ഹലോ മായാവി: മോഹന്‍ലാല്‍ പിന്‍‌മാറി?

കാണി

PROPRO
വിജയിക്കുന്നവരുടെ മാത്രം കളമാണ് സിനിമ. വിജയങ്ങള്‍ തുടരെയായി ഉണ്ടാകുന്ന സമയത്ത് എല്ലാവരും കൂടെയുണ്ടാകും. പരാജയമേറ്റു കഴിഞ്ഞാല്‍ ആശ്വസിപ്പിക്കാന്‍ പോലും ആരുമുണ്ടായെന്ന് വരില്ല. സുരേഷ് ഗോപി, ജയറാം തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ അടുത്തിടെ ഇക്കാര്യങ്ങള്‍ അനുഭവിച്ചറിഞ്ഞതാണ്. എന്നാല്‍ പറഞ്ഞു വന്നത് ഇവരെക്കുറിച്ചല്ല. മലയാളത്തില്‍ ഒട്ടേറെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഒരുക്കിയ റാഫി - മെക്കാര്‍ട്ടിന്‍ ടീമിന്‍റെ കാര്യമാണ്.

അനിയന്‍‌ബാവ ചേട്ടന്‍ ബാവ, ആദ്യത്തെ കണ്‍‌മണി, ദില്ലിവാല രാജകുമാരന്‍, പുതുക്കോട്ടയിലെ പുതുമണവാളന്‍, പഞ്ചാബി ഹൌസ്, തെങ്കാശിപ്പട്ടണം, മായാവി, ഹലോ തുടങ്ങിയ മെഗാവിജയങ്ങള്‍ റാഫി - മെക്കാര്‍ട്ടിന്‍ സമ്മാനിച്ചിട്ടുണ്ട്. ഇവയില്‍ ഇവര്‍ തിരക്കഥയെഴുതിയതും സംവിധാനം ചെയ്തതുമായ ചിത്രങ്ങളുണ്ട്. സിദ്ദിഖ് ലാല്‍ ടീമിന് ശേഷം ഏറ്റവും വിജയം കണ്ട സംവിധായക ഇരട്ടകളാണ് റാഫി - മെക്കാര്‍ട്ടിന്‍.

എന്നാല്‍ അടുത്തകാലത്തായി ഇവരുടെ സമയം അത്ര ശരിയല്ല. ദിലീപിന്‍റെ പാണ്ടിപ്പട മുതലാണ് ഇവരുടെ കണക്കുകൂട്ടലുകള്‍ പിഴച്ചുതുടങ്ങിയതെന്നു പറയാം. പിന്നീട് ഹലോ, മായാവി എന്നീ സൂപ്പര്‍ഹിറ്റുകള്‍ ഇവര്‍ നല്‍കിയെങ്കിലും തിരക്കഥയുടെ ബലമില്ലായ്‌മ ആ ചിത്രങ്ങളില്‍ മുഴച്ചു നിന്നിരുന്നു.

പിന്നീട് ഇവരുടേതായി പുറത്തു വന്ന ദിലീപ് ചിത്രം റോമിയോ, മമ്മൂട്ടിയുടെ ലൌ ഇന്‍ സിംഗപ്പോര്‍ എന്നീ സിനിമകള്‍ ബോക്സോഫീസില്‍ തകര്‍ന്നടിയുകയാണ് ഉണ്ടായത്. ലൌ ഇന്‍ സിംഗപ്പോറിന്‍റെ തകര്‍ച്ചയോടെ റാഫി - മെക്കാര്‍ട്ടിന്‍ ടീമിലുള്ള വിശ്വാസം സിനിമാരംഗത്തെ പലര്‍ക്കും നഷ്ടമായെന്നാണ് കാണിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്.

മായാവി, ഹലോ എന്നീ സിനിമകളിലെ കേന്ദ്രകഥാപാത്രങ്ങളെ ഒന്നിപ്പിച്ച് ‘ഹലോ മായാവി’ എന്നൊരു പ്രൊജക്ട് റാഫി മെക്കാര്‍ട്ടിന്‍ മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ആന്‍റണി പെരുമ്പാവൂരിന്‍റെ ആശീര്‍വാദ് സിനിമാസ് അത് നിര്‍മ്മിക്കാനും പദ്ധതിയിട്ടിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും നായകന്‍‌മാരാകുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍, മോഹന്‍ലാല്‍ ഈ പ്രൊജക്ടില്‍ നിന്ന് പിന്‍‌മാറിയതായാണ് കാണിക്ക് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്.

അടുത്തിടെ റാഫി - മെക്കാര്‍ട്ടിനേറ്റ പരാജയമാണത്രേ മോഹന്‍ലാലിന്‍റെ പിന്‍‌മാറ്റത്തിന് കാരണം. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാകുമ്പോള്‍ അതൊരു ബിഗ് ബജറ്റ് സിനിമയായിരിക്കും. തിരക്കഥയിലുണ്ടാകുന്ന പാളിച്ച മൂലം ചിത്രം പരാജയപ്പെട്ടാല്‍ നഷ്ടമാകുന്നത് കോടികളാണ്. ഇതു മനസിലാക്കിയാണത്രേ ഹലോ മായാവിയില്‍ നിന്ന് മോഹന്‍‌ലാല്‍ പിന്‍‌മാറിയിരിക്കുന്നത്.

WEBDUNIA| Last Modified ബുധന്‍, 4 മാര്‍ച്ച് 2009 (10:22 IST)
ചില സാങ്കേതിക കാരണങ്ങളാല്‍ തല്‍‌ക്കാലം ഹലോ മായാവി ചെയ്യാന്‍ കഴിയില്ലെന്നാണ് ആശീര്‍വാദ് സിനിമാസ് പറയുന്നത്. എന്തായാലും തങ്ങള്‍ക്ക് വീണ്ടും വിജയചിത്രങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് റാഫി - മെക്കാര്‍ട്ടിന്‍ തെളിയിക്കേണ്ടത് അവര്‍ക്ക് അനിവാര്യമായി വന്നിരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :