മോഹന്‍ലാല്‍ പറയുന്നതില്‍ കാര്യമില്ലേ?

WEBDUNIA|
PRO
സത്യം വിളിച്ചു പറയുന്നതില്‍ മലയാളത്തിന്‍റെ സൂപ്പര്‍താരങ്ങള്‍ ഏറെ മുന്നിലാണ്. വസ്തുതകള്‍ വെട്ടിത്തുറന്നു പറയാന്‍ അവര്‍ കാട്ടുന്ന ആര്‍ജ്ജവം അഭിനന്ദനീയമാണ്. അന്യഭാഷാ ചിത്രങ്ങളുടെ വലിയ ഒഴുക്ക് തടയേണ്ടതാണെന്ന മോഹന്‍ലാലിന്‍റെ പ്രസ്താവന കഴിഞ്ഞ ദിവസം ഏറെ പ്രാധാന്യത്തോടെ മാധ്യമങ്ങള്‍ നല്‍കിയിരുന്നു. ലാല്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ ബോക്സോഫീസ് നിലവാരം പരിശോധിച്ചാല്‍ മതിയാകും.

‘അവതാര്‍’ എന്ന ഹോളിവുഡ് ബ്രഹ്മാണ്ഡചിത്രം ഇന്ത്യന്‍ സിനിമകളെയാകെ വിഴുങ്ങുന്നതാണ് കാണാനാകുന്നത്. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ അവതാര്‍ ഇന്ത്യയില്‍ നിന്ന് വാരിക്കൂട്ടിയത് 70 കോടി രൂപയാണ്. ടൈറ്റാനിക്കിന്‍റെയും 2012ന്‍റെയും കളക്ഷന്‍ ചരിത്രമാണ് അവതാര്‍ പഴങ്കഥയാക്കിയത്. ടൈറ്റാനിക് പത്തുവര്‍ഷം മുമ്പ് ഇന്ത്യയില്‍ നിന്ന് ആകെ കരസ്ഥമാക്കിയ 55 കോടി രൂപയുടെ റെക്കോര്‍ഡാണ് ദിവസങ്ങള്‍ക്കുള്ളില്‍ അവതാര്‍ മറികടന്നത്.

അതേസമയം, ലോകമൊട്ടാകെ നിന്ന് അവതാര്‍ മൂന്നാഴ്ച കൊണ്ട് 100 കോടി ഡോളര്‍ സ്വന്തമാക്കി. ഈ ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് 15 കോടി രൂപയാണ് നേടിയത്. അതായത് തെലുങ്കിലെ സൂപ്പര്‍താര ചിത്രങ്ങളെക്കാള്‍ മികച്ച ഇനിഷ്യല്‍ കളക്ഷനാണ് അവതാര്‍ അടിച്ചെടുത്തതെന്ന് സാരം.

ബോളിവുഡിലാണെങ്കില്‍ അവതാറിനോട് പിടിച്ചുനില്‍ക്കുന്നത് അമീര്‍ ഖാന്‍റെ ‘ത്രീ ഇഡിയറ്റ്സ്’ മാത്രം. മലയാളത്തിലെ കാര്യവും പറയേണ്ടതില്ല. ചട്ടമ്പിനാട്, ഇവിടം സ്വര്‍ഗമാണ് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഉള്ളതിനേക്കാള്‍ ജനക്കൂട്ടമാണ് അവതാര്‍ പ്രദര്‍ശിപ്പിക്കുന്ന കേന്ദ്രങ്ങളില്‍. അവതാറിന് ടിക്കറ്റ് കിട്ടാതെ ആയിരങ്ങളാണ് ദിവസവും കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് മടങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇനി പറയൂ. മോഹന്‍ലാല്‍ പറഞ്ഞത് സത്യമല്ലേ? അന്യഭാഷാ ചിത്രങ്ങളെ ആവശ്യത്തിലധികം പ്രോത്സാഹിപ്പിക്കുന്നത് നമ്മുടെ സിനിമകളെ പ്രതികൂലമായി ബാധിക്കില്ലേ? ഏറ്റവും കുറഞ്ഞത്, മലയാള സിനിമകളുടെ റിലീസ് ദിവസങ്ങളില്‍ അന്യഭാഷാ ചിത്രങ്ങളുടെ റിലീസ് അനുവദിക്കാതെയിരിക്കുകയെങ്കിലും ചെയ്യാവുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :