സ്പൈഡര്‍മാന്‍, അയേണ്‍മാന്‍ എന്നീ കോമിക് കഥാപാത്രങ്ങളെ വെച്ച് ബ്രഹ്മാണ്ഡ സിനിമകള്‍ നിര്‍മിച്ച ഡിസ്നി ഇപ്പോള്‍ ഇന്ത്യന്‍ പുരാണങ്ങളിലേക്ക് ഊളയിട്ട് സിനിമകള്‍ നിര്‍മിക്കാന്‍ തയ്യാറെടുക്കുന്നു. ഇന്ത്യന്‍ പുരാണേതിഹാസമായ മഹാഭാരതത്തിലെ ദയാലുവും ധീരനും മികവുറ്റ പോരാളിയുമായ കര്‍ണനെയാണ് ഡിസ്നി വെള്ളിത്തിരയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നത്. ഇതിനായി വിമാനികാ കോമിക്സ് എന്ന ഇന്ത്യന്‍ പബ്ലിക്കേഷന്‍ ഹൌസുമായി ഡിസ്നി കരാറില്‍ ഒപ്പിട്ടുകഴിഞ്ഞു.
ഇലിയഡും ഒഡീസിയും ബൈബിളുമടക്കം ലോകത്തിലെ പുരാണേതിഹാസങ്ങളെല്ലാം ഇംഗ്ലീഷ് സിനിമയുടെ കഥാതന്തുക്കളായി കഴിഞ്ഞു. ഫാന്റവും മാന്‍ഡ്രേക്കും പോലുള്ള കോമിക് കഥാപാത്രങ്ങളും പലമുറ വെള്ളിത്തിരയില്‍ എത്തിക്കഴിഞ്ഞു. കുട്ടികളേയും മുതിര്‍ന്നവരെയും ഒരുപോലെ രസിപ്പിക്കുന്ന കഥകള്‍ക്കായുള്ള അന്വേഷണമാണ് ഡിസ്നിയെ ഇന്ത്യന്‍ പുരാണേതിഹാസങ്ങളിലേക്ക് എത്തിച്ചത്.
എണ്ണിയാലൊടുങ്ങാത്ത കഥകളുടെ ഖനികളാണ് ഇന്ത്യന്‍ പുരാണേതിഹാസങ്ങള്‍. മഹാഭാരതത്തിലെയും രാമായണത്തിലെയും ഓരോ കഥാപാത്രങ്ങളും മിഴിവുറ്റ ഓരോ കഥകള്‍ അനാവരണം ചെയ്യുന്നവരാണ്. കഥകളും ഉപകഥകളും കെട്ടുപിണഞ്ഞ് കിടക്കുന്ന ഇന്ത്യന്‍ പുരാണേതിഹാസങ്ങള്‍ ആഗോള പ്രേക്ഷകരെ ആകര്‍ഷിക്കുമെന്ന് ഡിസ്നി കണ്ടറിഞ്ഞിരിക്കുന്നു. ഒപ്പം, ലോകത്തിലെ ഏറ്റവും വലിയ സിനിമാ മാര്‍ക്കറ്റായ ഇന്ത്യയിലെ പ്രേക്ഷകരെയും പിടിച്ചടക്കാം.
കര്‍ണനില്‍ തുടങ്ങി ഒരു വലിയ പരമ്പരയ്ക്കാണ് ഡിസ്നി ലക്‌ഷ്യമിടുന്നത്. അര്‍ജ്ജുനനും ദ്രോണരും ഹനുമാനുമൊക്കെ സിനിമകളായി നമ്മുടെ മുന്നിലെത്താന്‍ അധികകാലം എടുക്കില്ലെന്ന് സാരം. പുരാണേതിഹാസങ്ങളിലെ കഥാപാത്രങ്ങളുടെ കഥ രൂപപ്പെടുത്താനാണ് വിമാനികാ കോമിക്സുമായി ഡിസ്നി കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. ഇന്ത്യന്‍ പുരാണേതിഹാസങ്ങളെ ചിത്രകഥകളായി ഇംഗ്ലീഷ് ഭാഷയില്‍ ഇന്ത്യയിലും വിദേശത്തും വില്‍ക്കുന്ന കമ്പനിയാണ് വിമാനിക.
സ്പൈഡര്‍മാന്‍, അയേണ്‍മാന്‍ എന്നീ സിനിമകളെ പോലെ തന്നെ, താരങ്ങളെ അഭിനയിപ്പിച്ചായിരിക്കുമോ കര്‍ണന്‍ അടക്കമുള്ള സിനിമകള്‍ ഡിസ്നി എടുക്കുന്നത് എന്ന് അറിയില്ല. സാങ്കേതികവിദ്യയുടെ സഹായത്താല്‍ നമ്മുടെ പുരാണേതിഹാസങ്ങളെ ഡിസ്നി വെള്ളിത്തിരയില്‍ എത്തിക്കുമ്പോള്‍ നമ്മുടെ താരങ്ങള്‍ക്കും ഈ സിനിമകളില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയേക്കാം.