ബോളിവുഡിലെ പക്കാ പ്രൊഫഷണലായ റാണിമുഖര്‍ജിക്ക് വ്യത്യസ്തമായ വേഷങ്ങള്‍ പിന്തുടരാനുള്ള ത്വര ഹിന്ദിസിനിമാ രംഗത്ത് പാട്ടാണ്. ഓരോ വേഷവും വെല്ലുവിളിയും വ്യത്യസ്തവും ആകണമെന്നാണ് റാണിയുടെ പക്ഷം. വ്യത്യസ്തത അനുഭവേദ്യമാക്കുന്ന വേഷങ്ങള്‍ക്ക് വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ റാണി തയ്യാറാകുമെന്നത് വേറെ കാര്യം.
ക്രിക്കറ്റ് പഠിക്കുകയാണ് റാണിമുഖര്‍ജി ഇപ്പോള്‍. സൌരവിനെയും ദീപ്ദാസ് ഗുപതയേയും പോലെ ഇന്ത്യന്‍ ക്രിക്കറ്റ് രംഗം കീഴടക്കിയ ബംഗാളി താരങ്ങളുടെ പാത പിന്തുടരാനോ രഞ്ജിട്രോഫി കളിക്കാനോ ആണ് റാണി ബാറ്റിംഗും ബൌളിംഗും പരിശീലിക്കുന്നത് എന്ന് കരുതരുത്. പുതിയ ചിത്രത്തിലെ കഥാപാത്രത്തിനു കൂടുതല്‍ മിഴിവ് വരാനാണത്രെ. യാശ്‌ചോപ്രയുടെ പുതിയ ചിത്രത്തില്‍ ബോളീവുഡ് റാണി അഭിനയിക്കുന്ന വേഷം ക്രിക്കറ്റ് താരത്തിന്‍റേതാണ്.
യുവതാരം ഷാഹിദ് കപൂര്‍ ആദ്യമായി റാണിക്ക് നായകനാകുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. “ പുതിയ വെല്ലുവിളിയേറ്റെടുക്കാന്‍ എനിക്കിഷ്ടമാണ്. ഏതെങ്കിലും സിനിമാതാരം ക്രിക്കറ്റ് കളിച്ചിട്ടുണ്ടോ എന്ന് അറിയില്ല. രണ്ട് മാസമായി ഞാന്‍ ക്രിക്കറ്റ് പരിശീലിക്കുകയാണ്. പ്രൊഫഷണലുകളെ പോലെ അല്ലെങ്കിലും ഇപ്പോള്‍ വിശ്വസനീയമായ രീതിയില്‍ ക്രിക്കറ്റ് കളിക്കാന്‍ എനിക്കാകുന്നുണ്ട്. ” പുതിയ സംരംഭത്തേ കുറിച്ച് റാണിയുടേ അഭിപ്രായം ഇതാണ്.
അടുത്ത ഐ പി എല്ലില്‍ ചേരുന്നോ എന്ന് തമാശചോദ്യത്തിന് അക്കാര്യം തനിക്കറിയില്ല. എന്നാല്‍ ക്രിക്കറ്റ് തീര്‍ച്ചയായും ആസ്വദിക്കുന്നുണ്ടെന്നും പരിശീലനം സ്വിംഗുകള്‍ കൊണ്ട് നിറയുകയാണെന്നും റാണി വ്യക്തമാക്കുന്നു. പുതിയ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയുള്ള ദാഹമാണ് കഷ്ടതകള്‍ പോലും സഹിക്കാന്‍ റാണിയെ പ്രേരിപ്പിക്കുന്നത്. കുനാല്‍ കോലിയുടെ പുതിയ ചിത്രമായ തോഡാ പ്യാര്‍ തോഡാ മാജിക്കില്‍ മാലാഖയുടെ വേഷമാണ് താരത്തിന്.
“കരിയറിന്‍റെ ഈ ഘട്ടത്തില്‍ വേണ്ടത് പുതിയ വെല്ലുവിളികളാണ്. കുനാല്‍ മാലാഖയായി അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ത്രില്ലടിച്ചു. റാണി ഇനി കരയണ്ട എന്ന വിമര്‍ശനം ഇതുകൊണ്ട് അവസാനിക്കും. ആദ്യമായിട്ടാണ് കരച്ചില്‍ ഇല്ലാത്ത ഒരു കഥാപാത്രത്തെ കിട്ടുന്നത്. ” റാണി പറയുന്നു. മാലാഖയ്‌ക്കും ക്രിക്കറ്റ് താരത്തിനും ശേഷം റാണിയുടെ പുതിയ കഥാപാത്രം ഏതായിരിക്കും എന്ന ചോദ്യത്തിനും റാണിക്ക് മറുപടിയുണ്ട്. കല്‍പ്പനാ ചൌളയുടെ വേഷം. റാണി ചിരിക്കുന്നു.