നാല്‍, കേരളം പോലെ ഒരു സ്ഥലം എവിടെയുമില്ല. ഞാന്‍ ഒരു ഇടവേള എടുക്കുകയാണെങ്കില്‍ നേരെ കേരളത്തിലേക്ക് പറക്കും. ഒഴിവുകാലം അവിടെ ചെലവഴിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്” - അസിന്‍ പറയുന്നു.
ഒരു ഇടവേള നല്ലതാണ്. കേരളത്തില്‍ കുറച്ചുകാലം വന്ന് വിശ്രമിക്കുന്നത് അടുത്ത ചിത്രത്തിന് വേണ്ട ഊര്‍ജ്ജ സമാഹരണം കൂടിയാകും. കമലഹാസനൊപ്പം നയന്‍റീന്‍ത് സ്റ്റെപ്സ് ആണ് അസില്‍ അഭിനയിക്കുന്ന അടുത്ത ചിത്രം. ഷാരുഖ് ഖാന്‍ നായകനാകുന്ന ഒരു ചിത്രത്തിലും അസിന്‍ അഭിനയിക്കുന്നുണ്ടെന്നാണ് സൂചന.