ഇഷ കോപ്പിക്കറുടെ ‘ലുക്ക്’ മാറ്റണം എന്ന് ആവശ്യപ്പെട്ട് വഴക്കടിച്ച പ്രീതി സിന്‍റ അഞ്ച് മണിക്കൂര്‍ നേരത്തേക്ക് ഷൂട്ടിംഗ് നിശ്ചലമാക്കി. ജാനു ബറുവയുടെ “ഹര്‍ പല്‍” എന്ന ചിത്രത്തിന്‍റെ സെറ്റിലാണ് സംഭവം നടന്നത്.
പതിവുപോലെ സെറ്റിലേക്ക് എത്തിയ പ്രീതി തനിക്ക് നല്‍കിയിട്ടുള്ള അതേ വേഷത്തില്‍ ഇഷ കോപ്പിക്കറിനെ കണ്ടതാണ് പ്രശ്നമായത്. ഒരു ഗാന രംഗത്തിനു വേണ്ടി പ്രീതിക്ക് നല്‍കിയ അതേ രീതിയിലുള്ള കറുത്ത കോട്ടും ബൂട്ടും അണിഞ്ഞ ഇഷയുടെ നില്‍പ്പ് കണ്ട് പ്രീതി ചലനമറ്റ് നിന്നുപോയത്രേ!
ഉടന്‍ തന്നെ സംവിധായകന്‍ ബറുവയെ വിളിച്ചു വരുത്തി പ്രീതി ചൂടായി. ഇത് അനുവദിക്കാന്‍ കഴിയില്ല എന്ന നിലപാടിലായിരുന്നു ഈ പഞ്ചാബി സുന്ദരി. പാവം ബറുവ എന്ത് ചെയ്യാന്‍! ഒടുവില്‍ നിര്‍മ്മാതാവ് ടിറ്റോയെ വിളിച്ചു വരുത്തിയാണ് പ്രശ്നം പരിഹരിച്ചത്.
നിര്‍മ്മാതാവും സംവിധായകനും കൂടി അനുനയന ശ്രമം തുടങ്ങി. ഇത് മുന്‍കൂട്ടി അറിവുള്ള കാര്യമല്ലെന്ന് അവര്‍ പലയാവര്‍ത്തി പറഞ്ഞു. പോരാത്തതിന്, പ്രീതിക്ക് സുരിലി ഗോയലും ഇഷയ്ക്ക് പായല്‍ സലൂജയുമാണ് വസ്ത്രം ഡിസൈന്‍ ചെയ്തത് എന്നു കൂടി പറഞ്ഞപ്പോള്‍ പ്രീതിക്ക് തണുക്കാതെ വശമില്ലാതായി.
അവസാനം പ്രീതി വഴക്ക് കളഞ്ഞ് ഷൂട്ടിംഗിന്‍റെ വഴിയിലെത്തിയപ്പോള്‍ അഞ്ച് മണിക്കൂറാണ് നഷ്ടമായത്. എന്തായാലും “ലുക്ക്” മാറ്റേണ്ടി വരാഞ്ഞത് ഇഷയ്ക്ക് ആശ്വാസമായി.