ജയറാം. ഈ താരത്തിന് ഇപ്പോള്‍ പടിയിറക്ക കാലമാണ്. അഭിനയിച്ച എല്ലാം ചിത്രങ്ങളും എട്ടു നിലയില്‍ പൊട്ടുന്നു. ഒരു കാലത്ത് മലയാള സിനിമയില്‍ മിനിമം ഗ്യാരണ്ടിയുള്ള നടനായിരുന്നു ജയറാം. അയലത്തെ പയ്യന്‍റെ ഇമേജായിരുന്നു മലയാളികളുടെ മനസ്സില്‍ ജയറാമിന് ഉണ്ടായിരുന്നത്.
അപരന്‍, മൂന്നാം പക്കം, രാധാമാധവം, ശുഭയാത്ര, മഴവില്‍ക്കാവടി കൃഷ്‌ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, വീണ്ടും ചില വീട്ടു കാര്യങ്ങള്‍ അങ്ങനെ മനസ്സില്‍ ഒരു ഓര്‍മ്മയായി സൂക്ഷിക്കാന്‍ ഒരു പാട് നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ ജയറാം മലയാളികള്‍ക്ക് നല്‍കി.
സിനിമ വൃത്തങ്ങളില്‍ ഒരു കഥ പറഞ്ഞ് കേള്‍ക്കാറുണ്ട്. ഒരിക്കല്‍ സിനിമയില്‍ അഭിനയിക്കണമെന്ന കാര്യം ദിലീപ് സൂചിപ്പിച്ചപ്പോള്‍ ജയറാം പറഞ്ഞത് ‘നിന്‍റെ ഈ കോലം വെച്ചു പോയാല്‍ സംവിധായകന്‍ വല്ല വെയിറ്ററുടെ റോള്‍ തരുമായിരിക്കും’ എന്നായിരുന്നു. കാലം ഇപ്പോള്‍ തിരിഞ്ഞു കൊത്തിയിരിക്കുന്നു. ദിലീപ് ഇന്ന് മലയാളികളുടെ അയലത്തെ പയ്യനാണ്. വിനോദയാത്രയിലെ അഭിനയം വഴി ദിലീപ് ആ സ്ഥാനം ഒന്നു കൂടി ഊട്ടിയുറപ്പിച്ചിരിക്കുന്നു.
ഉറ്റ കൂട്ടുകാരന്‍ രാജസേനന്‍ വഴി ഒരു പാട് നല്ല നായക വേഷങ്ങള്‍ ജയറാമിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, അവസാനമായി രാജ സേനന്‍ ജയറാമിനെ നായകനാക്കി സംവിധാനം ചെയ്‌ത രണ്ട് ചിത്രങ്ങളും പരാജയപ്പെട്ടു( മധുചന്ദ്രലേഖ, കനക സിംഹാസനം).
ഒരു നടന്‍റെ ഏറ്റവും വിജയം എന്നു പറയുന്നത് അയാള്‍ക്ക് എത്രത്തോളം ഓരോ സിനിമ കഴിയുമ്പോഴും സ്വയം നവീകരിക്കാനുള്ള കഴിവുണ്ട് എന്നതാണ്. മലയാള സാംസ്കാരിക്ക ചരിത്രത്തില്‍ ബിംബങ്ങളായി മമ്മൂട്ടിയും, മോഹന്‍ലാലും മാറിയതിന്‍റെ കാരണം അവര്‍ക്ക് ഉണ്ടായിരുന്ന നവീകരണ ശക്തി ഒന്നു കൊണ്ടു മാത്രമാണ്. ജയറാം എന്ന നടന് ഇല്ലാതെ പോയത് ഈ നവീകരണ ശക്തിയാണ്. മോഹന്‍ലാല്‍ ഒരു കഥാപാത്രമായി മാറിയാല്‍ നടത്തത്തിലും, നോട്ടത്തിലും എല്ലാം ആ കഥാപാത്രത്തിന്‍റെ സാന്നിധ്യം ഉണ്ടായിരിക്കും. എന്നാല്‍, ഇങ്ങനെയൊരു വൈഭവം ജയറാം തന്‍റെ സുവര്‍ണ്ണകാലത്തു പോലും പ്രകടിപ്പിച്ചിട്ടില്ല.
തിരിച്ചടി കിട്ടി തുടങ്ങിയപ്പോള്‍ ജയറാം യാതൊരു ചിന്തയുമില്ലാതെ മയിലാട്ടം, അഞ്ചില്‍ ഒരാള്‍ അര്‍ജുനന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങി. ഓടി നടന്ന് കുടുംബത്തിന്‍റെ ചുമതലകള്‍ നടത്തുന്ന നായകന്‍റെ കഥ സിനിമ ഇനിയും ഒരു പാട് കാലം അവതരിപ്പിക്കും. പക്ഷെ, ആ കഥയ്ക്ക് വ്യത്യസ്ത വ്യക്തിത്വം നല്‍കേണ്ട ചുമതല നായകനാണ്.
കുറച്ചു കാലമായി തന്‍റേതായ സംഭാവനകളൊന്നും കഥാപാത്രത്തിന് നല്‍കാന്‍ ജയറാമിന് കഴിയുന്നില്ല. നാട്ടിന്‍പുറത്തെ നന്മകള്‍ നിറഞ്ഞ നായക കഥാ പാത്രത്തെ മലയാള സിനിമ ഒരു പാട് കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാല്‍, ബാലേട്ടനിലെ മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ തന്‍റേതായ മിനുക്കുപണികള്‍ നടത്തി മോഹന്‍ലാല്‍ ഗംഭീരമാക്കി.ജയറാമെന്ന നടന് കഴിയാത്തതും ഇതാണ് സ്വന്തമായി മിനുക്കു പണികള്‍ നടത്തി കഥാപാത്രത്തിന് തിളക്കം നല്‍കാനുള്ള കഴിവ് ഈ നടന് ഇല്ലാതെ പോയി. അതിനാലാണ് ജയറാമിന്‍റെ സിനിമകള്‍ പഴയ കുപ്പിയിലെ പുതിയ വീഞ്ഞായി മാറുന്നത്
|