നൃത്തച്ചുവടുകള്‍ക്ക് ഒപ്പിച്ച് പ്രേക്ഷകരുടെ ശ്വാസഗതി നിര്‍ണയിച്ച ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിത് ആളാകെ മാറി. ഒരു കാലത്ത് ചിത്രകാരന്‍ ഹുസൈനിന്‍റെ വര്‍ണ സ്വപ്നമായി പെയ്തിറങ്ങിയ ഇവര്‍ ഇന്ന് മറ്റൊരു മാധുരിയാണ്.
അവാര്‍ഡുകള്‍ എല്ലാവര്‍ക്കും ഒരു ഹരമായിരിക്കാം. എന്നാല്‍, ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ സിവിലിയന്‍ ബഹുമതിയായ പദ്മശ്രീ ലഭിച്ചിട്ടും മാധുരിക്ക് അത്ര വലിയ മാധുര്യമൊന്നും തോന്നുന്നില്ല എന്നതാണ് വാസ്തവം!
അവാര്‍ഡുകള്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല എന്നാണ് പദ്മശ്രീ വാങ്ങാനെത്തിയ മാധുരി പറഞ്ഞത്. പക്ഷേ കുട്ടികള്‍ ഉണ്ടാവണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്, ഒന്നും രണ്ടുമല്ല, ഒരു ഡസന്‍, മാധുരി സ്വതസിദ്ധമായ ചിരിയോടെ പറയുന്നു. ഇക്കാര്യം എന്നും അമ്മയുമായി സംസാരിക്കുമായിരുന്നു. എന്നാല്‍, രണ്ട് കുട്ടികള്‍ ആയപ്പോഴേക്കും മതിയാക്കി, ബോളീവുഡിന്‍റെ സൌന്ദര്യം ചിരിക്കുന്നു.
തന്നെ താനാക്കി നില നിര്‍ത്തുന്നതിനും കുട്ടികള്‍ക്ക് പങ്കുണ്ടെന്ന് മാധുരി പറയുന്നു. അവരുടെ സാന്നിധ്യമാണ് തന്‍റെ ചെറുപ്പം നിലനിര്‍ത്തുന്നത് എന്ന് തുറന്നു പറയാനും അവര്‍ മടിക്കാറില്ല.
“ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് അവാര്‍ഡ് സംബന്ധിച്ച കത്ത് ലഭിച്ചപ്പോള്‍ ഭര്‍ത്താവ് നെനെ പദ്മശ്രീയെ കുറിച്ച് എന്നോട് ചോദിച്ചു. ഞാന്‍ അതെ കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത്ഭുതമായി”, മാധുരി പറയുന്നു.
അഞ്ചും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് മാധുരി. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ഇവര്‍ പദ്മശ്രീ വാങ്ങാന്‍ ഭര്‍ത്താവുമൊത്താണ് നാട്ടിലെത്തിയത്.
|