മമ്മൂട്ടി അങ്ങനെയാണ്. പ്രതിഭയുള്ള ആരെങ്കിലും സിനിമയുടെ ഓരത്ത് കൂടെ പോയാലും മതി, അയാളെ തേടി മെഗാസ്റ്റാറിന്‍റെ വിളിയെത്തിയിരിക്കും. കഴിവുള്ളവരെ കണ്ടെത്തി സിനിമയില്‍ പുതുമകള്‍ സൃഷ്ടിക്കാനുള്ള മമ്മൂട്ടിയുടെ ആവേശം പേരുകേട്ടതാണ്.
തന്‍റെ ഗുണത്തിന് വേണ്ടിയാണ് മമ്മൂട്ടി നവാഗതരെ തേടി പോകുന്നതെന്നാണ് അസൂയാലുക്കള്‍ പറയുന്നത്. പുതിയ ആള്‍ക്കാര്‍ കൊണ്ടുവരുന്ന വ്യത്യസ്തതയുള്ള കഥകളും സിനിമകളും ഉപയോഗിച്ച് വിജയങ്ങള്‍ സൃഷ്ടിക്കാമല്ലോ. എന്നാല്‍ ഈ രീതി തന്നെയാണ് ഒരു നടന് വേണ്ടതെന്നും ചില സിനിമാവിദഗ്ധര്‍ പറയുന്നുണ്ട്. എന്തായാലും മമ്മൂട്ടി ഇത്തവണ തനിക്കൊപ്പം ചേര്‍ക്കുന്നത് ജയിംസ് ആല്‍ബര്‍ട്ടിനെയാണ്.
ക്ലാസ്‌മേറ്റ്സ്, സൈക്കിള്‍ എന്നീ സൂപ്പര്‍ഹിറ്റിന് ശേഷം ജയിംസ് ആല്‍ബര്‍ട്ട് തിരക്കഥയെഴുതുന്ന മലയാള ചിത്രത്തിലാണ് മമ്മൂട്ടി നായകനാകുന്നത്. ഈ ചിത്രം ഷാഫി സംവിധാനം ചെയ്യും. മുരളി ഫിലിംസിന്‍റെ ബാനറില്‍ മാധവന്‍നായര്‍ നിര്‍മ്മിക്കുന്ന ഈ സിനിമ 2010 ആദ്യം തിയേറ്ററുകളിലെത്തിക്കാനാണ് പരിപാടി. ഷാഫിയുടെ മറ്റൊരു മമ്മൂട്ടിച്ചിത്രമായ ‘മല്ലനും മാതേവനും’ 2010 മധ്യത്തില്‍ റിലീസ് ചെയ്യും.
ജയിംസ് ആല്‍ബര്‍ട്ട് ഇപ്പോള്‍ ‘മഴൈ വരപ്പോകുത്’ എന്ന തമിഴ് ചിത്രത്തിന്‍റെ ജോലികളിലാണ്. ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണിത്. എന്തായാലും ഇതുവരെ ചെറിയ താരങ്ങളെ വച്ച് വമ്പന്‍ ഹിറ്റുകള്‍ സൃഷ്ടിച്ചിരുന്ന ജയിംസ് ആല്‍ബര്‍ട്ട് ഇനി മെഗാതാരത്തെ വച്ച് വിജയകഥ തുടരുമെന്നാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്.