സ്ലംഡോഗ് മില്യണയറില്‍ എ ആര് റഹ്‌മാന് ഓസ്കര്‍ നേടിക്കൊടുത്ത ‘ജയ്ഹോ...’ എന്ന ഗാനം സംവിധായകന്‍ പ്രിയദര്‍ശന്‍ പുനരാവിഷ്കരിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കാനാണ് ജയ് ഹോയ്ക്ക് പ്രിയന്‍ പുതിയ ദൃശ്യങ്ങള്‍ ഒരുക്കുന്നത്.
കാഞ്ചീവരത്തിന്‍റെ ആദ്യ പ്രദര്‍ശനത്തിന് പോലും നില്‍ക്കാതെ ഈ ഗാനരംഗത്തിന്‍റെ ചിത്രീകരണത്തിനായി കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ പൊള്ളാച്ചിയിലെ തന്‍റെ പ്രിയപ്പെട്ട ലൊക്കേഷനുകളിലായിരുന്നു പ്രിയദര്‍ശന്‍. ജയ് ഹോ എന്ന ഗാനം തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കാനായി കോണ്‍ഗ്രസ് ലേലത്തില്‍ വാങ്ങിയിരുന്നു.
കോണ്‍ഗ്രസ് പ്രചരണ തന്ത്രങ്ങല്‍ മെനയുന്നവര്‍ക്ക് പ്രിയന്‍ ചിത്രമായ ‘ബില്ലു’ വളരെ ഇഷ്ടപ്പെട്ടു. അതുകൊണ്ടാണത്രെ ജയ് ഹോ ചിത്രീകരണത്തിന് പ്രിയനെത്തന്നെ തെരഞ്ഞെടുത്തത്.
എന്നാല്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രിയദര്‍ശന്‍ പുറത്തുവിട്ടിട്ടില്ല. പ്രിയദര്‍ശന്‍ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ചുക്കാന്‍ പിടിക്കുന്ന ആനന്ദ് ശര്‍മയേയും ജയറാം രമേശിനേയും സന്ദര്‍ശിച്ചതായാണ് അറിയുന്നത്. താന്‍ ചിത്രീകരിച്ച ‘ജയ് ഹോ’ പ്രിയന്‍ ഇവരെ കാണിച്ചതായും സൂചനയുണ്ട്.
10 മിനുട്ട് ദൈര്‍ഘ്യമുള്ള പ്രചരണചിത്രത്തിലാണ് ഈ ഗാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആയിരം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ പങ്കെടുപ്പിച്ചാണ് ഈ പ്രചരണ ചിത്രം ഒരുക്കിയിരിക്കുന്നത്. പാര്‍ട്ടിയുടെ പാരമ്പര്യം, നേട്ടങ്ങള്‍, പ്രധാന പാര്‍ട്ടി നേതാക്കന്‍മാര്‍, മുന്‍ പ്രധാനമന്ത്രിമാര്‍ എന്നിവയൊക്കെ ഉള്‍പ്പെടുത്തിയുള്ള ചരിത്രത്തിലേക്ക് ചിത്രം വെളിച്ചം വീശും.