മീരാജാസ്മിന്‍, നയന്‍താര, കാവ്യമാധവന്‍, ഭാവന തുടങ്ങി കാവ്യയ്ക്ക് ഒപ്പം അല്ലെങ്കില്‍ ശേഷം സിനിമയിലെത്തിയ പല നായികമാരും മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സജീവമായിരിക്കുകയാണ്. എന്നാല്‍, ഗ്ലാമര്‍ വേഷങ്ങള്‍ വേണ്ടെന്ന് പറയുന്ന കാവ്യ മാധവന്‍ മലയാളത്തില്‍ മാത്രം ശ്രദ്ധിക്കുന്നു. ഇപ്പോള്‍ സിദ്ധിഖിന്‍റെ ‘സാധു മിരണ്ടാല്‍’ എന്ന തമിഴ് ചിത്രത്തില്‍ ഒരു പരീക്ഷണത്തിന് മുതിരുകയാണ് കാവ്യ മാധവന്‍-തുറന്നുകാട്ടാതെ തമിഴ് സിനിമാ ആരാധകരുടെയും ആരാധനാപാത്രം ആവാമോ എന്ന്! ഈ ചിത്രത്തിലെ നായികാ കഥാപാത്രമായി അഭിനയിക്കുന്ന കാവ്യ ഒരു ശതമാനം പോലും ഗ്ലാമറസായി അഭിനയിക്കില്ല എന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു.ഒരു കോടി രൂപ പ്രതിഫലം തരാമെന്ന് പറഞ്ഞാലും തുറന്നുകാട്ടുന്ന റോളിന് ഒരുക്കമല്ല- ഗ്ലാമറിനെ കുറിച്ച് കാവ്യയുടെ അഭിപ്രായം ഇങ്ങനെയാണ്. കാവ്യയുടെ കഴിഞ്ഞ 10 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ സൂപ്പര്‍സ്റ്റാറുകളുടെ നായികയായി അഭിനയിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി മമ്മൂട്ടിയുടെ നായികയാവാന്‍ പോവുകയാണ് ഈ കേരളത്തനിമയുള്ള നായിക. ‘ചെമ്പകരാമന്‍’, ‘റിക്ഷാക്കാരന്‍’ എന്നീ ചിത്രങ്ങളിലാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്.കൂടുതലും ദിലീപിന്‍റെ നായികയായി പ്രത്യക്ഷപ്പെട്ടിട്ടുള്ള കാവ്യാമാധവന് മലയാളത്തില്‍ ആരാധകര്‍ ഏറെയാണ്. ഒരു വര്‍ഷം മുമ്പ് ഒരു പ്രമുഖ വാരിക നടത്തിയ അഭിപ്രായ സര്‍വേയില്‍ ഏറ്റവും നല്ല നായികയായി തെരഞ്ഞെടുക്കപ്പെട്ടതും കാവ്യയെ ആയിരുന്നു.