രജനീകാന്ത് ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതിക്കുന്നു എന്നിരിക്കട്ടെ. മലയാളത്തിലെ വമ്പന്‍ സംവിധായകര്‍ പോലും രണ്ടുതവണ ആലോചിക്കും. രജനീകാന്തിന് മലയാളികള്‍ക്കിടയില്‍ അത്ര സ്വാധീനമുണ്ടോ?, ഏതു തരം കഥാപാത്രത്തെ അദ്ദേഹത്തിന് നല്‍കും?, മലയാളികള്‍ അദ്ദേഹത്തിന്‍റെ സ്റ്റൈലുകള്‍ ഇഷ്ടപ്പെടുമോ?... ഇങ്ങനെ നീണ്ടുപോകും ചിന്തകള്‍.
എന്നാല്‍ തമിഴിലും തെലുങ്കിലും നിറഞ്ഞു നില്‍ക്കുന്ന ഹോട്ട് ഗേള്‍ നമിത ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കാമെന്ന് ഉറപ്പു നല്‍കിയാലോ?. ആ പ്രൊജക്ടിന്‍റെ നിര്‍മ്മാണവും വിതരണവുമൊക്കെ ഏറ്റെടുക്കാന്‍ തിരക്കോടുതിരക്കായിരിക്കും. നമിതയ്ക്ക് തമിഴ്നാട്ടിലേതിനേക്കാള്‍ കൂടുതല്‍ ആരാധകര്‍ കേരളത്തിലാണെന്നാണ് കാണിക്ക് തോന്നിയിട്ടുള്ളത്.
എന്നാലിതാ, ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്ത. നമിത മലയാളചിത്രത്തില്‍ അഭിനയിക്കുന്നു. പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന ബ്ലാക് സ്റ്റാലിയന്‍ എന്ന ചിത്രത്തിലാണ് നമിത നായികയാകുന്നത്. കലാഭവന്‍ മണിയും ബാലയുമാണ് ചിത്രത്തിലെ നായകന്‍മാര്‍. രാജേഷ് ജയരാമന്‍ തിരക്കഥയെഴുതുന്ന ഈ സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും.
നമിത മലയാളത്തില്‍ അഭിനയിച്ചാല്‍ എന്തു പ്രതിഫലം കൊടുക്കും എന്നത് ഒരു സാധാരണ മലയാളിയുടെ സംശയമാണ്. എത്രയായാലും കൊടുക്കാന്‍ തയ്യാറാണെന്ന രീതിയില്‍ നിര്‍മ്മാതാക്കള്‍ മത്സരിക്കുമ്പോല്‍ നമിത പിന്നെന്തു ഭയക്കാനിരിക്കുന്നു. തമിഴില്‍ 40 ലക്ഷത്തിനും 75 ലക്ഷത്തിനും ഇടയിലാണ് നമിതയുടെ പ്രതിഫലം. ബ്ലാക് സ്റ്റാലിയനില്‍ 25 ലക്ഷത്തിന് മേല്‍ പ്രതിഫലം നല്‍കിയാണ് നമിതയെ അഭിനയിപ്പിക്കുകയെന്ന് അറിയുന്നു.
ഇതോടെ മലയാളത്തില്‍ ഏറ്റവും പ്രതിഫലം പറ്റിയ നായിക എന്ന കീര്‍ത്തിയും നമിതയ്ക്ക് ലഭിച്ചിരിക്കുകയാണ്. മുമ്പ് ബോഡിഗാര്‍ഡ് എന്ന ചിത്രത്തിന് വേണ്ടി നയന്‍താരയാണ് മലയാളത്തില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങിയതെന്നാണ് കാണിക്ക് ലഭിച്ച വിവരം. എന്തായാലും നയന്‍സിന്‍റെ ആ റെക്കോര്‍ഡ് നമിത തകര്‍ത്തു. ‘ബില്ല’ എന്ന തമിഴ് ചിത്രത്തില്‍ നയന്‍താര സ്കോര്‍ ചെയ്തതിന്‍റെ സങ്കടം നമിതയ്ക്ക് ഇപ്പോഴാവും ഒന്ന് കുറഞ്ഞിട്ടുണ്ടാവുക.