'കുചേലന്‍' പ്രതീക്ഷിച്ച ചലനം സൃഷ്ടിക്കാത്തത് മറ്റൊരു മലയാള ചിത്ര റീമേക്കിങ്ങിന് പാരയായി എന്ന് അണിയറ വര്‍ത്തമാനം. മമ്മൂട്ടി അതിഥിതാരമായി എത്തിയ 'കഥപറയുമ്പോള്‍' 'കുചേലന്‍' ആയി റീമേക്ക് ചെയ്‌തതിന് പിന്നാലെ 'വണ്‍വേടിക്കറ്റ്' എന്ന പൃഥ്വിചിത്രവും തമിഴ് റീമേക്കിങ്ങിന് തയ്യാറെടുക്കുകയായിരുന്നു.
പൃഥ്വിരാജ് കടുത്ത മമ്മൂട്ടി ആരാധകനായും മമ്മൂട്ടി സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയായും അഭിനയിക്കുന്ന ചിത്രം രജനി-വിജയ് ചിത്രമായ് തമിഴില്‍ അവതരിക്കും എന്നായിരുന്നു വാര്‍ത്ത പ്രചരിച്ചിരുന്നത്.
കടുത്ത ആരാധകനെ ജീവിത പ്രതിസന്ധികളില്‍ നിന്ന് രക്ഷിക്കാന്‍ സൂപ്പര്‍സ്റ്റാര്‍ നേരിട്ട് അവതരിക്കുന്നതായിരുന്നു സിനിമയുടെ പ്രമേയം. സൂപ്പര്‍സ്റ്റാര്‍ വേഷത്തില്‍ അഭിനയിക്കാന്‍ നിര്‍മ്മാതാക്കള്‍ രജനിയെ സമീപിച്ചെന്നും വാര്‍ത്തയുണ്ടായിരുന്നു.
എന്നാല്‍ രജനി യാതൊരു ഉറപ്പും നല്‌കിയിരുന്നില്ല. 'കുചേലന്‍' പ്രതീക്ഷിച്ച വിജയം നേടാത്ത സാഹചര്യത്തില്‍ വീണ്ടും ഒരു റീമേക്ക് പരീക്ഷണത്തിന് താരം മുതിരാന്‍ സാധ്യതയില്ല.
ഇളയദളപതിയായ വിജയും സൂപ്പര്‍സ്റ്റാറും ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത് തമിഴ് ആരാധകരുടെ സ്വപ്‌നങ്ങള്‍ക്ക് അപ്പുറത്തുള്ള കാര്യമായിരുന്നു. എന്തായാലും പ്രോജക്ട് ഇനി മുന്നോട്ട് പോകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍