പ്രധാന താള്‍  വിനോദം  സിനിമ  കാര്യം നിസ്സാരം
 
ഭാഷാ അതിരുകള്‍ കടന്ന് ഭാവന
മലയാളത്തിനും അപ്പുറത്ത് തമിഴില്‍ നല്ല നടിയെന്ന് പേരെടുക്കാന്‍ കഴിഞ്ഞ ഭാവനയ്ക്ക് ഇപ്പോള്‍ കൈ നിറയെ വേഷങ്ങളാണ്. ഇപ്പോള്‍ തെലുങ്കില്‍ നിന്നും കന്നടത്തില്‍ നിന്നും ഒട്ടേറെ ഓഫറുകള്‍ വരുന്നു.

മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരോടൊപ്പം അഭിനയിച്ചു കഴിഞ്ഞ ഭാവന ഇപ്പോള്‍ തമിഴിലും സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിക്കുന്നത് തമിഴ് മാഗസിനുകളുടെയും ചാനലുകളുടെയും ശ്രദ്ധയാകര്‍ഷിക്കുന്നു.

ഭാവനയുടെ നല്ലകാലം

സൂപ്പര്‍ താരങ്ങളായ വിക്രമും ഭാഗ്യരാജും മറ്റും ഇപ്പോള്‍ ഭാവനയെ പുകഴ്ത്തി സംസാരിക്കുന്നു. ഇതെല്ലാം ഭാഗ്യമായി കാണുന്ന ഭാവനയ്ക്ക് ചീത്തപ്പേരുണ്ടാക്കുന്നതില്‍ താല്‍പര്യമില്ല. അതു തന്നെയാണ് ചിലമ്പരശന്‍റെ ചിത്രം നിരസിക്കാന്‍ കാരണവും. ഇന്‍റര്‍നെറ്റിലൂടെ നയന്‍ താരയമൊത്തുള്ള ചിത്രം പുറത്തു വിട്ടതില്‍ പിന്നെ ചിമ്പുവിന്‍റെ സല്‍പ്പേര് കടല്‍ കടന്നിരിക്കുകയാണ്.

മലയാളത്തില്‍ നിന്ന് തമിഴില്‍ എത്തിയെങ്കിലും മറ്റുള്ളവരെ പോലെ ഗ്ളാമറസാവാന്‍ ഭാവനയെ കിട്ടില്ല. അസിനെ പോലെയുള്ളവര്‍ തമിഴകത്ത് ഒന്നാമതെത്തിയത് ഗ്ളാമര്‍ പ്രദര്‍ശനം കൊണ്ടല്ല എന്ന ന്യായീകരണവും ഭാവനയ്ക്കുണ്ട്. അതുകൊണ്ട്, കഥാപാത്രത്തിന് അനുസരിച്ച് മോഡേണ്‍ വേഷങ്ങള്‍ ധരിക്കാന്‍ ഭാവനയ്ക്ക് മടിയില്ല. നായിക എപ്പോഴും സുന്ദരിയായിരിക്കണം എന്ന് നിര്‍ബന്ധമുള്ളവരാണ് തമിഴര്‍. അതിനാല്‍, കൂടുതല്‍ മേക്കപ്പിടേണ്ടിവരും എന്നും ഭാവന പറയുന്നു.

എല്ലാവരോടും ഇടിച്ചു കയറി സംസാരിക്കുന്ന ഭാവനയ്ക്ക് മലയാളത്തിലെന്ന പോലെ തമിഴിലും ഒരുപിടി സുഹൃത്തുക്കളുണ്ട്. സന്ധ്യ, മാധവന്‍, ഭരത് എന്നിങ്ങനെ പോവുന്നു തമിഴിലെ സുഹൃത്തുക്കളുടെ പേരുകള്‍.

മോഹന്‍ലാല്‍ ചിത്രമായ ഛോട്ടാ മുംബൈ ആണ് ഇപ്പോള്‍ റിലീസായ മലയാള ചിത്രം. " പറക്കും ലത' എന്ന ഓട്ടോ ഡ്രൈവറായാണ് ഈ ചിത്രത്തില്‍ ഭാവന വേഷമിട്ടത്.

ഭരതിന്‍റെ നായികയായി " കൂടല്‍ നഗര്‍', മാധവന്‍ ചിത്രമായ "ആര്യ', ജീവ നായകനാവുന്ന "രാമേശ്വരം', ബാല സംവിധാനം ചെയ്യുന്ന "നാന്‍ കടവുള്‍' എന്നിവയാണ് ഭാവനയുടെ പുതിയ ചിത്രങ്ങള്‍.